നടിയെ ആക്രമിച്ച കേസിൽ പുതിയ പുതിയ വെളിപ്പെടുത്തലുകളും തെളിവുകളുമാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ദിലീപിന് കുരുക്ക് മുറുകുന്നു എന്ന വാർത്തകളുടെ ഒരു പെരുമഴതന്നെ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടയ്ക്കാണ് അപ്രദീക്ഷിതമായി കേസ് മലയാളത്തിലെ പ്രമുഖ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനിലേക്ക് എത്തുന്നത്. നടിയെ ആക്രമിച്ച കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാവ്യ മാധവന് നോട്ടീസ് നൽകിയിരിക്കുകയാണ് അന്വേഷണ ഉദോഗസ്ഥർ. തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യലിന് ഹാജരാകേണ്ടത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യൽ നടക്കുക.
കേസിലെ ഗൂഡാലോചനയിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉള്‍പ്പടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ നൽകിയത്. ഇതിന് പിന്നാലെയാണ് കാവ്യക്ക് തിങ്കളാഴ്ച പതിനൊന്ന് മണിക്ക് ഹാജരാകാൻ നോട്ടീസ് നൽകിയത്. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭർത്താവ് സുരാജ് പറയുന്നത്. വധ ഗൂഡാലോചന കേസിലെ വിഐപി എന്നറിയിപ്പെടുന്ന പ്രതി ശരത്തുമായി നടത്തിയതാണ് ഈ നിർണ്ണായക സംഭാഷണം.
സുരാജിന്‍റെ ഫോണിൽ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറൻസിക് പരിശോധനയിലാണ് വീണ്ടെടുത്തത്. കേസില്‍ കാവ്യാ മാധവനെ ചോദ്യംചെയ്യണമെന്ന് പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം ഈ മാസം 15 ന് മുമ്പ് പൂർത്തിയാക്കാനായിരുന്നു ഹൈക്കോടതി നിർദേശിച്ചിരുന്നത്. എന്നാൽ ഡിജിറ്റൽ തെളിവുകളിൽ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമായതിനാൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്.
പുറത്ത് വന്ന ശബ്ദരേഖയിലുള്ളത് ഇങ്ങനെ; ‘വെറുതെ ആള്‍ക്കാര് പറയുന്നത് കേട്ടുകൊണ്ട് ചേട്ടാ.. കേസില്‍ വാലിഡായിട്ടുള്ള എവിഡന്‍സും പോയിന്റ്‌സും എല്ലാം നമ്മുടെ കൈയ്യില്‍ വേണം. വളരെ സെന്‍സേഷണലായ കേസില്‍ ഒരു ലോജികും ഇല്ലാതെ എന്നെയങ്ങ് വിട്ടേക്ക് എന്നെയങ്ങ് വിട്ടേക്ക് എന്നും പറഞ്ഞ് കൊടുത്താല്‍ അവരങ്ങ് വിടുമോ? ഇല്ല. അപ്പോള്‍ അതില് എന്തെങ്കിലും സ്‌ട്രോങ് സപ്പോര്‍ട്ടിങ് ഡോക്യുമെന്റ്‌സ് കൊടുക്കാതെ എന്നെയങ്ങ് ഒഴിവാക്കെന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല. സാധാരണക്കാരായ ആള്‍ക്കാര്‍ കേള്‍ക്കുമ്പോ ചുമ്മാ ഇത് കേസ് വലിച്ചുനീട്ടാനുള്ള പരിപാടിയാണെന്ന് വിചാരിക്കും. കേസ് ട്രയലിന് പോകാതെ ഡിസ്ചാര്‍ജ് ഡിസ്ചാര്‍ജ് എന്ന് പറഞ്ഞ് നമ്മള് കേസ് ഡിലേയാക്കുന്നു എന്നു പറയും. ആരായാലും അങ്ങിനെയല്ലേ വിചാരിക്കൂ?.”
‘എന്തായാലും പുള്ളിയുടെ ഒരു കാര്യം ശരിയാണ്, പെട്ടുപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇത് ശരിക്കും പറഞ്ഞാല്‍ എന്റെ ശരത് ഭായീ ഇത് മറ്റവര്‍ക്ക് വെച്ചിരുന്ന സാധനമാണ്. ഞാനിത് മിനിഞ്ഞാന്ന് ഇരുന്ന് ഒരുപാട് ഇതൊക്കെ വായിച്ചതാണ്. കാവ്യയെ കുടുക്കാന്‍ അവരുടെ കൂട്ടുകാരികളെല്ലാം കൂടെ പണി കൊടുത്തപ്പോള്‍, തിരിച്ച് ഇവള്‍ക്കൊരു പണി കൊടുക്കണം എന്നും പറഞ്ഞ് കൊടുത്ത സാധനമാണ്. അതില് ചേട്ടന്റെ സംഭവമേയില്ല. ജയിലീന്ന് വന്ന കോളില്ലേ. അത് നാദിര്‍ഷ എടുത്തേന് ശേഷം മാത്രമാണ് കേസ് ചേട്ടനിലേക്ക് തിരിയുന്നത്. ഇല്ലെങ്കില്‍ കാവ്യ തന്നെയായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. കാവ്യയെ കുടുക്കാന്‍ വെച്ച സാധനത്തില്‍ ചേട്ടന്‍ അങ്ങോട്ട് കേറി ഏറ്റുപിടിച്ചതാണ്.’
