മസ്‌കറ്റ്: റമദാൻ മാസത്തിൽ കൊവിഡ് 19നെ പ്രതിരോധിക്കുവാനുള്ള പുതിയ മാർഗ നിർദ്ദേശങ്ങൾ ഒമാൻ സുപ്രിം കമ്മറ്റി പുറത്തിറക്കി. തറാവീഹ് പ്രാർത്ഥനകൾ ഉൾപ്പെടെയുള്ള എല്ലാ നമസ്‌കാരങ്ങൾക്കും കൊവിഡ് -19 വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ പങ്കെടുക്കുവാൻ അനുവാദമുള്ളൂ.
കുത്തിവെയ്പ് എടുക്കാത്തവർക്കും പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കും പൊതു നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മസ്ജിദുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും കൂട്ടായ നോയമ്പ് തുറകൾ ഒരുക്കുന്നതും നിരോധിച്ചിട്ടുണ്ട്. പള്ളികൾ ഉൾപ്പെടെ അടച്ചിട്ട സ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കണമെന്നും , മാസ്‌ക്കുകൾ നിർബന്ധമായും ധരിക്കണമെന്നും ഒമാൻ സുപ്രിം കമ്മറ്റിയുടെ അറിയിപ്പിൽ പറയുന്നു. അന്തർദേശീയവും പ്രാദേശികവുമായ കോൺഫറൻസുകൾ, എക്‌സിബിഷനുകൾ, പൊതു സ്വഭാവത്തിലുള്ള പ്രവർത്തനങ്ങൾ എന്നിവ 70 ശതമാനം ശേഷിയിൽ തുടരുവാനും സുപ്രിം കമ്മറ്റി അനുവദിച്ചിട്ടുണ്ട്.