പണ്ട് മുതിർന്ന ആളുകളിൽ മാത്രം കണ്ടു വന്നിരുന്ന ഒരു പ്രവണതയായിരുന്നു ആത്മഹത്യ എന്നത്. എന്നാൽ ഇപ്പോൾ അത് കൂടുതൽ കാണപ്പെടുന്നത് നമ്മുടെ കുട്ടികളിലാണ്. ഞെട്ടിക്കുന്ന ആത്മഹത്യ കണക്കുകളാണ് പുറത്ത് വരുന്നത്. ദിവസം തോറും ഈ പ്രശ്നത്തിന്റെ ആഴവും വ്യാപ്തിയും വർധിയ്ക്കുകയാണ്. കാര്യക്ഷമമായ ഇടപെടലുണ്ടായില്ലെങ്കിൽ ഒരിയ്ക്കലും സംഭവിയ്ക്കാൻ പാടില്ലാത്ത ആത്മഹത്യ ഒരു സാധാരണ സംഭവമായി മാറും. മാനവ വിഭവശേഷിയാണ് ഒരു രാജ്യത്തിൻറെ ബലം. അതുകൊണ്ട് തന്നെ അകാലത്തിൽ നഷ്ടമാകുന്ന ജീവനുകൾ വ്യക്തികൾക്കും കുടുംബത്തിനും രാജ്യത്തിനും തന്നെ വലിയ നഷ്ടമുണ്ടാക്കും.
2020 വർഷത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് ഒരു ദിവസം ശരാശരി 31 കുട്ടികളാണ് സ്വന്തം ജീവൻ ബലി കൊടുത്തത്. അതായത് വർഷം 11,396 കുട്ടികൾ ജീവനൊടുക്കി. ഈ കണക്കുകൾ ഞെട്ടലും ഭയപ്പാടുമില്ലാതെ കേൾക്കാൻ നമുക്ക് കഴിയില്ല. 2019 ൽ 9613 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 2018 ൽ ഇത് 9,413 കുട്ടികളായി. കണക്കുകൾ പ്രകാരം 4006 കുട്ടികൾ സ്വന്തം കുടുംബത്തിൽ നിന്നുള്ള പ്രശ്നങ്ങൾ കാരണമാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. പ്രണയ ബന്ധങ്ങളിൽ ഉൾപ്പെടുകയും അതിനെത്തുടർന്ന് ജീവനോടുക്കുകയും ചെയ്തത് 1337 പേരാണ്. അസുഖങ്ങൾ മൂലം ജീവനൊടുക്കിയത് 1327 പേരാണ്. ഇവ കൂടാതെ സാമ്പത്തിക പ്രതിസന്ധി, കഴിവില്ല എന്ന തോന്നൽ, ലഹരി ഉപയോഗം, പഠന സംബന്ധമായ പ്രയാസങ്ങൾ, ഒറ്റപ്പെടുന്നു എന്ന തോന്നൽ തുടങ്ങിയവയെല്ലാം പല കുട്ടികളുടെയും ആത്മഹത്യയ്ക്ക് കാരണമായിട്ടുണ്ട്.
കഴിഞ്ഞദിവസം കേരളത്തിൽ പോലീസ് നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിലെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. കുട്ടികളുടെ ആത്മഹത്യ കൂടുന്നുവെന്നാണ് പോലീസിന്റെ പഠന റിപ്പോർട്ടിൽ പറയുന്നത്. കൊവിഡ് കാലത്താണ് കുട്ടികളുടെ ആത്മഹത്യ ഏറ്റവും കൂടുതൽ വർധിച്ചതെന്നാണ് പൊലീസിന്റെ പഠന റിപ്പോർട്ട്. കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് ഇവിടെയും ആത്മഹത്യയ്ക്കു കാരണം. സർക്കാരിന്, പൊലീസ് കൈമാറിയ റിപ്പോർട്ടിൽ ഇത് വെക്തമായി പറയുന്നുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തെ കണക്കുകള്‍ പരിശോധിച്ചാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയത്. കുട്ടികളുടെ ആത്മഹത്യകള്‍ റിപ്പോർട്ട് ചെയ്യുന്നത് കൂടുന്ന സാഹചര്യത്തിലാണ് ഇതിന്റെ കാരണങ്ങളെ കുറിച്ചുള്ള പഠനം നടത്തിയത്.
2019ൽ 230 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇതിൽ 97 ആണ്‍കുട്ടികളും, 133 പെണ്‍കുട്ടികളും ആണ്. 2020ൽ 311 കുട്ടികള്‍ ആത്മഹത്യ ചെയ്തു. 142 ആണ്‍ കുട്ടികളും, 169 പെണ്‍കുട്ടികളും ഇതിൽ ഉൾപ്പെടും. 2021 ആയപ്പോള്‍ ആതമഹത്യനിരക്ക് വീണ്ടും കൂടി. 345 ആയി. 168 ആണ്‍കുട്ടികളും, 177 പെണ്‍കുട്ടികളും. ഓരോ വർഷവും ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണവും ഉയരുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ വന്ന ശേഷം കുട്ടികള്‍ വീട്ടിനുള്ളിലായപ്പോഴാണ് ആത്മഹത്യ കൂടിരിക്കുന്നതെന്നാണ് ഞെട്ടിക്കുന്ന വസ്തുത. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളാണ് കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.
