പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും വാടക ഗർഭത്തിലൂടെ കുഞ്ഞ് ജനിച്ചത് വലിയ വാർത്തയായിരുന്നു. താരങ്ങൾ തങ്ങളുടെ കുഞ്ഞിന്റെ പേരും വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ അമ്മയായതോടെ പ്രിയങ്കയുടെ ജീവിതം മാറി എന്നു പറയുകയാണ് പ്രിയങ്കയുടെ അമ്മയും കോസ്മറ്റോളജിസ്റ്റുമായ മധു ചോപ്ര. അമ്മയായ ശേഷം പ്രിയങ്കയുടെ ജീവിതം എങ്ങനെയുണ്ട് ചോദ്യത്തിന് പ്രിയങ്ക വളരെ സന്തോഷവതിയാണെന്നായിരുന്നു മധു ചോപ്രയുടെ മറുപടി.
‘ഞങ്ങൾ ഒരിക്കൽ ഫെയ്സ് ടൈമിലൂടെ ബന്ധപ്പെട്ടിരുന്നു. അവൾ വളരെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണെന്നാണ് ഞാൻ കരുതുന്നത്. ഇതുമാത്രമാണ് എനിക്കിപ്പോൾ പറയാൻ സാധിക്കുന്ന കാര്യം.’എന്നാണ് മധു ചോപ്ര വ്യക്തമാക്കിയത്.
പ്രിയങ്കയുടെ കുഞ്ഞിനെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ലെന്നും പക്ഷേ, എപ്പോഴും കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും മധു ചോപ്ര വ്യക്തമാക്കി. ‘ഞാൻ ഇപ്പോൾ പ്രിയങ്കയെയോ എന്റെ മകനെയോ കുറിച്ചല്ല ചിന്തിക്കുന്നത്. കുഞ്ഞിനെ കുറിച്ചാണ്.’എന്നാണ് മധു ചോപ്ര പറഞ്ഞു. ലൊസാഞ്ചലസിലാണ് പ്രിയങ്കയും നിക് ജോനാസും കുഞ്ഞും ഇപ്പോഴുള്ളത്. മകളെ സന്ദർശിച്ചതിനു ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കൂ.
കുറച്ചു കാലത്തേക്ക് സ്വകാര്യത വേണമെന്ന് പ്രിയങ്ക തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. മുത്തശ്ശിയായതിലെ സന്തോഷം മധുചോപ്രയും മറച്ചു വച്ചില്ല. തന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും മധു ചോപ്ര വ്യക്തമാക്കിയത്.