തിരുവല്ല: അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയും കനത്ത കാറ്റും പത്തനംതിട്ട ജില്ലയുടെ പ്രധാന നെല്ലറയായ അപ്പർകുട്ടനാട്ടിലെ കർഷകരെ കണ്ണീരിലാഴ്ത്തുന്നു. നെൽകൃഷിയുടെ തുടക്കം മുതൽ ഇത്തവണയേറ്റ തിരച്ചടി ഒടുക്കം വേനൽമഴയുടെ രൂപത്തിലും കർഷകരെ ദുരിതത്തിലാക്കുകയാണ്.
കഴിഞ്ഞ നാലുദിവസമായി പെയ്യുന്ന കനത്ത മഴയിൽ മേഖലയിലെ ഒട്ടുമിക്ക പാടങ്ങളിലും കൊയ്ത്തിന് പാകമായ നെൽച്ചെടികൾ വീണുകിടക്കുകയാണ്. 80 മുതൽ 120 ദിവസം വരെ പ്രായമായ നെൽച്ചെടികളുള്ള പാടശേഖരങ്ങളാണ് പ്രധാനമായും പ്രതിസന്ധി നേരിടുന്നത്.
നാലുദിവസമായി മേഖലയിൽ മാറിമാറി മഴപെയ്യുന്നു. രണ്ടുവട്ടം കനത്ത മഴയാണ് പെയ്തത്. ദിവസവും മഴക്ക് അകമ്പടിയായി കാറ്റും എത്തി.
ജില്ലയിലെ നെല്ലുൽപാദനത്തിൻറെ 70 ശതമാനവും പെരിങ്ങര, കടപ്ര, നിരണം, നെടുമ്പ്രം പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽനിന്നാണ് ലഭിക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളുടെ ഗണത്തിലുളള പടവിനകം എ, ബി, വേങ്ങൽ ഇരുകര, കൈപ്പാല കിഴക്ക്, കൈപ്പാല പടിഞ്ഞാറ്, വേങ്ങൽപാടം, കരിച്ചെമ്പ്, തോട്ടു പുറം, അഞ്ചടി വേളൂർമുണ്ടകം തുടങ്ങിയ പാടങ്ങൾ ഒരാഴ്ച കഴിയുമ്പോൾ വിളവെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് മഴയെത്തിയത്. 115 ദിവസം വിളവുവേണ്ട ‘ജ്യോതി’ വിത്താണ് ഇവിടെ വിതച്ചത്. നൂറുദിവസം പിന്നിട്ടു.