കൊല്ലം: ഇരുപത്തിയഞ്ച് കിലോ കഞ്ചാവുമായി നാലംഗ സംഘം പൊലീസ് പിടിയിൽ. കൊല്ലം ഡാൻസാഫ് ടീമും ചവറ പൊലീസും സംയുക്തമായാണ് സംഘത്തെ പിടികൂടിയത്.
ആറ്റിങ്ങൽ പറയത്ത് കോണം സ്വദേശി വിഷ്ണു, ഭാര്യ സൂര്യ, കൊല്ലം തൃക്കടവൂർ സ്വദേശി അഭയ് സാബു, കൊല്ലം ശാസ്ത്രി ജംഗ്ഷൻ സ്വദേശി ഉണ്ണികൃഷ്ണൻ എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്. കഴിഞ്ഞ ദിവസം പുലർച്ചെ നീണ്ടകര ചീലാന്തി ജംഗ്ഷനിലെ പെട്രോൾ പമ്പിൽ നിന്ന് പിടിയിലായത്. വിശാഖപട്ടണത്തിൻ നിന്ന് ഉണ്ണികൃഷ്ണന് വേണ്ടിയാണ് കഞ്ചാവ് കൊല്ലത്തേക്ക് കൊണ്ടുവന്നത്.ക്ഷേത്ര ദർശനത്തിനെന്ന വ്യാജേന കുടുംബവുമൊത്താണ് വൻതോതിൽ കഞ്ചാവ് കടത്തിയത്.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം പിൻതുടർന്ന് സംഘത്തെ പിടികൂടുകയായിരുന്നു. വിഷ്ണുവിന്റെ ഭാര്യ സൂര്യയും രണ്ടുവയസുള്ള കുട്ടിയും വാഹനത്തിലുണ്ടായിരുന്നു.
ചവറ സി.ഐ. നിസാമുദ്ദീൻ, ഡാൻസാഫ് എസ്.ഐ ജയകുമാർ, എ.എസ്.ഐ ബൈജു ജെറോം, ടീം അംഗങ്ങളായ രതീഷ്, ദീപു, സജു, സീനു, മനു, കോസ്റ്റൽ എസ്.ഐ പ്രശാന്തൻ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.