ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആലിയ ഭട്ട് – രൺബീർ കപൂർ വിവാഹം ഈ മാസം 14-ന് നടക്കുമെന്ന് സ്ഥിരീകരിച്ച് ബന്ധു. ആലിയയുടെ അമ്മാവൻ റോബിൻ ഭട്ടാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നാല് ദിവസം നീണ്ടു നിൽക്കുന്ന ഗംഭീര ചടങ്ങാകും വിവാഹമെന്നാണ് റിപ്പോർട്ടുകൾ.
ബാന്ദ്രയിലെ രൺബീറിന്റെ വീട്ടിൽ വച്ച് തികച്ചും സ്വകാര്യ ചടങ്ങായി വിവാഹം നടത്തും. 13-നാണ് ആലിയയുടെ മെഹന്ദി ആഘോഷം. ബോളിവുഡിലെ പ്രശസ്ത ഡിസൈനറായ സഭ്യസാച്ചിയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്. അനുഷ്‌ക ശർമ, ദീപികാ പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹദിനത്തിൽ അണിഞ്ഞത് സഭ്യസാച്ചി ഒരുക്കിയ വസ്ത്രങ്ങളാണ്. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വേഷങ്ങളാവും അണിയുക.
അന്തരിച്ച ബോളിവുഡ് നടൻ ഋഷി കപൂറിന്റെയും നടി നീതുസിങ്ങിന്റെയും മകനാണ് രൺബീർ. സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ. 2017ൽ ഇരുവരും ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ സെറ്റിൽ വെച്ചാണ് ഇവർ പ്രണയത്തിലായത്. 2018 മെയ് മാസത്തിൽ നടി സോനം കപൂറിന്റെ വിവാഹ സൽക്കാരത്തിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ പ്രണയം പരസ്യമായി. പിന്നീട് രൺബീർ ഒരു അഭിമുഖത്തിൽ ആലിയയുമായി ഡേറ്റിംഗിലാണെന്ന് സ്ഥിരീകരിച്ചിരുന്നു.