‘ചേട്ടന് അങ്ങനെയൊന്ന് വേണമെന്നുണ്ടെങ്കില്‍ ഡി സിനിമാസ് എന്നും പറഞ്ഞ്, എല്ലാവര്‍ക്കും കേറിയിറങ്ങി നടക്കാവുന്ന സ്ഥാപനം ചാലക്കുടിയിലുണ്ട്. ഗ്രാന്റ് പ്രൊഡക്ഷന്‍ ഓഫീസ് എറണാകുളത്ത് ഉണ്ട്. അനൂപ് താമസിക്കുന്നത് അവിടെ. ചേട്ടന് അവിടെയുണ്ടെന്ന് അറിയാം. ചേട്ടനെ കാണാന്‍ പോകാന്‍ ഒരു പാടുമില്ല. ഇത്രേം ഒഴിവാക്കിയിട്ട് എന്തുകൊണ്ട് ലക്ഷ്യയില്‍ പോയി? അനൂപ് പറഞ്ഞത് കറക്ടാ. ഇത് കാവ്യയും ഇവരെല്ലാം കൂടെ കൂട്ടുകൂടി നടന്നിട്ട്, അവരെ കൂട്ടുകാരിയെയും വലിപ്പിച്ചിട്ട്, എനിക്കൊന്നൂല്ല എന്റെയങ്ങനെയാണെന്നൊക്കെ പറഞ്ഞിട്ട്, കെട്ടിക്കൊണ്ട് പോയപ്പോ ഇവര്‍ക്കൊക്കെ തോന്നിയ ഒരു വൈരാഗ്യം. കാവ്യക്കൊരു പണി കൊടുക്കണം എന്ന് വെച്ചതിലിതാണ്. പുള്ളി അതങ്ങോട്ട് സമ്മതിക്കാന്‍ പുള്ളിക്ക് വല്യ മടിയാ. അവരുടെ വിചാരമെന്താണ്, അവരെന്തോ വലിയ സംഭവമാണ് ഇത് ചേട്ടന്റെ സമയദോഷമാണെന്നാണ്’ എന്നും ശബ്ദരേഖയില്‍ പറയുന്നു.
നിലവിൽ ചെന്നൈയിലാണ് കാവ്യ ഇപ്പോൾ ഉള്ളത്. തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ താരം ഹാജരാകുമെന്നാണ് അറിയുന്നത്. കേസിന്റെ തുടക്കം മുതൽ ദിലീപിനെ പ്രതി ചേർത്ത് വന്നിരുന്ന വാർത്തകൾക്കിടെ പലപ്പോഴും കാവ്യയുടെ പേരും പങ്കും ചർച്ചയായിരുന്നു. എന്നാൽ, ഇപ്പോൾ അന്വേഷണ സംഘം കാവ്യയെ സംശയ നിഴലിൽ നിറുത്തിയിരിക്കുന്നത് പ്രധാനമായും അഞ്ച് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത് അനുസരിച്ചായിരിക്കും കാവ്യയ്‌ക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുന്നതും.
1. കൂട്ടുകാരികൾ നൽകിയ പണിക്ക് തിരിച്ച് കൊടുത്ത പണിയാണിതെന്നാണ് സുരാജ് ശരത്തുമായി നടത്തിയ ശബ്ദസന്ദേശത്തിൽ പറയുന്നത്.
2. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കാഡ് ചെയ്ത് അന്വേഷണസംഘത്തിന് കൈമാറിയ ശബ്ദരേഖയിൽ ഒരു സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച
താണ് താൻ ശിക്ഷയനുഭവിക്കാൻ കാരണമെന്ന് ദിലീപ് പറയുന്നു.
3. മാഡം സിനിമാമേഖലയിൽ നിന്നുള്ളയാളാണെന്ന് ഒന്നാം പ്രതി പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. മാഡത്തിന് പങ്കില്ലെന്ന് സുനി പിന്നീട് പറഞ്ഞു. മാഡം കാവ്യയാണെന്ന് സംശയമുണ്ട്
4. പത്മസരോവരം വീട്ടിൽവച്ച് ദിലീപുൾപ്പടെ ആറംഗസംഘം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുമ്പോൾ കാവ്യയുമുണ്ടായിരുന്നു. ശരത്തിനെ ഇക്കയെന്ന് വിളിച്ചതും കാവ്യയാണ്
5. നടിക്കെതിരെ ആക്രമണം നടക്കുമ്പോൾ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു കേസിലെ മുഖ്യസാക്ഷി സാഗർ. പ്രതി വിജീഷ് ലക്ഷ്യയിൽ എത്തിയത് കണ്ടതായി സാഗർ മൊഴി നൽകിസാഗർ പിന്നീട് മൊഴിമാറ്റിയത് കാവ്യയുടെ സ്വാധീനത്താലാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കാവ്യയുടെ ഡ്രൈവർ സുനീറും സാഗറും ആപ്പുഴയിലെ റിസോർട്ടിൽ താമസിച്ചതിന്റെ രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ഈ അഞ്ച് കാര്യങ്ങൾക്കുള്ള ഉത്തരമാകും പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥർ കാവ്യയിൽ നിന്നും ചോദിച്ചറിയുക. എന്തായാലും വരും ദിവസങ്ങൾ കാവ്യക്ക് നിർണ്ണായകമാണ്..