കേരളത്തിൽ കൊലപാതകങ്ങൾ ദിനം പ്രതി വർധിച്ച് വരികയാണ്. മുൻപ് കൊലപാതകങ്ങളിൽ അധികവും രാഷ്ട്രീയ കൊലപാതകങ്ങൾ ആയിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണുന്നത് സ്വന്തം പങ്കാളിയെ കൊലപ്പെടുത്തുന്ന വാർത്തകളാണ്. 2022 തുടങ്ങിയത് മുതൽ ഇത്തരം കൊലപാതകങ്ങളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. കൊലപാതകങ്ങളുടെ കാരണങ്ങൾ കേട്ടാൽ ഞെട്ടിപ്പോകും. പരസ്പരം ഒന്ന് സംസാരിച്ചു തീർക്കേണ്ട പല പ്രശ്നങ്ങളും അവസാനം ചെന്നെത്തുന്നത് കൊലപാതകത്തിലാണ്. തിരുവനന്തപുരത്ത് ഭർത്താവിനെ ഭാര്യ തലക്കടിച്ചുക്കൊന്ന കാരണം കേട്ടപ്പോൾ ഒന്ന് ഞെട്ടിപ്പോയി. ഭർത്താവിൻറെ ഫോൺ വിളി കൂടിയതിൻറെ ദേഷ്യത്തിലാണ് ഭാര്യ കല്ല് കൊണ്ട് ഭർത്താവിനെ തലക്കടിച്ചു കൊന്നത്. അടുക്കളഭാഗത്ത് നിന്ന് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ഭർത്താവിനെയാണ് ഭാര്യ അടിച്ചു കൊന്നത്.
കറിക്ക് ഉപ്പില്ലെന്ന കാരണം പോലും പറഞ്ഞ് പങ്കാളിയെ കൊന്നൊടുക്കുന്നവരായി ഇന്ന് പലരും മാറികഴിഞ്ഞു. ഇത്തരം കൊലപാതക വാർത്തകൾ കേൾക്കുമ്പോൾ ചിരിച്ചു തള്ളാറുണ്ട് പലരും. എന്നാൽ ഇതങ്ങനെ ചിരിച്ചു തള്ളേണ്ട ഒന്നല്ല. സ്വന്തം പങ്കാളിയെ നിസാര കാര്യങ്ങൾക്ക് വേണ്ടി കൊലചെയ്യുന്ന നിലയിലേക്ക് മലയാളിയുടെ മനസ് മാറിയിരിക്കുകയാണ്. കൂടെ കിടക്കുന്ന ഒരാൾ എന്ന നിലയിലേക്ക് മാത്രം സ്വന്തം പങ്കാളിയെ ഒതുക്കി കാണാനും ഇല്ലാതാക്കാനും എന്തിന് സ്വന്തം ഭാര്യയെ മറ്റൊരാൾക്കു കൂട്ടിക്കൊടുക്കാൻ പോലും ചില ആളുകൾ തയ്യാറാകുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറുന്ന ഞെട്ടിക്കുന്ന വാർത്തകൾ പുറത്ത് വന്നത്.
ചങ്ങാനാശേരി സ്വദേശിയായ സ്ത്രീയുടെ പരാതിയാണ് ഈ ഞെട്ടിക്കുന്ന വാർത്തകൾ പുറത്തവരാൻ കാരണമായത്. പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കടക്കം തന്നെ നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെയാണ് ഇവർ പരാതി നൽകിയത്. തുടര്‍ന്നാണ് പോലീസ് സംഘം അന്വേഷണം നടത്തി യുവതിയുടെ ഭര്‍ത്താവ് അടക്കമുള്ളവരെ പിടികൂടിയത്. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. കപ്പിൾ മീറ്റ് കേരള എന്ന പേരിലുള്ള ഗ്രൂപ്പ് വഴിയാണ് സംഘം പ്രവർത്തിച്ചത്. ആയിരക്കണക്കിന് ദമ്പതികളാണ് ഈ ഗ്രൂപ്പുകളിൽ അംഗങ്ങൾ. വലിയ തോതിലാണ് ഗ്രൂപ്പ് വഴി പങ്കാളികളെ കൈമാറിയിരുന്നത്. ഇതിനൊപ്പം വലിയ രീതിയിൽ പണമിടപാടും നടത്തിയിരുന്നു.
