കൽപറ്റ: കൈനാട്ടി ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ ഒരുങ്ങി. സിഗ്നൽ ഒരാഴ്ചക്കകം ഉദ്ഘാടനം ചെയ്യുമെന്ന് കൽപറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിെൻറ റോഡ് സേഫ്റ്റി ഫണ്ടായ 14 ലക്ഷം ചെലവഴിച്ചാണ് സിഗ്നൽ സ്ഥാപിക്കുന്നത്. കെൽട്രോണിനാണ് ചുമതല. കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി മൂന്ന് ഭാഗത്തേക്കും സിഗ്നലുകൾ തെളിയും. ബൾബടക്കമുള്ള സംവിധാനങ്ങൾ സ്ഥാപിച്ചു. വൈദ്യുതീകരണം പൂർത്തിയാക്കി സമയക്രമീകരണം നടപ്പാക്കുന്നതോടെ ട്രാഫിക് സിഗ്നൽ യാഥാർഥ്യമാവും. മേയ് ഒന്നു മുതൽ കൽപറ്റയിൽ ഗതാഗത പരിഷ്‌കാരം നടപ്പാക്കുമെന്നും നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ട്രാഫിക് ജങ്ഷൻ, പിണങ്ങോട് ജങ്ഷൻ എന്നിവിടങ്ങളിൽ ഓട്ടോമാറ്റിക് സിഗ്നലുകൾ സ്ഥാപിക്കുമെന്നും ചെയർമാൻ പറഞ്ഞു.
കൽപറ്റ ട്രാഫിക് ഉപദേശക സമിതിയുടെ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതോടെ നഗരത്തിലെ ഗതാഗതം സുഗമമാവും. കൈനാട്ടി ജങ്ഷനിലെ മറ്റു നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാവുകയാണ്. ട്രാഫിക് ഐലൻഡ്, മീഡിയൻ സൗകര്യങ്ങളും ഉടൻ യാഥാർഥ്യമാവുന്നതോടെ ജങ്ഷെൻറ മുഖഛായ മാറും. നിലവിൽ റോഡ് നവീകരണം പൂർത്തിയായി. ജങ്ഷനിൽനിന്നു 200 മീറ്റർ അകലെയായി ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടെങ്കിലും കൽപറ്റ-ബത്തേരി റൂട്ടിലോടുന്ന സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളും ഓട്ടോറിക്ഷകളും ഇപ്പോഴും ജങ്ഷെൻറ തുടക്കത്തിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഗതാഗതക്കുരുക്കിനു പ്രധാന കാരണമായ ഇത് സിഗ്നൽ വരുന്നതോടെ ഇല്ലാതാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















