കാഞ്ഞങ്ങാട്: ജില്ല കലക്ടറുടെ പരിശോധനക്കു പിന്നാലെ കാഞ്ഞങ്ങാട് ടൗണിലെ കടകളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. നഗരത്തിലെ 22 കടകളിലാണ് പരിശോധന നടത്തിയത്. രണ്ടു കടകളിൽ സവാളക്ക് കൂടുതൽ വില ഈടാക്കുന്നതായി കണ്ടെത്തി. 28 രൂപ വിലയുള്ളിടത്ത് 30രൂപ ആയിരുന്നു വാങ്ങിയത്.
വില കുറക്കാൻ നിർദേശം നൽകി. പച്ചക്കറി കടകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തതും കണ്ടെത്തി. തുടർന്ന് കടകളിൽ നിർബന്ധമായും വിലവിവര പട്ടിക പ്രദർശിപ്പിക്കാൻ കട ഉടമകൾക്ക് നിർദേശം നൽകി. ജില്ല സപ്ലൈ ഓഫിസർ കെ.പി. അനിൽ കുമാർ, താലൂക്ക് സപ്ലൈ ഓഫിസർ കെ.എൻ. ബിന്ദു, റേഷനിങ് ഇൻസ്പെക്ടർമാരായ കെ.കെ. രാജീവൻ, പി.വി. ശ്രീനിവാസൻ, ജാസ്മിൻ ആൻറണി, ടി. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.