കൊളത്തൂർ: തെക്കൻ പാങ്ങിൽ നിയന്ത്രണം വിട്ട ചരക്കുലോറി മറിഞ്ഞ് കാൽനടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. തെക്കൻപാങ്ങ് ചെട്ടിപ്പടി തെക്കേപ്പാട്ട് ശ്രീധരൻ നായരാണ് (64) മരിച്ചത്. ഇന്നലെ രാവിലെ 9.30ഓടെ പാങ്ങ് എടയൂർ റോഡിൽ ചെട്ടിപ്പടിയിലാണ് അപകടം. തമിഴ്‌നാട്ടിലെ തൂത്തുകുടിയിൽനിന്ന് തണ്ണിമത്തനുമായി മഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ചരക്കുലോറിയാണ് അപകടത്തിൽ പെട്ടത്.
നിയന്ത്രണംവിട്ട ലോറി കാൽനടയാത്രക്കാരന്റെ ദേഹത്തേക്കാണ് മറിഞ്ഞത്. ലോറിക്കടിയിൽപ്പെട്ട ശ്രീധരൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ലോറി നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്. റോഡിനോട് ചേർന്നുള്ള മതിൽ തകർത്ത് വീടിന്റെ മുറ്റത്തേക്കാണ് ലോറി മറിഞ്ഞത്. സംഭവ സമയം വീടിനു മുന്നിൽ ആളുകൾ ഇല്ലാത്തതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.
പരേതനായ മാണിക്കുന്നത് നാരായണൻ നായരാണ് ശ്രീധരന്റെ അച്ഛൻ.അമ്മ, പരേതയായ പാർവതി അമ്മ. ഭാര്യ-സുനന്ദ മക്കൾ.ആരതി,അഞ്ജന മരുമക്കൾ.രാജേന്ദ്രൻ പൂക്കാട്ടിരി ജിഎസ്ടി വിഭാഗം ഉദ്യോഗസ്ഥൻ, അജീഷ് പത്തിരിപ്പാല ആർമി ഉദ്യോഗസ്ഥൻ.