ഭൂമിയിലെ 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിനവായുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ഇത് വർഷംതോറും മില്യൺ കണക്കിനാളുകളുടെ മരണത്തിന് കാരണമാകുന്നതായും സംഘടന അറിയിച്ചു. ലോകത്തിന്റെ എല്ലാ ഭാഗവും മലിനവായു നിറഞ്ഞിരിക്കുകയാണെന്നും പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടി യുഎൻ ഏജൻസി വ്യക്തമാക്കി. ദരിദ്ര രാജ്യങ്ങളിലാണ് കൂടുതൽ മലിനീകരണമെന്നും സംഘടന പറഞ്ഞു. നാലു വർഷം മുമ്പ് നടത്തിയ പഠനത്തിൽ 90 ശതമാനം പേർ മലിനവായു ശ്വസിക്കേണ്ടി വരുന്നതായാണ് കണ്ടെത്തിയിരുന്നത്. കൊവിഡ് ലോക്ഡൗണും യാത്രാ നിയന്ത്രണങ്ങളും വഴി വായുമലിനീകരണത്തിൽ ചെറിയ കുറവുണ്ടായിരുന്നെങ്കിലും ഇപ്പോഴും പ്രശ്‌നം തുടരുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
വർഷത്തിൽ ഏഴു ദശലക്ഷം പേർ മരിക്കുന്നത് വായു മലിനീകരണം മൂലമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) 2021ൽ പുറത്തിറക്കിയ എയർ ക്വാളിറ്റി ഗൈഡ്ലൈൻസിൽ (എക്യൂജിസ്) പറഞ്ഞിരുന്നു. വായു മലിനീകരണം കൂടുതലുള്ള ലോകത്തെ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിലാണെന്ന് 2020 ലെ ലോക എയർ ക്വാളിറ്റി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
വായു മലിനമാക്കുന്നത് എന്തൊക്കെ?
അമിത വാഹന ഉപയോഗം പ്രധാന കാരണങ്ങളിലൊന്നാണ്. വാഹനങ്ങൾ പുറംതള്ളുന്ന പുകയാണ് വില്ലൻ. ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം വായുവിൽ സൂക്ഷ്മ കണങ്ങളും ബ്ലാക്ക് കാർബണും വർധിക്കുന്നു. ഗതാഗതം മൂലം റോഡിന് ഇരുവശവും ഉയരുന്ന പൊടിപടലങ്ങൾ.
വൻകിട വ്യവസായങ്ങളിൽനിന്നുള്ള പുക, വിവിധ കെട്ടിട നിർമാണം, മാലിന്യങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന പുക, കൃഷി കഴിഞ്ഞ പാടങ്ങൾ കത്തിക്കൽ തുടങ്ങിയവയാണ്.
എന്താണ് വായു മലിനീകരണം
ഹാനീകരങ്ങളായ പദാര്‍ഥങ്ങള്‍ വായുവിലേക്ക് പുറന്തള്ളുന്നതുമൂലമുണ്ടാകുന്ന മലിനീകരണമാണ് വായു മലിനീകരണം. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്കും അന്തരീക്ഷത്തിന്‍റെയും വസ്തുക്കളുടെയും ക്ഷതങ്ങള്‍ക്കും കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിക്കുന്ന തരത്തില്‍ അന്തരീക്ഷത്തിന്‍റെ സംരക്ഷണ കവചമായ ഓസോണ്‍പാളിയുടെ ശോഷണത്തിനും ഇത് കാരണമാകുന്നു. വ്യവസായങ്ങള്‍, വാഹനങ്ങള്‍, ജനസംഖ്യാ വര്‍ദ്ധനവ് എന്നിവ വായു മലിനീകരണത്തിനുള്ള ചില സുപ്രധാന കാരണങ്ങളാണ്. വായു മലിനീകരണത്തിന് വിവിധങ്ങളായ കാരണങ്ങളുണ്ട്. അവയില്‍ പലതും മനുഷ്യന്‍റെ നിയന്ത്രണത്തിലുള്ളവയല്ല. മരുഭൂമികളിലെ പൊടിക്കാറ്റ്, കാട്ടു തീ, പുല്ലുകളിലെ തീ എന്നിവയില്‍ നിന്നുണ്ടാകുന്ന പുക മുതലായവ വായുവിലെ രാസമലിനീകരണത്തിന് കാരണമാകുന്നു.
