ഇന്ന് ഏപ്രിൽ 7. ലോകാരോഗ്യ ദിനം. കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും ലോകം മോചനം നേടുന്ന വേളയിലാണ് ഇക്കുറി ലോകാരോഗ്യ ദിനം കടന്നുവരുന്നത്. ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണത്തിന്റെ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്. ആരോഗ്യ സംബന്ധിയായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള ആളുകളുടെ പ്രത്യേക ആരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് അനുസൃതമായി വർഷം തോറും ദിനം ആഘോഷിക്കുന്നു.
ലോകാരോഗ്യ സംഘടന 1948 ൽ ആദ്യത്തെ ആരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ ദിന പ്രചാരണം ആരംഭിക്കുകയും 1950 ൽ ആചരിക്കുകയും ചെയ്തു. ഭൂമിയും പ്രകൃതിയും മലിനമാക്കപ്പെടുമ്പോൾ ശ്വാസകോശരോഗങ്ങൾ, ക്യാൻസർ, ഹൃദ്രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ വർദ്ധിക്കുമെന്നുള്ളത് ശാസ്ത്രീയമായി തന്നെ പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 1948 ഏപ്രിൽ 7-ന് പ്രാബല്യത്തിൽ വന്ന ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ ഔദ്യോഗിക പ്രവർത്തനങ്ങളിലൊന്നാണ് ലോകാരോഗ്യ ദിനം. ആദ്യത്തെ ലോകാരോഗ്യ ദിനം 1949 ജൂലൈ 22-ന് ആചരിച്ചു, പിന്നീട് തീയതി ഏപ്രിൽ 7-ലേക്ക് മാറ്റി.
1945 ൽ ഐക്യരാഷ്ട്ര സമ്മേളനത്തിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ സൃഷ്ടി നോക്കേണ്ടത് പ്രധാനമാണ്. ആരോഗ്യ വിഷയങ്ങൾ ചർച്ച ചെയ്യാൻ മാത്രം പ്രതിജ്ഞാബദ്ധമായ ഒരു പുതിയ സ്വതന്ത്ര സംഘടന സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രമേയം പാസാക്കി. 1948 ഏപ്രിൽ 7 ന് ലോകാരോഗ്യ സംഘടന ആരംഭിക്കുന്നതിനുള്ള കരാറിൽ 61 രാജ്യങ്ങൾ ഒപ്പുവച്ചു. ലോകമെമ്പാടുമുള്ള ആളുകളെ അലട്ടുന്ന നിലവിലുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും ലോകാരോഗ്യ ദിനം ആഘോഷിക്കുന്നത്. ആളുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനുള്ള അവസരമായും ഈ ദിനം ആചരിച്ച് വരുന്നു. സാർവത്രിക ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യം പൊതു സമൂഹത്തിന് മനസ്സിലാക്കുക എന്നതായിരുന്നു ദിനാചരണ ലക്ഷ്യം.
മനുഷ്യ വംശത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ആരോഗ്യമുള്ള ഭൂമി, ശുദ്ധമായ വായു, ശുദ്ധമായ ജലം എന്നിവ അത്യന്താപേക്ഷിതമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായ പാരിസ്ഥിതിക ആഘാതങ്ങള്‍, ചുഴലിക്കാറ്റ്, ഉഷ്ണ തരംഗങ്ങള്‍, ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങള്‍ ഇന്ന് ലോകത്തെമ്പാടും നിത്യസംഭവമായി മാറിയിട്ടുണ്ട്. ആഗോളതലത്തില്‍ മാത്രമല്ല കേരളത്തിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല പകര്‍ച്ചവ്യാധികളുടെയും ജന്തുജന്യ രോഗങ്ങളുടെയും വര്‍ദ്ധനവിന്റെ ഒരു പ്രധാന കാരണം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണെന്ന് കണക്കാക്കപ്പെടുന്നുണ്ട്. ലോകത്ത് ഇന്നു സംഭവിക്കുന്ന 13 ദശലക്ഷം മരണങ്ങളുടെയും കാരണം ഇത്തരത്തില്‍ ഒഴിവാക്കുവാന്‍ കഴിയുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്.
കേരളത്തിലെ ആധുനിക ചികിത്സാരംഗം
ബ്രിട്ടീഷുകാരുടെ ആവശ്യങ്ങൾ നിറവേറ്റാനായിരുന്നു ആധുനിക ചികിത്സ തിരുവിതാംകൂറിൽ തുടക്കം കുറിച്ചത്. തുടർന്ന് കേരളത്തിലെ മറ്റു നാട്ടുരാജ്യങ്ങളിലും ഇത് പ്രയോഗിച്ചു. നാട്ടുചികിത്സയിൽ പരിഹാരമില്ലാത്ത കോളറ, വസൂരി, അതിസാരം, മലേറിയ രോഗങ്ങൾ മൂലമുള്ള കൂട്ട മരണങ്ങൾ കൂടിക്കൊണ്ടിരുന്നു.1813-ൽ വസൂരി പടർന്നുപിടിച്ചപ്പോൾ റെസിഡന്റും ദിവാൻ പദവിയും ഒരുമിച്ചു വഹിച്ച മൺറോയുടെ നിർദേശപ്രകാരം റാണി ഗൗരി ലക്ഷ്മി ബായി ചെറിയൊരു വാക്‌സിനേഷൻ ഗ്രൂപ്പിന് രൂപം നൽകി. 1819-ൽ ഡോ. പ്രോവാൻ കൊട്ടാരം വൈദ്യൻ ആയി നിയോഗിച്ചു. കൊട്ടാരം ജോലിക്കാർക്കും തിരുവിതാംകൂർ പട്ടാളമായ നായർ ബ്രിഗേഡിനുമായി തിരുവനന്തപുരത്ത് കോട്ടക്കകത്തും മറ്റൊന്ന് പട്ടാളത്തിന്റെ പാളയത്തും ആരംഭിച്ചു.
