ഇന്ധന വില വർധനയിൽ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. ഒരു വർഷത്തിനിടെ രാജ്യത്ത് 14 ശതമാനത്തോളമാണ് വില വർധിപ്പിച്ചത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ എട്ട് തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. 2022 മാർച്ച് 30 ബുധനാഴ്ച പെട്രോളിന് 80 പൈസ വർധിപ്പിച്ചതോടെ ഒരാഴ്ചയ്ക്കിടെ 5.60 രൂപയുടെ വർധനവാണ് ഉണ്ടായത്. ആഭ്യന്തര എണ്ണ വിപണന കമ്പനികൾ ഇന്ധനവില പുതുക്കിയതോടെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരാൻ തുടങ്ങിയിരിക്കുകയാണ്. ദിനം പ്രതി കൂടുന്ന ഇന്ധന വിലയിൽ എന്ത് ചെയ്യണമെന്നറിയാതെ കഴിയുകയാണ് ജനങ്ങൾ. ആദ്യ നാല് തവണ, വില ലിറ്ററിന് 80 പൈസ വർധിപ്പിച്ചത്. 2017 ജൂണിൽ പ്രതിദിന വില പരിഷ്‌കരണം അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള ഒറ്റ ദിവസത്തെ വർധനവാണിത്.രാജ്യത്തുടനീളം ഇന്ധന നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്,
ഇന്ത്യയിലെ പകുതി വിലയ്‌ക്കാണ് അമേരിക്കയിലും ചൈനയിലുമെല്ലാം പെട്രോൾ വിൽക്കുന്നത്. ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ നേപ്പാളിൽ വിൽപ്പന നടത്തുന്നതും കുറഞ്ഞ വിലയ്‌ക്ക് ആണ്. എന്നാൽ, കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും ചേർന്ന് നിരന്തരം വില ഉയർത്തി ഇന്ത്യക്കാരെ കൊള്ളയടിക്കുന്നു.ജർമനിയിലും ഇറ്റലിയിലും 65% യുകെയിൽ 62%,ജപ്പാനിൽ 45% യുഎസിൽ 20% എണ്ണക്ക് ടാക്സ് ഈടാക്കുന്നത് എങ്കിൽ ഇന്ത്യയിൽ 260% ആണിത് .
പ്രാദേശിക നികുതിക്ക് അനുസരിച്ച് വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസമാണ്.സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, വിവിധ സംസ്ഥാനങ്ങളിൽ 100 രൂപ പെട്രോളിന് മഹാരാഷ്ട്രയിൽ 52.5 രൂപ, ആന്ധ്രാപ്രദേശിൽ 52.4 രൂപ, തെലങ്കാനയിൽ 51.6 രൂപ, രാജസ്ഥാനിൽ 50.8 രൂപ, മധ്യപ്രദേശിൽ 50.6 രൂപ, കേരളത്തിൽ 50.2 രൂപയും ബിഹാറിൽ 50 രൂപയും ആണ് ഈടാക്കുന്ന നികുതി.
കാരണം പറയുന്നത്
റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്നാണ് ഇന്ധനവില വർദ്ധിച്ചതെന്നാണ് കേന്ദ്രം പറയുന്നത്. 80% ആണ് ഇന്ത്യയിൽ എണ്ണയുടെ ഇറക്കുമതി ചെയ്യുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിച്ചുയരുന്നത് എന്നാണ് കേന്ദ്രസർക്കാർ വാദം.
എന്നാൽ നിരവധി ആഗോള സംഘടനകളും പ്രതിപക്ഷ പാർട്ടികളും പ്രവചിച്ചതുപോലെ, അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില ഉയർന്നു.ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രവുമായി ഇന്ധനവില ബന്ധപ്പെട്ടിരിക്കുന്നു.തിരഞ്ഞെടുപ്പ് കാലത്ത് നാലര മാസത്തോളം ഇന്ധനവില മരവിപ്പിച്ചിരുന്നു.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും.
