സംസ്ഥാനത്ത് എസ്.എസ്.എല്‍.സി ,ഹയർസെക്കന്ഡറി ,വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾക്ക് തുടക്കം കുറിക്കുകയാണ്. പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. ഇത്തവണയും വിദ്യാർഥികൾ കോവിഡ് കാലത്തെ അതിജീവിച്ചാണ് പരീക്ഷകൾക്ക് എത്തുന്നത്.കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ആയും പിന്നീട് വിദ്യാലയങ്ങൾ തുറന്നപോൾ ഓഫ്‌ലൈൻ ആയിട്ടായിരുന്നു ഇത്തവണത്തെയും പഠനം നടന്നത്. കഴിഞ്ഞ തവണത്തെ പോലെ ഇപ്രാവശ്യം കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും പരീക്ഷകൾക്ക് നിർബന്ധമാണ്.ഈ വർഷത്തെ പ്ളസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളും ഇന്ന് ആരംഭിക്കുകയാണ്.ഹയർ സെക്കൻഡറിയിലെ രണ്ടു വർഷത്തിൽ ഭൂരിഭാഗം സമയവും വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കേണ്ടി വന്നവരാണ്.
പ്ലസ് ടു പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 26 വരെ നടക്കുക. റഗുലറായി 3,65,871 കുട്ടികൾ പരീക്ഷ എഴുതും. 20,768 പേർ പ്രൈവറ്റായും 45,797 പേർ ഓൺ സ്‌കൂളിലും പരീക്ഷയെഴുതുന്നത്. ഗൾഫിലെ 8 കേന്ദ്രങ്ങളും ലക്ഷദ്വീപിലെ 9 എണ്ണവും അടക്കം 2005 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മേയ് 3 മുതൽ ആണ് പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കുക. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 389 കേന്ദ്രങ്ങളിലായി റെഗുലർ വിഭാഗത്തിൽ 30,158 വിദ്യാർത്ഥികളും മറ്റു വിഭാഗങ്ങളിലായി 1,174ഉം ഉൾപ്പെടെ 31,332 പേരാണ് പരീക്ഷ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിനായി 2005 ചീഫ് സൂപ്രണ്ടുമാരെയും 4015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 22,139 ഇൻവിജിലേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ സ്ട്രീമുകളിലുമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന ആകെ വിദ്യാർഥികളുടെ എണ്ണം 8,91,373 ആണ്.
എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിലും മുൻവർഷത്തേക്കാൾ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3,059 സ്‌കൂളുകള്‍ക്കായി 2962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ എഴുത്തുപരീക്ഷയും മാര്‍ച്ച് 10 മുതല്‍ 19 വരെ ഐ.ടി പ്രായോഗിക പരീക്ഷയുമാണ് നടക്കുക. രാവിലെ 9:45 മുതല്‍ 12:30 വരെയാണ് പരീക്ഷ സമയം. 408 പേർ പ്രൈവറ്റായി പരീക്ഷ എഴുതും. ഗൾഫ് മേഖലയിൽ ഒമ്പത് കേന്ദ്രങ്ങളിലായി 574 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 882 പേരും പരീക്ഷ എഴുതും. ഐടി പ്രാക്ടിക്കൽ പരീക്ഷകൾ മേയ് 3 മുതൽ പത്ത് വരെ നടക്കും.
2016ന് ശേഷം ആദ്യമായാണ് തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് പരീക്ഷ എഴുതുന്നവരുടെ എണ്ണത്തില്‍ വര്‍ധന വരുന്നത്. കഴിഞ്ഞ വര്‍ഷം 4,21,887 പേര്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയപ്പോള്‍ ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത് 4,26,967 പേരാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5,080 പേര്‍ കൂടുതലാണ്. 2015-ല്‍ പരീക്ഷ എഴുതിയവര്‍ 468243 പേര്‍ ആയിരുന്നെങ്കില്‍ 2016 ല്‍ ഇത് 473803 ആയി വര്‍ധിച്ചു. പിന്നീടുള്ള വര്‍ഷങ്ങളിലെല്ലാം കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതായിരുന്നു കാണാൻ കഴിഞ്ഞത്. ഇത്തവണ പ്രൈവറ്റായി 393 പേരും പരീക്ഷയെഴുതുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,41,479 പേരും എയ്ഡഡില്‍ 2,55,942 പേരും അണ്‍എയ്ഡഡില്‍ 29,546 പേരും പരീക്ഷയെഴുതും. മൊത്തം പരീക്ഷയെഴുതുന്നവരില്‍ 2,18,903 പേര്‍ ആണ്‍കുട്ടികളും 2,08,064 പേര്‍ പെണ്‍കുട്ടികളുമാണ്.
ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത് ഇത്തവണയും മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസിലാണ്. 2104 കുട്ടികള്‍ ആണ് ഇത്തവണ ഇവിടെ പരീക്ഷ എഴുതുന്നത്.
ഏറ്റവും കുറവ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാര്‍ക്കര എച്ച്എംഎച്ച്എസ്എസിലാണ്. ഇവിടെ ഒരു വിദ്യാര്‍ഥിയാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. മലപ്പുറം ജില്ലയില്‍ 78,237 പേരും വിദ്യാഭ്യാസ ജില്ലയില്‍ 27,485 പേരും പരീക്ഷയെഴുതും. പത്തനംതിട്ടയാണ് ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതുന്ന ജില്ല.10529 കുട്ടികള്‍ മാത്രമാണ് ഇവിടെ പരീക്ഷ എഴുതുന്നത്.