സ്വാതി തിരുനാൾ 1837-ൽ തൈക്കാട് കിടക്കകളോടെ ധർമാശുപത്രിയും സ്ഥാപിച്ചിരുന്നു. 1905-ൽ ഈ ആശുപത്രി ഡോ. മേരി പുന്നൻ ലൂക്കോസിന്റെ നേതൃത്വത്തിൽ പ്രസവാശുപത്രിയായും പിന്നീട് കുട്ടികളുടെയും സ്ത്രീകളുടെയും പ്രത്യേക ആശുപത്രിയായി. ഇന്നും ഏറ്റവും കൂടുതൽ പ്രസവം ഒരു പക്ഷേ ഈ ആശുപത്രിയിലാണ്. 1870-ൽ പേരൂർക്കട മാനസികരോഗ ആശുപത്രി, പിന്നാലെ ജനറൽ ആശുപത്രി എന്നിങ്ങനെ സർക്കാർ ആശുപത്രികളുണ്ടായി. പുലയനാർകോട്ട ക്ഷയരോഗ ആശുപത്രിയും ഇക്കൂട്ടത്തിലുള്ളതാണ്. ഇതുപോലെ നിരവധി ആതുരാലയങ്ങൾ കേരളത്തിൽ വ്യാപകമായി ഉണ്ടായി. എന്നാൽ ഇതിനൊക്കെ മുമ്പേ ജാതിഭേദമില്ലാതെ എൽ.എം.എസ് ആധുനിക വൈദ്യ സ്ഥാപനങ്ങൾ ആരംഭിച്ചു. 1838-ൽ നെയ്യൂർ മെഡിക്കൽ മിഷൻ ആശുപത്രി തുടങ്ങി. 1923-ൽ ഡോ. സോമർവെൽ ആദ്യ എക്സ്റേ സ്ഥാപിച്ചു ശസ്ത്രക്രിയയും തുടങ്ങിയിരുന്നു. 1951-ൽ തിരുവനന്തപുരത്ത് മെഡിക്കൽ കോളജിനു തുടക്കമിടുമ്പോൾ സോമർവെൽ അതിൽ ഉപദേശകാംഗമായിരുന്നു.
സ്വാതന്ത്ര്യത്തിനുശേഷമുള്ള ആരോഗ്യമേഖല
1949-ൽ പറവൂർ ടി.കെ. നാരായണപിള്ള തിരുവിതാംകൂർ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് 1950 ജനുവരി 26ന് ബാലരാമവർമ തിരുവനന്തപുരം മെഡിക്കൽ കോളജിന് തറക്കല്ലിടുന്നത്. സി.ഒ. കരുണാകരനായിരുന്നു സ്പെഷൽ ഓഫിസർ. മെഡിക്കൽ കോളജ് ആദ്യ ബാച്ച് എം.ബി.ബി.എസ് പ്രവേശന തുടക്കം, ഉദ്ഘാടനം എന്നിവ നിർവഹിച്ചത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി അമൃത കൗളും പങ്കെടുത്തിരുന്നു. സംസ്ഥാന രൂപവത്കരണ ശേഷം 1957-ൽ ഇ.എം.എസ് സർക്കാർ കോഴിക്കോട് മെഡിക്കൽ കോളജിനു തുടക്കമിട്ടു. നാല് മെഡിക്കൽ കോളജുകൾ, ഒമ്പത് ജില്ല ആശുപത്രികൾ, 61 താലൂക്ക് ആശുപത്രികൾ, ഏതാനും സ്വകാര്യ ആശുപത്രികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും മാത്രമെ ആദ്യ ഘട്ടത്തിലുണ്ടായിരുന്നുള്ളൂ.
926 പഞ്ചായത്തുകളിൽ 826 എണ്ണത്തിലും ചികിത്സ സൗകര്യം ഇല്ലായിരുന്നു. അവിടെ നിന്നാണ് ഒരു പഞ്ചായത്തിന് ഒരാശുപത്രി എന്ന പരിപാടി ആവിഷ്കരിച്ച് നടപ്പാക്കിയത്. 1973-76 കാലത്ത് 600 കേരളീയ ഗ്രാമങ്ങളിൽ കൂടി സർക്കാർ ആതുരാലയങ്ങൾ തുറക്കപ്പെട്ടു. താലൂക്ക് ആശുപത്രികളിൽ സ്പെഷാലിറ്റികൾ തുടങ്ങിയതും അക്കാലത്തായിരുന്നു. ശ്രീ ചിത്രാ മെഡിക്കൽ സെന്റർ, ഔഷധി, ആലപ്പുഴയിലെ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ, സർക്കാർ ആശുപത്രികളിൽ സൊസൈറ്റി പേവാർഡുകൾ, എല്ലാ േബ്ലാക്കിലും മെഡിക്കൽ കോളജിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ മെഡിക്കൽ ക്യാമ്പുകൾ ഇങ്ങനെ വൈവിധ്യമായ പരിപാടികൾ ആവിഷ്കരിച്ചു. സഹകരണ ആശുപത്രികളും അക്കാലത്ത് ആരംഭിച്ചു. 2001-ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ നിരവധി സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകി. എല്ലാ ജില്ലയിലും ഒരു മെഡിക്കൽ കോളജ് എന്ന പ്രഖ്യാപിത ലക്ഷ്യം പൂർണമാക്കാൻ നമുക്കായിട്ടില്ല.