കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വാരാന്ത്യ കകർഫ്യൂവിനെതിരേ പ്രതിഷേധവുമായി വിദ്യാർഥികള്‍. കാന്‍ഡി മേഖലയില്‍നിന്നുള്ള വിദ്യാർഥികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
പെരാദെനിയ സര്‍വകലാശാലയ്ക്കു പുറത്തായിരുന്നു വാരന്ത്യ കര്‍ഫ്യൂവിനെതിരേയുള്ള കുട്ടികളുടെ പ്രതിഷേധം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
കൊളംബോയില്‍ പ്രതിപക്ഷ നേതാക്കള്‍ ധര്‍ണ നടത്തുകയും ചെയ്തു. നൂറിലധികം ആളുകള്‍ ഈ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഈ മാര്‍ച്ച്, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ വീടിന് സമീപത്തുവെച്ച് പോലീസിന്റെയും പട്ടാളത്തിന്റെയും വന്‍സംഘം തടഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവയ്ക്ക് കടുത്തക്ഷാമമാണ് നേരിടുന്നത്. ഊര്‍ജപ്രതിസന്ധിയും രാജ്യത്ത് രൂക്ഷമാണ്.
അതേസമയം, ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവച്ചു. പ്രസിഡന്റ് ഗോട്ടബായ രജപക്സെക്ക് പ്രധാനമന്ത്രി രാജിക്കത്ത് സമർപ്പിച്ചതായി ശ്രീലങ്കൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
എല്ലാ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കാനാണ് രാജി. സഹോദരൻ ഗോട്ടബയ രാജപക്സെ പ്രസിഡന്റ് സ്ഥാനത്തു തുടരും. സാമ്പത്തിക പ്രതിസന്ധിമൂലം നട്ടംതിരിയുന്ന രാജ്യത്തു പ്രതിഷേധം രൂക്ഷമായതിനു പിന്നാലെയാണ് നീക്കം.