സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന തൈക്കാട് ഭാരത് ഭവനിൽ നടക്കുന്നത് ലക്ഷങ്ങളുടെ വെട്ടിപ്പ്. ഒരു ഉന്നത ഉദ്യോഗസ്ഥയുടെ ഒത്താശയോടെ സ്ഥാപത്തിന്റെ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഈ പകൽകൊള്ള നടക്കുന്നതെന്നാണ് ആക്ഷേപം. പാവപ്പെട്ട കലാകാരന്മാർ ഉൾപ്പെടെ ഈ കൊള്ളയ്ക്ക് ഇരകളായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കലാകാരന്മാർക്ക് വിവിധ പരിപാടികൾ നടത്തിയതിന് പ്രതിഫലമായി കിട്ടുന്ന തുകയിൽ പകുതിയിലേറെയും കമ്മിഷനായി കൊടുക്കേണ്ടി വരുന്നുവെന്നതടക്കം പരാതികൾ സ്ഥാപനത്തിനെതിരെ കലാകാരൻമാർ ഉന്നയിക്കുന്നുണ്ട്. അതുപോലെ തന്നെ കലാകാരന്മാരുടെ പേരിൽ ഇരട്ടിയിലേറെ പണം എഴുതി ഭാരത് ഭവനിലെ ഉദ്യോഗസ്ഥർ തന്നെ തട്ടുന്നതായും കലാകാരന്മാർ പറയുന്നു.
കലാ-സാംസ്‌കാരിക പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണു ഭാരത് ഭവന്റെ ചുമതല. പരിപാടികൾ അവതരിപ്പിക്കുന്ന കലാകാരന്മാരിൽ നിന്നും മറ്റു കരാർ ഏറ്റെടുക്കുന്നവരിൽ നിന്നും ബിൽ മാറിക്കഴിഞ്ഞ ശേഷം ഭൂരിഭാഗം തുകയും കമ്മിഷൻ പറ്റുന്നു എന്നാണ് പരാതി. മറ്റു ചെലവുകൾക്കുള്ള തുക എന്ന പേരിലാണു പണം തിരികെ വാങ്ങുന്നത്. പരാതി പറഞ്ഞാൽ അടുത്ത തവണ ഇവർക്ക് ജോലി ഉണ്ടാകില്ല എന്ന ഭീഷണി ഉള്ളതിനാൽ ഇതേക്കുറിച്ച് പ്രത്യക്ഷത്തിൽ പരാതി പറയാൻ പലരും തയ്യാറല്ല. ഇത് ഭാരത് ഭവനിൽ തട്ടിപ്പ് തുടരാനും കാരണമാകുന്നു.
ഭാരത് ഭവനിൽ വെച്ച് പരിപാടി നടത്താൻ എത്തുന്നവരോട് മുൻകൂട്ടി പ്രതിഫലം പറഞ്ഞുറപ്പിച്ച ശേഷം അതിന്റെ ഇരട്ടിയിലേറെ വരുന്ന തുകയുടെ ബിൽ നൽകാൻ ആവശ്യപ്പെടുന്ന രീതിയും ഇവിടെ നടക്കുന്നുണ്ട്. ബിൽ പാസാക്കിയ ശേഷം അധികമുള്ള തുക പണമായി നേരിട്ട് എൽപ്പിക്കണമെന്നാണു ധാരണയെന്ന് അത്തരത്തിൽ പണം നൽകിയവർ പറയുന്നു. ചിലർക്ക് അവരുടെ ബിൽ തുകയേക്കാൾ ചെറിയ പണം അധികം ലഭിക്കുന്നതിനാൽ ഇവർ ഇത് പുറത്തുപറയാറില്ല.
