കെ റെയില്‍ ആണ് ഇപ്പോൾ എവിടെയും ചർച്ച വിഷയം. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളിൽ നിരവധി ക്രമസമാധാന പ്രശ്നങ്ങൾ ഇതിനോടകം ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷ സർക്കാർ നടപ്പാക്കാൻ തയാറെടുക്കുന്ന പദ്ധതിയിൽ നിരവധി പ്രതിഷേധങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്.പ്രധാനമായും കോൺഗ്രസിന്റെ ഭാഗത്തു നിന്നും. എന്നാൽ കോൺഗ്രസ് മനസിലാക്കേണ്ട ഒരു കാര്യമുണ്ട് .കെ റെയിൽ നടന്നാലും ഇല്ലെങ്കിലും കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ഭാവിക്ക് പ്രത്യകിച്ച് നഷ്ടങ്ങൾ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഒരുപക്ഷെ പദ്ധതി നടന്നാല്‍ എല്ലാ പദ്ധതികളെയും പോലെ അത് സര്‍ക്കാറിന്റെ വികസന രേഖകളിൽ പൊൻതൂവലായി ഈ സർക്കാരിന് അവകാശപ്പെടാം.
പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തതാണ് ഇടതുപക്ഷ സർക്കാർ നടപ്പാക്കുവാന്‍ ശ്രമിക്കുന്നത്.ഇതിൽ നിന്ന് തന്നെ കെ റെയിൽ കൊണ്ടുവരിക വഴി ഇടതുപക്ഷം മറ്റൊരു രഹസ്യ അജണ്ടയും നടപ്പാക്കുവാൻ ശ്രെമിക്കുന്നില്ല എന്ന് വ്യക്തമാണ്. വികസനം ആഗ്രഹിക്കുന്ന ജനങ്ങൾക്ക് ഈ നടക്കുന്ന പ്രതിഷേധം പ്രതിപക്ഷ രാഷ്ട്രീയ അജണ്ടയാണെന്നു മനസിലാക്കുവാൻ സാധിക്കും എന്നാണ് സി.പി.എം നേതൃത്വവും ആരോപിക്കുന്നത്.
എന്നാല്‍ കെ റെയിലിന്റെ മറ്റൊരു വഴിമുടക്കി കേരളത്തിലെ ബിജെപി ആണ്. കേന്ദ്ര അംഗീകാരം പദ്ധതിക്ക് ലഭ്യമായാല്‍ അത് കേരളത്തിലെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. ഇവിടെയാണ് ബി.ജെ.പിയുടെ അജണ്ടയും സംശയിക്കപ്പെടുന്നത്. കെ റെയില്‍ വിവാദം നിലനിര്‍ത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് അവരുടെ ശ്രമം. അതിനുള്ള കാരണമായി ഇവർ കേന്ദ്രത്തിൽ ചൂണ്ടിക്കാട്ടുന്നത് കെ റെയില്‍ വിരുദ്ധ പ്രക്ഷോഭം പാര്‍ട്ടിയുടെ കേരളത്തിലെ കരുത്ത് വര്‍ദ്ധിപ്പിക്കുമെന്നാണ്. എന്നാൽ കേരളത്തിലെ ബിജെപിക്ക് പൊതുവെ എല്ലാകാര്യത്തിലുമുള്ള അബദ്ധ ധാരണ പോലെയാണിത് എന്ന് പറയേണ്ടിവരും.
