തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധ പടർന്ന് പിടിച്ചതോടെയാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനമടക്കം നീങ്ങിയത്. ദുരന്ത നിവാരണ നിയമപ്രകാരമായിരുന്നു കൊവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കിയത്. ലോക്ക്ഡൗൺ, പ്രാദേശിക നിയന്ത്രണം, മാസ്ക്ക് ധരിക്കൽ എന്നിവയിൽ ഇതുപ്രകാരം നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ കേസുകളും ഉണ്ടായിരുന്നു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽ നിന്നും പിഴയും ഇടാക്കിയിരുന്നു. മാസ്ക്ക് അടക്കം ധരിച്ചില്ലെങ്കിൽ 500 മുതല്‍ 2000 വരെയായിരുന്നു പിഴ അടക്കേണ്ടി വന്നിരുന്നത്. ഈ രീതിയിൽ വലിയൊരു തുക സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്ക് എത്തിയിട്ടുണ്ട്.
കണക്കുകൾ പ്രകാരം നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഇതുവരെ 66 ലക്ഷത്തോളം പേരാണ് നടപടി നേരിട്ടത്. കൊവിഡ് പ്രതിരോധത്തിൽ ഏറ്റവും പ്രധാനപ്പെട്ട മാസ്ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ നടപടി എടുത്തത്. മാസ്ക്ക് ധരിക്കാതിരുന്ന 42,73,735 പേരിൽ നിന്നും ദുരന്ത നിവാരണ നിയമ പ്രകാരം ഇതുവരെ പിഴ ഈടാക്കിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

















