കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
ആലുവയില്‍ ഹാജരാവനാണ് നിര്‍ദേശം. കേസിലെ പ്രധാന സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിനെയും കാവ്യക്ക് ഒപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. കാവ്യക്കെതിരായ ഓഡിയോ ക്ലിപ്പുകള്‍ ക്രൈബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക.
കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതേസമയം നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണ്‍ സംഭാഷണമടക്കം കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിക്ക് കൈമാറി.

