യുഡിഎഫിനും ഇതൊരു തുറുപ്പ് ചീട്ട് തന്നെയാണ്. അവരെ സംബന്ധിച്ചും ഈ സമരം കേരളത്തിലെ അവരുടെ നിലനിൽപ്പിനുള്ള കച്ചിത്തുരുമ്പ് ആണ്. അതായത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും വിജയിക്കാന്‍. കേരളത്തിൽ വിജയിക്കാൻ ഈ പ്രതിഷേധങ്ങൾ ഒന്നും പോരാതെ വരും എന്നതാണ് യാഥാർഥ്യം.യു.ഡി.എഫും ബി.ജെ.പിയും കെ റെയിലിനെതിരെ സമരം ചെയ്യുന്നതു പോലും രാഷ്ട്രീയപരമായി ഇടതിനാണ് ഗുണം ചെയ്യുക എന്നതാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്ഥല ഉടമകള്‍ക്കുള്ള വ്യക്തക്കുറവുകൾ പ്രതിഷേധം പടരാന്‍ ഒരു പരിധിവരെ കാരണമായി എന്നത് സത്യമാണ്. കല്ലിടലുമായി ബന്ധപ്പെട്ട് മറ്റ് രാഷ്ട്രീയ പാർട്ടികൾ ഇതിനെ പരമാവധി മുതലാക്കി. പൊലീസിനും വീഴ്ച പറ്റിയിട്ടുണ്ട്. നഷ്ടപരിഹാര തുക അടക്കുള്ള വിഷയങ്ങളിലും ഫലപ്രദമായി പുനരധിവാസം സാധ്യമാക്കുന്നതിലുമുള്ള സ്ഥലം ഉടമകളുടെ ആശങ്കകള്‍ പരിഹരിക്കാനും വീട് കയറിയുള്ള പ്രചാരണത്തിന് ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള ഇടതു സംഘടനകള്‍ മുന്നോട്ടുവന്നിട്ടുണ്ട്.പാരിസ്ഥിതിക ആഘാത പഠനം ഉള്‍പ്പെടെ നടത്തിയും ആശങ്കകള്‍ പരിഹരിച്ചും മാത്രമേ കെ റെയില്‍ പദ്ധതി നടപ്പാക്കു എന്നാണ് സര്‍ക്കാറും വ്യക്തമാക്കിയിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് വളക്കൂറുള്ള കേരളത്തിൽ ഈ പദ്ധതി കൊണ്ട് ഇവരുടെ അധികാരത്തിന് ഒരു കോട്ടവും സംഭവിക്കില്ല എന്നതാണ് പ്രതിപക്ഷം മനസിലാക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങളിലെ പദ്ധതികളുമായി താരതമ്യപെടുത്തുകയാണെങ്കിൽ കേരളത്തിൽ നടപ്പാക്കാൻ ശ്രെമിക്കുന്ന കെ റെയില്‍ അത്ര വലിയ പദ്ധതി ഒന്നുമല്ല. ബിജെപിയും കോൺഗ്രസ്സും അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം പദ്ധതികൾ ആകാമെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ ആയിക്കൂടാ എന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്.
ഒരുപക്ഷെ കേന്ദ്രം കെ റെയിലിന് നോ പറഞ്ഞാൽ ഈ പദ്ധതി അവസാനിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം പ്രഖ്യാപിക്കാതെ കേരളത്തിലെ ബിജെപിയുമായി ചേർന്ന് കേന്ദ്ര സര്‍ക്കാറും പദ്ധതിയിൽ ഒരു തീരുമാനം അറിയിക്കുന്നില്ല എന്നതാണ് വാസ്തവം. കേരളത്തിൽ ഈ പദ്ധതി നടപ്പാക്കാൻ താല്‍പ്പര്യമെങ്കില്‍ അത് പരസ്യമായി പറയാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണം.
എന്നാൽ എന്തിനും ഏതിനും തടസം നിൽക്കുന്ന കോൺഗ്രസിനെയും ബിജെപിയെയും ആകും വികസന മുടക്കികളായി ഭരണപക്ഷം ഉൾപ്പടെ ചിത്രീകരിക്കാൻ പോകുന്നത്. ഈ സാഹചര്യത്തെ പ്രതിപക്ഷപാർട്ടികൾ എങ്ങനെ നേരിടും എന്നതിനെ കൂടി അടിസ്ഥാനമാക്കിയാവും അവരുടെ ഭാവിയും നിര്‍ണ്ണയിക്കപ്പെടുക.