സുഹാർ: റമദാൻ വിളിപ്പാടകലെ എത്തിനിൽക്കെ വ്യാപാര സ്ഥാപനങ്ങളും സൂക്കുകളും തെരുവുകച്ചവടവും ഉണർന്നുകഴിഞ്ഞു. പുത്തൻ സ്റ്റോക്കുകളും ഭക്ഷണ സാധനങ്ങൾക്ക് ഓഫറുകളും കൊണ്ട് സജീവമാണ് മാർക്കറ്റുകൾ. പള്ളികളിൽ വർണം പൂശിയും കാർപെറ്റുകൾ മാറ്റിവിരിച്ചും കഴുകി വൃത്തിയാക്കിയും പരിശുദ്ധ റമദാനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. കോവിഡ് വ്യാപനത്തിൻറെ രണ്ടുവർഷം ആഘോഷങ്ങളില്ലാതെ ആശങ്കയിൽ കഴിഞ്ഞവർക്ക് വരുന്ന റമദാൻ കരിനിഴൽ ഒഴിഞ്ഞപോലെ തെളിമ നൽകുന്നുണ്ടെന്ന് മാർക്കറ്റുകളിലെ തിരക്കുകൾ സൂചിപ്പിക്കുന്നു. ഇതിനിടെ പള്ളികളിലും പൊതുയിടങ്ങളിലും ഈ സമയങ്ങളിൽ ഉയർന്നുവരാറുള്ള ഇഫ്താർ ടെൻറുകൾ ഉയർന്നിട്ടില്ല എന്നത് പ്രവാസികളിൽ ചെറിയ നിരാശ സൃഷ്ടിച്ചിട്ടുണ്ട്. യാത്രക്കാർക്കും മറ്റും വലിയ ആശ്വാസമായിരുന്നു ഇത്തരം ടെന്റുകൾ.