ഒരു താൽകാലിക ജീവനക്കാരനാണ് ഇതിന്റെ ഇടനിലക്കാരനായി പ്രവർത്തിക്കുന്നത് എന്നാണ് വിവരം. ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇത്തരത്തിൽ പണം വന്നതായാണ് റിപ്പോർട്ട്. പരിപാടികളുമായി ബന്ധപ്പെട്ട് ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിലും വ്യാജ ബില്ലുകൾ ഉപയോഗിച്ചും വൻതുക വെട്ടിച്ചതായും പരാതിയുണ്ട്. 2018ൽ കണ്ണൂരിൽ നടന്ന മലബാർ സാംസ്‌കാരിക പൈതൃകോൽസവത്തിന്റെ ബിൽ മാറിയിരിക്കുന്നത് തിരുവനന്തപുരം വഞ്ചിയൂരുള്ള ഒരു സ്ഥാപനത്തിന്റെ പേരിലാണ്. ഈ പേരിൽ വഞ്ചിയൂരിൽ പ്രവർത്തിക്കുന്നത് ഒരു ഫോട്ടോ സ്റ്റുഡിയോയാണ്.
കലാകാരന്മാരുടെ പണം കമ്മീഷൻ വഴി തട്ടിയെടുക്കുന്നതിന് പുറമെ പല പരിപാടികളിലും പങ്കെടുത്ത കലാകാരൻമാർക്കും സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം കിട്ടിയിട്ടില്ലെന്നും പരാതിയുണ്ട്. ഇവരുടെ പേരിൽ ബില്ലുകൾ മാറിയിട്ടുണ്ടെങ്കിലും ഇവർക്ക് പണം നൽകാതെ അവഗണിക്കുകയാണ് ചെയ്യാറുള്ളെതെന്നാണ് പരാതി.
കൊവിഡ് കാലത്ത് വേദികളില്ലാതെ കഷ്ടപ്പെട്ട കലാകാരൻമാരെ സഹായിക്കാൻ വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഫണ്ട് സ്വരൂപിച്ചു നടത്തിയ ‘മഴമിഴി’ ഓൺലൈൻ കലാമേളയുമായി ബന്ധപ്പെട്ടും ക്രമക്കേടുകൾ നടന്നതായി ആക്ഷേപമുണ്ട്. ഇതിനായി ജോലി ചെയ്ത പലർക്കും പ്രതിഫലവും നൽകിയിട്ടില്ല.
സർക്കാരിന്റെ വിവിധ പരിപാടികൾക്കായി പാട്ടെഴുതി നൽകുന്ന സംസ്ഥാനത്തെ ഒരു പ്രധാന കവിക്ക് പണം നൽകിയെന്ന പേരിൽ വ്യജ ബില്ലുണ്ടാക്കി പണം തട്ടിയതായും ആക്ഷേപമുണ്ട്. സ്ഥിരമായി സർക്കാരിന് സൗജന്യമായി പാട്ടെഴുതി നൽകുന്ന വ്യക്തിയുടെ പേരിലാണ് തട്ടിപ്പ്. ഈ പാട്ടിന് ഈണം പകർന്ന പ്രമുഖ മ്യൂസിക് ഡയറക്ടർക്ക് 50000 രൂപ നൽകാമെന്ന് പറഞ്ഞെങ്കിലും 5000 രൂപ മാത്രം നൽകി കബളിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഭാരത് ഭവനിൽ നടക്കുന്ന തട്ടിപ്പുകൾ അന്വേഷിച്ചാൽ വ്യക്തമാകുമെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതികളെല്ലാം ഒതുക്കുന്നെന്നാണ് റിപ്പോർട്ട്. ഇതിനായി വകുപ്പിലെ തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥ ഭാരത് ഭവൻ സെക്രട്ടറിക്ക് കൂട്ടുനിൽക്കുന്നതായും ആക്ഷേപമുണ്ട്. വിഷയത്തിൽ വകുപ്പ് തല അന്വേഷണം നടന്നാലും അത് എത്തി നിൽക്കുക ഈ ഉദ്യോഗസ്ഥയിൽ ആയതിനാൽ സത്യാവസ്ഥ പുറത്തുവരുമോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ട്.