രണ്ട് വീതം ദമ്പതികൾ പരസ്പരം ആദ്യം കാണും. പിന്നീട് ഇടയ്ക്കിടെ കണ്ട് സൗഹൃദം പുതുക്കും. അതിന് ശേഷം പല സ്ഥലങ്ങളിൽ വച്ച് പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് രീതിയെന്ന് പൊലീസ് പറയുന്നു. ഒരേസമയം നാല് പേരുമായി ബന്ധപ്പെടാൻ സ്ത്രീകളോട് ആവശ്യപ്പെടുന്ന രീതിയിലും പ്രവർത്തനങ്ങളുണ്ട്. ഗ്രൂപ്പിൽ വിവാഹം കഴിക്കാത്തവരും ഉണ്ട്. ഇത്തരം ആളുകളിൽ നിന്ന് പണം ഈടാക്കി ഭാര്യമാരെ കാഴ്ച വയ്ക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പരസ്യമായി തന്നെയായിരുന്നു ഈ ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ഗ്രൂപ്പുകളിൽ അംഗങ്ങളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞത്.
ഭാര്യാഭർത്താക്കന്മാർക്കിടയിലെ പ്രശ്നങ്ങൾ അവരെ മാത്രമല്ല അവരുടെ കുട്ടികളെയും വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ പോലും നിസാരമായി കൊല്ലാനുളള മാനസികാവസ്ഥയിലേക്ക് ഇന്ന് മലയാളികൾ എത്തിക്കഴിഞ്ഞു. എന്തുകൊണ്ടാണ് ഇത്തരം സാഹചര്യങ്ങളിലേക്ക് ഇന്നത്തെ ദമ്പതികൾ എത്തുന്നത്? അതിന്റെ കാരണങ്ങൾ എന്തൊക്കെ ആകാം? ഒന്നാമത്തെ കാരണം കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബത്തിലേക്കുളള മാറ്റമാണ്. ഇന്ന്അണുകുടുംബത്തിലേക്ക് മാറിയതോടെ നമ്മൾ നമ്മളിലേക്ക് തന്നെ ഒതുങ്ങിപോയി. നമുക്ക് സ്നേഹം നമ്മളോട് മാത്രമായി. ഞാൻ കഴിഞ്ഞ്, എനിക്ക് കിട്ടി കഴിഞ്ഞ് മതി മറ്റുളളവർക്ക് എന്ന ചിന്ത ഉടലെടുത്തു.
കൂട്ടുകുടുംബമാകുമ്പോൾ, ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുതിർന്നവരടക്കം മുൻകൈ എടുക്കുമ്പോൾ അവിടെ പരസ്പര ‘സംസാരങ്ങൾ’ നടക്കും. പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാനും ഇത് സഹായിക്കും. ഇന്ന് ഇല്ലാതെ പോകുന്നത് ഇത്തരം സംസാരങ്ങളാണ്. പരസ്പരം സംസാരങ്ങൾ ഇല്ലാത്തത് പല തെറ്റിദ്ധാരണകൾക്കും കാരണമാകും. പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർക്കാനോ പ്രശ്നങ്ങൾ പരിഹരിക്കാനോ ദമ്പതികൾ ശ്രമം നടത്തുന്നില്ല. അതിനാൽ തന്നെയാണ് ചെറിയ കാര്യങ്ങൾ വലിയ വാക്കുതകർക്കങ്ങളായി അതുപിന്നീട് കൊലപാതകത്തിലേക്ക് വഴി മാറുന്നത്.
