അടൂർ: ശബരിമല പാതയിൽ കൈവരി തകർന്ന് നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ട പന്നിവിഴ പീഠികയിൽ ദേവീക്ഷേത്ര ജങ്ഷനു സമീപം കല്ലട ജലസേചന പദ്ധതി കനാലിനു കുറുകെയുള്ള കനാൽ പാലത്തിന് സംരക്ഷണ ഭിത്തി നിർമിച്ചു.ദേശീയപാത അതോറിറ്റി അടിയന്തിരമായി വിഷയത്തിൽ ഇടപെടുകയായിരുന്നു. വശങ്ങൾ ഉയരത്തിൽ കോൺക്രീറ്റ് ചെയ്ത് കനാലിലേക്കു വാഹന ഡ്രൈവർമാർ ശ്രദ്ധിച്ചുപോകാൻ വെളിച്ചം പ്രതിഫലിക്കുന്ന വിവിധ നിറങ്ങളിലെ കല്ലുകളും പതിച്ചു.
പാലത്തിൻറെ കൈവരികളും സംരക്ഷണ ഭിത്തിയും തകർന്നിട്ട് 10 വർഷത്തിലേറെയായി. 45 വർഷം മുമ്പ് പണിതതാണ് പാലം. കൈവരിയില്ലാത്ത ഭാഗത്ത് കാടുകയറി വശങ്ങൾ കാണാനും കഴിഞ്ഞിരുന്നില്ല. ഇവിടെ കയറ്റവും വളവുമായതിനാൽ എതിരെ വരുന്ന വാഹനങ്ങൾ പെട്ടന്ന് ഡ്രൈവർമാർക്ക് കാണാൻ കഴിയില്ല. സംസ്ഥാന പാതയായിരുന്നപ്പോൾ തകർന്ന പാലമാണിത്. അപ്രോച്ച് റോഡിന് വീതിയും കുറവാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കനാലിലേക്കു മറിഞ്ഞ് അപകടം സംഭവിച്ചിട്ടുണ്ട്.
പൊതുമരാത്ത് വകുപ്പിന് കീഴിലെ പാത 2020ൽ ചവറ-മുണ്ടക്കയം ദേശീയപാതയുടെ ഭാഗമായി. ദേശീയപാത അതോറിറ്റി എറ്റെടുത്തിട്ടും പാലം പുനർനിർമിച്ചില്ല. ശബരിമല തീർഥാടനകാലത്ത് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന കേരളത്തിലെ ഒരു സുപ്രധാന ദേശീയപാത ആണിത്.