കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ സ്കൂട്ടറിലെത്തി കഞ്ചാവ് വിൽപന നടത്തുന്ന പുതിയ പാലം സ്വദേശി ദുഷ്യന്തനെ മെഡിക്കൽ കോളേജ് പൊലീസും ഡൻസാഫും ചേർന്ന് പിടികൂടി. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം ഡൻസാഫും മെഡിക്കൽ കോളേജ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി കഞ്ചാവ് പൊതികളാണ് പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് മായനാട് നടപ്പാലത്താണ് പ്രതി താമസിച്ചുവരുന്നത്. തമിഴ്നാട്ടിൽ നിന്നും ഇടനിലക്കാർ വഴി കേരളത്തിലെത്തിക്കുന്ന കഞ്ചാവ് ഇത്തരം റീട്ടെയിൽ വിൽപനക്കാരാണ് സമൂഹത്തിലെ നാനാതുറകളിലും എത്തിക്കുന്നത്. ഇരുപതോളം കേസുകളിൽ പ്രതിയാണ് പിടിയിലായ ദുഷ്യന്തൻ. വിൽപ്പനയ്ക്കായി കൊണ്ടുവന്ന 475 ഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം പ്രതിയിൽ നിന്നും കണ്ടെടുത്തത്.
ജില്ലയിൽ വിഷു ആഘോഷത്തോടനുബന്ധിച്ച് മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നു വെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസ് നഗരത്തിൽ വിഹന പരിശോധനകൾ ഉൾപ്പെടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സിറ്റി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ജയകുമാറിനാണ് ഡൻസാഫിൻ്റെ ചുമതല.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. മെഡിക്കൽ കോളേജ് പൊലീസ് സബ് ഇൻസ്പെക്ടർ രമേഷ് കുമാർ ഡൻസാഫ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ഇ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ഡൻസാഫ് അംഗങ്ങളായ കാരയിൽ സുനോജ്, അർജുൻ അജിത്ത് മെഡിക്കൽ കോളേജ് പോലീസ് സബ്ബ് ഇൻസ്പെക്ടർ അജിത് കുമാർ സിവിൽ പോലീസ് ഓഫീസർമാരായ രാരീഷ്, പ്രമോദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.