കൊച്ചി: കാറിലിടിച്ച് നിർത്താതെ പോയ കെഎസ്ആർടിസി (KSRTC) ബസ് പിന്തുടർന്ന് പിടികൂടി ആലുവ ജോയിൻറ് ആർടിഒ. വടക്കൻ പറവൂർ-ആലുവ റൂട്ടിൽ ഒടുന്ന കെഎസ്ആർടിസി ബസ് ഡ്രൈവറാണ് വഴി നൽകാത്ത ദേഷ്യത്തിൽ ജോയിൻറ് ആർടിഒ സലിം വിജയകുമാറിൻറെ കാറിൽ ഇടിച്ച് നിർത്താതെ പോയത്. ഡ്രൈവർക്കെതിരെ കേസ് എടുത്തു.
സജീവൻ എന്ന കെഎസ്ആർടിസി ഡ്രൈവറെ ആലുവ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആളറിയാതെ ബസ് ഡ്രൈവർ ജോയിൻറ് ആർടിഒയോട് ആക്രോശിച്ചതായും പരാതിയുണ്ട്. കാറിലിടിച്ച് നിർത്താതെ പോയ ബസിനെ പിന്തുടർന്ന് തടഞ്ഞുനിർത്തിയപ്പോൾ, താൻ പോയി കേസ് കൊടുത്തോ എന്നായിരുന്നു കെ എസ് ആർ ടി സി ഡ്രൈവർ ആളറിയാതെ ജോയിൻറ് ആർടിഒയോട് കയർത്തുവെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച പറവൂരിലെ ഫിറ്റ്നസ് ടെസ്റ്റ് മൈതാനത്ത് നിന്ന് ആലുവ സ്റ്റേഷനിലുള്ള ഓഫീസിലേക്ക് കാറിൽ വരുകയായിരുന്നു ജോയിൻറ് ആർ ടി ഒ. ഈ സമയം പിന്നാലെ വന്ന ബസ് ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചു.
എന്നാൽ കാറിന് മുന്നിൽ പോയ ബൈക്ക് യാത്രികൻ യു ടേൺ എടുക്കുന്നതിനായി കാർ നിർത്തി കൊടുക്കേണ്ടിവന്നു. ഈ സമയവും ബസ് ഡ്രൈവർ നിരന്തരം ഹോൺ മുഴക്കിക്കൊണ്ടിരുന്നു. പിന്നീട് ഗതാഗത കുരുക്കിൽ അകപ്പെട്ടപ്പോഴും പിന്നാലെ നിർത്താതെ ഹോൺ അടിച്ചുകൊണ്ടിരുന്നു.
ഇതോടെ ജോയിൻറ് ആർടിഒ കാറിൽനിന്ന് ഇറങ്ങി കെ എസ് ആർ ടി സി ഡ്രൈവറോട് സംസാരിച്ചു. വാഹനം ഗതാഗതകുരുക്കിൽ കിടക്കുമ്പോൾ ഹോൺ അടിച്ചിട്ട് കാര്യമില്ലെന്ന് പറയുകയും ചെയ്തു.
















