കോഴിക്കോട്: സൈക്കിൾ ചോദിച്ചതിന് ഒൻപതു വയസുള്ള മകളെയും ഭാര്യയെയും ക്രൂരമായി മർദിച്ച് പിതാവ്. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ഷാജിയാണ് ഭാര്യ ഫിനിയയെയും മകളെയും ക്രൂരമായി മർദിച്ചത്. സംഭവത്തിൽ ഷാജിക്കെതിരെ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.
ഗുരുതരമായി പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്ത കുട്ടിയെയും മാതാവും ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ ശിശുക്ഷേമ സമിതി റിപ്പോർട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
സൈക്കിൾ വേണമെന്ന് കുഞ്ഞ് ആവശ്യപ്പെട്ടപ്പോൾ ആദ്യം വാങ്ങിക്കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. വീണ്ടും ചോദിച്ചപ്പോൾ കവിളത്തടിക്കുകയും ഉമ്മയുടെ വീട്ടുകാരോട് ചോദിക്കാൻ ആവശ്യപ്പെട്ടു. വീട്ടിൽനിന്ന് ഇറങ്ങിപ്പോയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി.
വൈകീട്ട് വീണ്ടും എത്തിയ ഇയാൾ കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു. കൈ ഒടിക്കുകയും ചെയ്തു. മാതാവിൻറെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലുമെല്ലാം ക്രൂരമായി മർദിച്ചു. ചെവി കടിച്ചുപറിക്കുകയും ചെയ്തു. ആദ്യം താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ കൊണ്ടുപോകുകയും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു.
