വില നിശ്‌ചയിക്കാനുള്ള അധികാരം യുപിഎ സർക്കാർ എണ്ണക്കമ്പനികളെ ഏൽപ്പിച്ചതോടെ തോന്നിയപോലെ വില വർധിപ്പിക്കുന്ന സ്ഥിതിയാണുള്ളത്. മുൻപ് ഇന്ധന വില വർധിപ്പിക്കുക വിശദമായ ചർച്ചയ്‌ക്കും ആലോചനയ്‌ക്കും ശേഷമായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഗണിക്കാത്ത കേന്ദ്ര സർക്കാർ എണ്ണക്കമ്പനികളുടെ കൊള്ളയ്‌ക്ക് എല്ലാ സഹായവും പിന്തുണയും നൽകുന്നു.കോവിഡും വിലക്കയറ്റവും കൊണ്ട് ബുദ്ധിമുട്ടിലായി ജനങ്ങൾക്കുമേൽ നിത്യേനയുള്ള ഈ എന്ന വർദ്ധനവ് ദുരിതം തന്നെയാണ്.
അന്താരാഷ്‌ട്ര വിപണിയിൽ വില ഉയരുന്നതാണ് ഇന്ധന വില വർധനയ്‌ക്ക് കാരണമായി കേന്ദ്രം പറയുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ വില കൂടുമ്പോൾ ഇന്ത്യയിൽ വില വർധിപ്പിക്കുകയും അന്താരാഷ്‌ട്ര വിപണിയിൽ വില കുറയുമ്പോൾ വില കുറയ്‌ക്കാതിരിക്കുകയുമാണ് കേന്ദ്രവും എണ്ണക്കമ്പനികളും ചെയ്യുന്നത്.കോവിഡ് കാലത്ത് അന്താരാഷ്‌ട്ര വില കുറഞ്ഞപ്പോൾ നികുതി വർധിപ്പിച്ച് ലാഭം ഉയർത്തുകയാണ് കേന്ദ്രം ചെയ്‌തത്. വീണ്ടും വില കൂടിയപ്പോൾ നികുതി കുറയ്‌ക്കാതെ ആ ഭാരം കൂടി ജനങ്ങളെ അടിച്ചേൽപ്പിച്ചു. കേന്ദ്രസർക്കാർ ഇന്ധന വിൽപ്പന വലിയ വരുമാന മാർഗമാക്കി മാറ്റിയതാണ് യഥാർഥത്തിൽ വിലക്കയറ്റത്തിന് കാരണം. അസംസ്‌കൃത എണ്ണ സംസ്‌കരിച്ച് വിൽക്കുന്നതിന്റെ ലാഭത്തിൽ തൃപ്‌തരാകാതെ വൻതോതിൽ നികുതിയും സെസും ചുമത്തുകയാണ് കേന്ദ്രം.
പെട്രോളിന്റെയും ഡീസലിന്റെയും വില വർധന നിത്യോപയോഗ വസ്‌തുക്കളുടെ വിലക്കയറ്റത്തിന് വഴിവയ്‌ക്കുമെന്ന് തീർച്ച. ഇതോടൊപ്പം പാചക വാതക വില ഉയർത്തിയും ദ്രോഹിക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. പാചകവാതകത്തിന് പോലും 50 രൂപ വർധിപ്പിച്ചു. 14.2 കിലോഗ്രാം ഭാരമുള്ള സബ്‌സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന് രാജ്യതലസ്ഥാനത്ത് 949.50 രൂപയാകും. ദുരിതത്തിലായ സാധാരണക്കാരെ ഒട്ടും പരിഗണിക്കാതെ കോർപറേറ്റുകളുടെ ലാഭത്തിനായി അധികാരികൾ ശ്രെമിക്കുന്നു. പ്രതിപക്ഷത്തിരിക്കുമ്പോൾ വിലക്കയറ്റത്തിന്റെ കാര്യത്തിൽ, പ്രത്യേകിച്ച് ഇന്ധനങ്ങളുടെ കാര്യത്തിൽ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം ഒന്നും പാഴാക്കാതിരുന്ന ബിജെപിയാണ് ഇപ്പോൾ ഇന്ധന വില കൂട്ടി ജനങ്ങളെ ദ്രോഹിക്കുന്നത് എന്നതും വാസ്തവം.