പ്രധാന വായു മലിനീകാരികളും അവയുടെ ഉറവിടങ്ങളും
കാര്‍ബണ്‍ മോണോക്‌സൈഡ് (സിഒ)
നിറവും മണവുമില്ലാത്ത വാതകമാണ്. ഇത് പെട്രോള്‍, ഡീസല്‍, മരം തുടങ്ങിയ കാര്‍ബണ്‍ അധിഷ്ഠിത ഇന്ധനങ്ങള്‍ അപൂര്‍ണ്ണമായി കത്തുന്നതു മൂലമാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. സിഗററ്റ് പോലെയുള്ള പ്രകൃതിദത്തവും സിന്തറ്റിക്കുമായ ഉല്പന്നങ്ങളുടെ ജ്വലനം മൂലവും ഇത് ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് നമ്മുടെ രക്തത്തിലെത്തുന്ന ഓക്സിജന്‍റെ അളവു കുറയ്ക്കുന്നു. കൂടാതെ നമ്മുടെ റിഫ്ലക്സുകളെ സാവധാനത്തിലാക്കുകയും വ്യക്തിയെ ആശങ്കാകുലനും ഉറക്കം തൂങ്ങിയുമാക്കി മാറ്റുകയും ചെയ്യുന്നു.
കാര്‍ബണ്‍ ഡയോക്സൈഡ് (സിഒ2)
ഹരിതഭവന പ്രഭാവത്തിന്‍റെ ആധാരമായ ഈ വാതകം കരി, എണ്ണ, പ്രകൃതി വാതകങ്ങള്‍ എന്നിവ കത്തിക്കുന്നതു പോലെയുള്ള മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിലേക്ക് പുറം തള്ളപ്പെടുന്നതാണ്.
ക്ലോറോഫ്ലൂറോകാര്‍ബണുകള്‍ (സിഎഫ്എസ്)
ശീതികരണ സംവിധാനങ്ങളില്‍ നിന്നും റഫ്രിജറേറ്ററുകളില്‍ നിന്നുമാണ് പ്രധാനമായും സ്വതന്ത്രമാക്കപ്പെടുന്നത്. വായുവിലേക്ക് എത്തുമ്പോള്‍ സിഎഫ്എസ് സ്ട്രാറ്റോസ്ഫിയര്‍ (പൊക്കമനുസരിച്ച് ശീതോഷ്ണാവസ്ഥയ്ക്ക് മാറ്റം സംഭവിക്കാത്ത അന്തരീക്ഷത്തിലെ ഏറ്റവും ഉയര്‍ന്നഭാഗം) വരെയെത്തുകയും അവിടെ അവ മറ്റു ചില വാതകങ്ങളുമായി സമ്പര്‍ക്കത്തിലാവുകയും ഇത് സൂര്യന്‍റെ ഹാനീകരങ്ങളായ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഓസോണ്‍പാളിയുടെ ശോഷണത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു.
ഈയം
പെട്രോള്‍, ഡീസല്‍, ഈയ ബാറ്ററികള്‍, പെയിന്‍റുകള്‍, ഹെയര്‍ഡൈ ഉല്പന്നങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്നു. ഈയം കുട്ടികളെയാണ് പ്രധാനമായും ബാധിക്കുന്നത്. ഇത് നാഡീവ്യവസ്ഥയുടെ തകരാറുകള്‍ക്കും ദഹന പ്രശ്നങ്ങള്‍ക്കും ചില കേസുകളില്‍ കാന്‍സറിനും കാരണമാകുന്നു.
ഓസോണ്‍
അന്തരീക്ഷത്തില്‍ ഏറ്റവും മുകളിലത്തെ പാളിയിലാണ് കാണപ്പെടുന്നത്. സുപ്രധാനമായ ഈ വാതകം സൂര്യനില്‍ നിന്നുള്ള ഹാനീകരങ്ങളായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ഭൂമിക്ക് ആവരണമായി വര്‍ത്തിക്കുന്നു. എന്നിരുന്നാലും, ഉയര്‍ന്ന വിഷഗുണത്താല്‍ ഇവ താഴേത്തട്ടില്‍ ഒരു മലിനീകാരിയാണ്. വാഹനങ്ങളും വ്യവസായങ്ങളുമാണ് താഴേത്തട്ടിലെ ഓസോണ്‍ പുറന്തള്ളലിന്‍റെ പ്രധാന ഉറവിടം. ഓസോണ്‍ നമ്മുടെ കണ്ണുകളില്‍ ചൊറിച്ചില്‍, പൊള്ളല്‍, ജലം എന്നിവയുള്ളതാക്കി മാറ്റുന്നു. ഓസോണ്‍ ജലദോഷം, ന്യൂമോണിയ എന്നിവയ്ക്കെതിരെയുള്ള നമ്മുടെ പ്രതിരോധത്തെ കുറയ്ക്കുന്നു.