കുടുംബബന്ധങ്ങളിലെ മറ്റൊരു വില്ലൻ ലഹരിയാണ്. പലപ്പോഴും മദ്യപിച്ചെത്തുന്ന ഭർത്താക്കാൻമാർ പെട്ടന്നുളള ദേഷ്യത്തിൽ ഭാര്യയെ കൊലപ്പെടുത്തുന്ന സംഭവങ്ങൾ നിരവധിയാണ്. കണ്ണൂർ പാനൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നത് മദ്യപിച്ചെത്തിയ ശേഷമുള്ള വാക്കുതർക്കത്തെ തുടർന്നായിരുന്നു. മദ്യപിച്ചെത്തിയ അച്ഛൻറെ ശല്യം കാരണം അച്ഛനെ കൊലപ്പെടുത്തുന്ന മക്കളെയും മലയാളിക്ക് സുപരിചിതമാണ്. കൊല്ലം ശൂരനാട് മകൻ മദ്യപിച്ചെത്തിയ അച്ഛനെ കൊലപ്പെടുത്തിയത് ഉൾപ്പെടെ ഇത്തരം കേസുകൾക്ക് ഉദാഹരണങ്ങൾ നിരവധിയാണ്. മദ്യപിക്കുന്നൊരാള്‍ അയാൾക്ക് അടക്കിനിർത്താൻ കഴിയുന്നതിനെക്കാൾ ദേഷ്യം പുറത്ത് കാട്ടാറാണ് പതിവ്. ഇതാണ് ഒരു പരിധിവരെ കൊല ചെയ്യാനുളള മാനസിക നിലയിലേക്ക് ഒരാളെ എത്തിക്കുന്നത്.
ഇനിയൊരു പ്രധാന വില്ലൻ മൊബൈൽ ഫോണാണ്. മൊബൈൽ ഫോൺ കൈയ്യിൽ കിട്ടിയതോടെ അതിൽ നിന്ന് കണ്ണെടുക്കാൻ ഒരു വീട്ടിലെ അച്ചനോ അമ്മയ്ക്കോ മക്കൾക്കോ നേരമില്ല. അപ്പോഴും നേരത്തെ സൂചിപ്പിച്ച സംസാരം ഇല്ലാതാകുന്നു. സംസാരിക്കാതെ വരുമ്പോൾ പരസ്പരം മനസിലാക്കാതെ പോകുന്നു. എവിടെയെങ്കിലും മറ്റൊരാളുടെ ഭാര്യയോ ഭർത്താവോ മറ്റൊരാളുടെ കൂടെപോയെന്ന വാർത്ത കേൾക്കുമ്പോൾ സ്വന്തം പങ്കാളിയെയും അതിൻറെ മറപ്പറ്റി സംശയിക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുന്നു. പിന്നീട് ഫോൺ വിളികളും എന്തിന് പങ്കാളി ഒന്ന് ഫോൺ കൈലെടുത്താൽ വരെ സംശയവും വഴക്കും ആരംഭിക്കും. ഫോൺ ഉപയോഗം മൂലമോ അല്ലാതെയോ ഉടലെടുക്കുന്ന സംശയരോഗമെന്ന വിപത്ത് കാരണം ശിഥിലമായ കുടുംബങ്ങൾ നിരവധിയാണ്.
മറ്റൊന്ന് മറ്റൊരാളോട് തോന്നുന്ന അടുപ്പത്തിൻറെ പുറത്ത് സ്വന്തം പങ്കാളിയെയും കുടുംബത്തെയും ഇല്ലാതാക്കാനുളള മാനസികാവസ്ഥയാണ്. കാമുകിക്കോ കാമുകനോ ഒപ്പം ചേർന്ന് തൻറെ ഭാര്യയെയോ ഭർത്താവിനെയോ എന്തിന് സ്വന്തം കുഞ്ഞുങ്ങളെയും ഇല്ലാതാക്കുന്ന കൊലയാളികളെയും വാർത്തകളിലൂടെ നേരിട്ടറിഞ്ഞതാണ്. ഉദയംപേരൂർ കൊലപാതകം അതിനൊരു ഉദാഹരണമാണ്. മുൻകാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കാമുകിക്കൊപ്പം ചേർന്ന് ഭർത്താവ് കൊലപ്പെടുത്തുകയായിരുന്നു.
