മസ്കത്ത്: പ്രവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യയിൽനിന്ന് മസ്കത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകൾ കുറയുന്നു. ഒമാൻ എയർ ബുധനാഴ്ച ഇന്ത്യയിലെ വിവിധ സെക്ടറിലേക്ക് സർവിസുകൾ പ്രഖ്യാപിച്ചതോടെയാണിത്. കോഴിക്കോട്, കൊച്ചി അടക്കം എട്ട് സെക്ടറിലേക്കാണ് ഒമാൻ എയർ അടുത്ത മാസം മുതൽ സർവിസ് നടത്തുക. ബംഗളൂരു, ഗോവ, മുംബൈ, ചെന്നൈ, ഡൽഹി, ഹൈദരാബാദ് എന്നിവയാണ് സർവിസ് ആരംഭിക്കുന്ന മറ്റു സെക്ടറുകൾ. അതിനിടെ, ബജറ്റ് വിമാന കമ്പനിയായ സലാം എയറും ഒമാൻ എയറും സഹകരണത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഇന്ത്യൻ വിമാന കമ്പനികളായ ഗോ എയർ, ഇൻഡിഗോ എന്നിവ സർവിസുകൾ പ്രഖ്യാപിക്കുന്നതോടെ നിരക്കുകൾ ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഒമാൻ എയർ സർവിസുകൾ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നിരക്കുകൾ കുറച്ചു.