പുനലൂർ : കൊല്ലം-ചെങ്കോട്ട പാതയുടെ വൈദ്യുതീകരണത്തിനായി പുനലൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിക്കുന്ന 110 കെ.വി. സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള പദ്ധതിക്ക് കെ.എസ്.ഇ.ബി.യുടെ അനുമതി ഇനിയും ലഭിച്ചില്ല. കൊല്ലം-പുനലൂർ പാതയിൽ വൈദ്യുതീകരണം പൂർത്തിയാക്കുകയും വൈദ്യുതി എഞ്ചിൻ പരീക്ഷണയോട്ടം നടത്തുകയും ചെയ്തിട്ടും സബ് സ്‌റ്റേഷനിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള അനുമതി അനിശ്ചിതമായി നീളുകയാണ്. സമയബന്ധിതമായി അനുമതി ലഭിക്കാതിരുന്നതിനാൽ പരീക്ഷണയോട്ടത്തിന് കൊല്ലം പെരിനാട്ടെ സബ് സ്റ്റേഷനിൽ നിന്ന് റെയിൽവേയ്ക്ക് വൈദ്യുതി ലഭ്യമാക്കേണ്ടി വന്നിരുന്നു.
കൊല്ലം-ചെങ്കോട്ട പാതയിലേയ്ക്ക് പൂർണമായും വൈദ്യുതി എത്തിക്കുന്നതിനു വേണ്ടിയാണ് പുനലൂർ റെയിൽവേ സ്റ്റേഷനിൽ സബ് സ്റ്റേഷൻ നിർമിക്കുന്നത്. ഇവിടേയ്ക്ക് വൈദ്യുതി എത്തിക്കുന്നതിന് 27.5 കോടിയുടെ അടങ്കൽ തയ്യാറാക്കി സമർപ്പിച്ചത് കഴിഞ്ഞ സെപ്തംബറിലാണ്. കെ.എസ്.ഇ.ബി.യുടെ പുനലൂരിലെ 25 മെഗാവാട്ട് ശേഷിയുള്ള സബ് സ്റ്റേഷനിൽ നിന്നും മൂന്നര കിലോമീറ്റർ ദൂരം ഭൂഗർഭ കേബിൾ സ്ഥാപിച്ച് റയിൽവേ സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതാണ് പദ്ധതി. റെയിൽവേയുടേയും കെ.എസ്.ഇ.ബി.യുടേയും അധികൃതർ തമ്മിൽ പല തവണ കൂടിക്കാഴ്ച നടത്തിയിട്ടും പക്ഷേ അനുമതി ലഭിച്ചില്ല.പുതുക്കിയ നിരക്കനുസരിച്ച് അടങ്കൽ വീണ്ടും പുതുക്കി ഫിനാൻസ് ഓഫീസറുടെ അനുമതിക്കു സമർപ്പിച്ചിരിക്കുകയാണെന്ന് കെ.എസ്.ഇ.ബി. വൃത്തങ്ങൾ പറയുന്നു. പത്തു ദിവസത്തിനുള്ളിൽ അനുമതി ലഭിച്ചേക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.
