മറ്റൊരു കാരണം പണം ആണ്. അഥവാ സ്ത്രീധനം. പങ്കാളിയായി വരുന്ന ഭാര്യയുടെ സ്വഭാവത്തെക്കാളും ഗുണങ്ങളെക്കാളും പെണ്ണിന്റെ കഴുത്തിലും കൈയ്യിലും ഇട്ടുതരുന്ന പൊന്നും പെണ്ണിന്റെ വീട്ടിലെ സ്വത്തും കണ്ണുവെക്കുന്നവര്‍ കുറവല്ല. ഇനി വിചാരിച്ച പണ്ടവും പണവും കിട്ടിയില്ലെങ്കില്‍ മട്ടുമാറും. ദേഹോപദ്രവത്തിൽ നിന്ന് അത് കൊലയിലേക്ക് കടക്കും. കൊല്ലം അഞ്ചലിൽ ഉത്ര എന്ന യുവതിക്ക് സംഭവിച്ചത് നാം മറന്നുകാണില്ല.. അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതിപോലും വിധിയെഴുതിയ കേസായിരുന്നുവത്.
ഭാര്യ വീട്ടുകാർ തന്ന സ്ത്രീധനം പോരെന്ന് തോന്നിയപ്പോൾ ഭാര്യയെ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ച ഭർത്താവ് അപൂർവ്വം തന്നെയാണ്. പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് സൂരജ് എന്ന യുവാവ് തൻറെ ഭാര്യ ഉത്രയെ മരണത്തിലേക്ക് തളളിവിടുന്നത്. കൂടാതെ മാനസികമായി പീഡിപ്പിച്ച് മരണത്തിലേക്ക് തളളിവിടുന്നവരും കുറവല്ല. കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയുടെ ആത്മഹത്യ അത്തരത്തിലൊന്നായിരുന്നല്ലോ. ഇനി ഇതിനിടയിൽ പങ്കാളിയെ മാത്രമാണോ അല്ല സ്വന്തം കുഞ്ഞുങ്ങളെയും പകയിൽ ഇല്ലാതാക്കുന്നവർ നിരവധിയാണ് കൊച്ചിയിൽ ഒന്നരവയസുകാരിയുടെ മരണവും അത്തരത്തിലൊന്നായിരുന്നു.
മുത്തശ്ശിയോടുളള ദേഷ്യത്തിൽ മുത്തശ്ശിയുടെ കാമുകൻ പക പോക്കിയത് അവർക്കൊപ്പം കഴിയുന്ന ആ പിഞ്ചുകുഞ്ഞിനോടായിരുന്നു. കണ്ണൂർ തയ്യിൽശരണ്യ എന്ന യുവതി സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ചു കാമുകമൊപ്പം പോകാൻ ഇല്ലാത്താക്കിയതും സ്വന്തം കുഞ്ഞിനെ. ഇത്തരത്തിൽ പല കാരണങ്ങളാണ് കുടുംബങ്ങളെ കൊലക്കത്തിക്ക് ഇരയാകുന്നത്. ഇതിൽ പകുതി പ്രശ്നം ഇല്ലാതാക്കാൻ പരസ്പരം മനസിലാക്കി തുറന്ന സംസാരങ്ങൾ ആവശ്യമാണ്. കൂടെ നിൽക്കുന്നവരെ അംഗീകരിക്കാനും അവരുടെ അവസ്ഥകളെ അറിഞ്ഞ് പെരുമാറാനും വിട്ടുവീഴ്ചകൾക്ക് തയ്യാറാക്കാനും ശ്രമിച്ചില്ല എങ്കിൽ ഇനിയും കൊലക്കത്തിക്ക് ഇരയാകുന്ന പങ്കാളികളുടെയും കൂരുന്നുകളുടെയും എണ്ണം വർധിക്കും. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്ന ഈ നാട്ടിൽ രക്തബന്ധങ്ങളെ തിരിച്ചറിയാതെ പോയാൽ വലിയവിപത്തുകളാണ് വരും നാളുകളിൽ കാണേണ്ടി വരിക.