നൈട്രജന്‍ ഓക്സൈഡ് (നോക്സ്)
പുകമഞ്ഞിനും ആസിഡ് മഴയ്ക്കും കാരണമാകുന്നു. പെട്രോള്‍, ഡീസല്‍, കല്‍ക്കരി എന്നിവ ഉള്‍പ്പെടുന്ന കത്തുന്ന ഇന്ധനങ്ങളില്‍ നിന്നാണ് ഇവ ഉല്പാദിപ്പിക്കപ്പെടുന്നത്. മഞ്ഞുകാലത്ത് കുട്ടികളില്‍ ശ്വസനസംബന്ധിയായ അസുഖങ്ങള്‍ ഏല്ക്കുന്നതിന് നൈട്രജന്‍ ഓക്സൈഡ് കാരണമാകുന്നു.
സസ്‌പെന്‍റഡ് പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (എസ്പിഎം)
ദീര്‍ഘകാലത്തേക്ക് അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന മഞ്ഞ്, പൊടി, ബാഷ്പം എന്നീ രൂപങ്ങളില്‍ വായുവില്‍ കാണപ്പെടുന്ന ഖരരൂപങ്ങളാണിത്. ഇവ തന്നെയാണ് കാഴ്ച കുറയ്ക്കുന്ന മൂടല്‍ഞ്ഞിന്‍റെ പ്രധാന ഉറവിടവും. നാം ശ്വസിക്കുമ്പോള്‍ ഈ ഘടകങ്ങളുടെ മുഖ്യഭാഗവും നമ്മുടെ ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുകയും ശ്വാസകോശത്തിന് തകരാര്‍ സംഭവിക്കുന്നതിന് കാരണമാവുകയും ശ്വസന സംബന്ധിയായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
സള്‍ഫര്‍ ഡയോക്സൈഡ് (എസ്ഒ2)
കത്തുന്ന കല്‍ക്കരി, താപോര്‍ജ്ജ പ്ലാന്‍റുകള്‍ എന്നിവയില്‍ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന വാതകമാണിത്. പേപ്പര്‍ നിര്‍മ്മാണം, ലോഹങ്ങള്‍ ഉരുക്കല്‍ തുടങ്ങിയ ചില വ്യാവസായിക പ്രക്രീയകള്‍ സള്‍ഫര്‍ ഡയോക്‌സൈഡ് ഉല്പാദിപ്പിക്കുന്നു. പുകമഞ്ഞിനും ആസിഡ് മഴയ്ക്കും പ്രധാന കാരണമാണിത്. സള്‍ഫര്‍ ഡയോക്‌സൈഡ് ശ്വാസകോശ രോഗങ്ങളിലേക്ക് നയിക്കുന്നു.
അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ചില വഴികൾ
ശുദ്ധമായ വായു തന്നെയാണ് ജീവന്റെ ആധാരം. വായു ഇല്ലാതെ ഭൂമിയിലെ ഒരു ജീവിക്കും അതിജീവനം സാധ്യമല്ല. വായുവിന്റെ പ്രാധാന്യത്തെ കുറിച്ച് ഇത്രയൊക്കെ നമുക്ക് അറിയിമായിരുന്നിട്ടും വായു മലിനീകരണം മൂലം പ്രതിവർഷം 7 ദശലക്ഷം മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ആഗോള ജനസംഖ്യയുടെ 99% ആളുകളും ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശ പ്രകാരം മലിനമെന്നു രേഖപ്പെടുത്തിയ വായുവാണ് ശ്വസിച്ച് കൊണ്ടിരിക്കുന്നത്. മാത്രമല്ല താഴ്ന്ന അല്ലെങ്കിൽ ഇടത്തരം സാമ്പത്തിക നിലയിലുള്ള രാജ്യങ്ങളാണ് ഇതിനു ഏറ്റവും കൂടുതൽ വിധേയമാകുന്നതെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്.
ശുദ്ധമായ വായു ശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിൽ ശാരീരിക പ്രവർത്തനങ്ങൾ തന്നെ അവതാളത്തിലാകും. മാത്രമല്ല മലിനമായ വായു ശ്വസിക്കുന്നതിലൂടെ ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ന്യുമോണിയ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. ഓരോ ജീവന്റെയും നിലനിൽപിന് തന്നെ ശുദ്ധമായ വായുവിന്റെ ആവശ്യകത വളരെ വലുതാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ വായു, മണ്ണ്, ജലം തുടങ്ങിയ അടിസ്ഥാന ഘടകങ്ങളെയെല്ലാം നാം സംരക്ഷിക്കണം. എങ്കിൽ മാത്രമേ ഭൂമിയിലെ ജീവജാലങ്ങൾക്ക് ഇനിയൊരു നിലനിൽപ്പ് ഉണ്ടാകുകയുള്ളൂ. മലിനമായ വായു ശ്വസിച്ചാൽ നിരവധി ആരോഗ്യ പ്രശനങ്ങൾ ഉണ്ടാകും. എന്നാൽ അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വീടിനുള്ളിൽ തന്നെ ഇരിക്കുക
ശ്വസിക്കാതെ ഒരു മനുഷ്യ ജീവനും നില നിൽക്കാനാകില്ല. എന്നാൽ മലിനമായ വായു ശ്വസിക്കുന്നത് ഒഴിവാക്കാനാകും. ഒരു പ്രദേശത്തെ വായുവിന്റെ ഗുണനിലവാരം അളക്കാൻ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഉപയോഗിച്ച് നിങ്ങളുടെ പ്രദേശത്തെ വായുവിന്റെ ഗുണനിലവാരം അറിയാൻ കഴിയും. എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം നിങ്ങൾ മലിനമായ വായു ഉള്ള മേഖലയിലാണെങ്കിൽ നിങ്ങൾ പുറത്ത് പോകുന്നത് ഒഴിവാക്കണം.
