പ്രവാസിഭക്തന്റെ കാണിക്കയായി വടക്കുന്നാഥക്ഷേത്രത്തിലേക്ക് 100 പവൻ തൂക്കമുള്ള സ്വർണ ആനയും ഒരുകോടി രൂപയും. സ്വർണ ആനയ്ക്ക് 45 ലക്ഷത്തോളം രൂപ വിലമതിക്കും. ആനയെ നടയിരുത്തുന്ന ചടങ്ങ് പ്രതീകാത്മകമായി നടത്തി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആന പഴയന്നൂർ ശ്രീരാമനെയാണ് പ്രതീകാത്മകമായി നടയിരുത്തിയത്.
നടയിരുത്തലിന്റെ ചടങ്ങുകളിലെല്ലാം സ്വർണ ആനയെയും ഉൾപ്പെടുത്തിയിരുന്നു. വെള്ളയും കരിമ്പടവും വിരിച്ച് ശ്രീരാമനെ ഇരുത്തിയതിനു സമീപം സ്വർണ ആനയെയും വെക്കുകയാണ് ചെയ്തത്.
രണ്ട് ആനകൾക്കും പൂജയുമുണ്ടായിരുന്നു. ക്ഷേത്രത്തിലെ വലിയബലിക്കല്ലിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് നടയിരുത്തൽച്ചടങ്ങ് നടന്നത്. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരി നേതൃത്വം നൽകി.
ചടങ്ങിൽ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ എം.ജി. ജഗദീഷ്, മാനേജർ പി. കൃഷ്ണകുമാർ, സമിതി പ്രസിഡന്റ് പി. പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ. ഹരിഹരൻ, പി. ശശിധരൻ, രാമകൃഷ്ണൻ, ജീവധനം മാനേജർ ഇ.ഡി. അഖിൽ എന്നിവർ പങ്കെടുത്തു.