മാസ്ക് ധരിക്കുക
കൊറോണ മഹാമാരി ലോകത്തെ മുഴുവൻ പല രീതിയിൽ ബാധിച്ചിട്ടുണ്ട്. ആളുകളെ മാസ്കുകൾ ധരിക്കാൻ നിർബന്ധിരാക്കിയത് കൊറോണ തന്നെയാണെന്ന് നിസ്സംശയം പറയാം. എന്നാൽ വായു മലിനീകരത്തിൽ നിന്നുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ മാസ്കിന്റെ ഉപയോഗത്തോടെ കഴിഞ്ഞിട്ടുണ്ട്. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുക എന്ന നല്ല ശീലം വളർത്തിയെടുക്കാൻ കഴിഞ്ഞു. ഇതുമൂലം മലിനമായ വായു ശ്വസിച്ച് ഉണ്ടാകുന്ന ആരോഗ്യ പ്രശ്ങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിച്ചിട്ടുണ്ട്.
പുകവലി ഉപേക്ഷിക്കൂ
വീടിനുള്ളിൽ പുകവലികാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം പുകവലിക്കുന്നവർ മാത്രമല്ല ചുറ്റുമുള്ളവരെ കൂടി പുകവലി ബാധിക്കും. അതായത് അടച്ചിട്ട വീടിനുള്ളിൽ പുകവലിക്കുമ്പോൾ അന്തരീക്ഷത്തിലെ വായു മലിനമാകുന്നുണ്ട്. ഈ വായു മറ്റുള്ളവർ ശ്വസിക്കേണ്ടതായും വരുന്നു. പുകവലി നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല ബാധിക്കുക അത് അന്തരീക്ഷത്തിലെ മലിനീകരണത്തിനും കാരണമാകുന്നു.
എയർ പ്യൂരിഫയറുകൾ
വീട്ടിൽ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. മലിനമല്ലാത്ത വായു ശ്വസിക്കാനുള്ള ഒരു വഴിയാണ് എയർ പ്യൂരിഫയറുകൾ സ്ഥാപിക്കുക എന്നുള്ളത്. കൃത്യമായ ഇടവേളകളിൽ ഫിൽട്ടറുകൾ മാറ്റാനും പ്രത്യേകം ശ്രദ്ധിക്കുക
മരങ്ങൾ നടുക
പീസ് ലില്ലി, കറ്റാർ വാഴ, സ്പൈഡർ പ്ലാന്റ് തുടങ്ങിയ ചെടികൾ വീട്ടിനുള്ളിൽ നട്ടുപിടിപ്പിക്കുക, കാരണം ഇവയെല്ലാം പ്രകൃതിദത്തമായ എയർ പ്യൂരിഫയറുകളായി പ്രവർത്തിക്കുന്നു, ഇത് വീടിനുള്ളിലെ വായുവിനെ എളുപ്പത്തിൽ ശുദ്ധീകരിക്കുന്നു. ശുദ്ധമായ വായു ശ്വസിക്കാൻ ഈ ചെടികൾ നിങ്ങളെ സഹായിക്കും.
അപകടകാരികളായ പാരിസ്ഥിതിക മാലിന്യങ്ങളോ വസ്തുക്കളോ സ്വതന്ത്രമാക്കുന്നതിനെയാണ് മലിനീകരണം എന്നു പറയുന്നത്. മലിനീകരണം എന്നറിയപ്പെടുന്ന ഈ പ്രക്രീയ മനുഷ്യ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് സാധാരണയായി സംഭവിക്കുന്നത്. ഭാവിയില്‍ വിരുദ്ധഫലങ്ങള്‍ സൃഷ്ടിക്കുന്ന ഏത് മനുഷ്യപ്രവര്‍ത്തനങ്ങളും മലിനീകരണം എന്ന പേരില്‍ അറിയപ്പെടുന്നു. മലിനീകരണം തടയാൻ ശ്രമിച്ചില്ല എങ്കിൽ വലിയ ദുരന്തത്തിലേക്കാണ് നമ്മൾ പോകേണ്ടി വരിക.