പുറത്തേക്ക് ഒന്നും പോകാതെ വീട്ടിനുള്ളിൽത്തന്നെ കഴിയേണ്ടിവന്നപ്പോൾ ഉള്ള കുട്ടികള്‍ക്കുണ്ടായ മാനസിക പ്രശ്നങ്ങളും അതു വഴി വീട്ടുകാരുമായുള്ള തർക്കവുമെല്ലാം കുട്ടികളുടെ ആത്മഹത്യക്ക് കാണമായിട്ടുണ്ട്. പെണ്‍കുട്ടികളാണ് ആതമഹത്യ ചെയ്യുന്നതിൽ കൂടുതൽ. പരീക്ഷ തോൽവി, ഓണ്‍ ലൈൻ ഗെയിമുകൾ, പ്രണയ നൈരാശ്യം ഇതെല്ലാം ആത്മഹത്യക്ക് കാണമായിട്ടുണ്ടെങ്കിലും അത് ചെറിയൊരു ശതമാനം മാത്രമാണെന്നാണ് കണ്ടെത്തൽ. മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം, വയനാട് ജില്ലകളിലാണ് കുട്ടികളുടെ ആത്മഹത്യ കൂടുതൽ.
പഠനം നടത്തുന്നതിൻെറ ഭാഗമായി തെരഞ്ഞെടുത്ത ചില വീടുകളിൽ രക്ഷിതാക്കളെ കണ്ട് കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചിരുന്നു. എന്താണ് കുടുംബത്തിന് അകത്തുണ്ടായ പ്രശ്നങ്ങളെന്ന് തുറന്ന് പറയാൻ കൃത്യമായി രക്ഷിതാക്കള്‍ തയ്യാറായില്ല. കൊവിഡ് നിയന്ത്രങ്ങള്‍ മാറി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന സാഹചര്യത്തിൽ ആത്മഹത്യ ബോധവത്ക്കണവും കൗണ്‍സിലുമെല്ലാം ആരംഭിക്കണമെന്നാണ് പൊലീസിൻെറ ശുപാർശ. പാഠ്യഭാഗങ്ങളിലും ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും ശുപാർശ ചെയ്യുന്നു. കരുത്തുറ്റ കുടുംബബന്ധങ്ങളാണ് എന്നും കേരളം മേന്മയായി ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ നമ്മുടെ വീടുകളിലെ സ്ഥിതി ആശങ്ക ഉണ്ടാക്കുന്നതാണെന്നും കുട്ടികൾക്ക് വലിയ കരുതൽ വേണമെന്നും ഓർമ്മപ്പെടുത്തുന്നതാണ് പൊലീസിന്റെ പഠനം.
മൊബൈൽ ഉപയോഗം ഒരു വില്ലനാകുന്നുണ്ടോ?
പ്രായം ഏതായാലും വളരെ ശ്രദ്ധയോടെയും നിയന്ത്രിതമായും ഉപയോഗിക്കേണ്ട ഒന്നാണ് മൊബൈൽ. പക്വതയെത്താത്ത പ്രായത്തിൽ മൊബൈൽ ഫോണും ഇന്റർനെറ്റും വേണ്ടത്ര ലഭിക്കുന്നതും കുട്ടികളെ തെറ്റായ വഴികളിലേയ്ക്ക് നയിക്കുന്നുണ്ട്. ഇതിന്റെ പരിണിതഫലമായും ധാരാളം ആത്മഹത്യകൾ നടക്കുന്നുണ്ട്. ചില കുട്ടികൾ മറ്റുള്ളവരെ പോലെ ഡിജിറ്റൽ മാർഗങ്ങൾ ലഭിയ്ക്കാത്തത് മൂലമുള്ള വിഷമം കാരണവും ആത്മഹത്യ ചെയ്തതായി കണക്കുകൾ ഉണ്ട്. കാരണം എന്ത് തന്നെയായാലും മനസ്സിൽ ഉദ്ദേശിച്ചതുപോലെ ജീവിതം മുന്നോട്ട് പോകുന്നില്ല എന്ന ചെറിയ തോന്നലുകളാണ് പലപ്പോഴും ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്. അകാരണമായുള്ള വിഷാദാവസ്ഥയും ആത്മഹത്യയിൽ കലാശിക്കാറുണ്ട്. കുട്ടികളുടെ മേൽ എല്ലായ്പ്പോഴും തികഞ്ഞ ശ്രദ്ധ വേണം എന്നാതാണ് പുതിയ കണക്കുകൾ സൂചിപ്പിയ്ക്കുന്നത്. മനസിൻറെ ചെറിയ താളപ്പിഴകൾ ജീവൻ തന്നെ ഇല്ലാതാക്കുന്നതിലേയ്ക്ക് നയിക്കും.
സ്കൂളുകളിൽ കൗൺസിലിംഗ് നിർബന്ധം
കുട്ടികൾ ഏറ്റവും കൂടുതൽ സമയം ചെലവഴിയ്ക്കുന്നത് സ്കൂളിലാണ്. മാതാപിതാക്കളേക്കാൾ അധ്യാപകരാണ് കുട്ടികളെ പകൽ സമയം മുഴുവൻ കാണുന്നതും. അതിനാൽ തന്നെ വിദ്യാർഥികളുടെ പല തരത്തിലുള്ള പ്രയാസങ്ങൾ മനസിലാക്കാനും കുട്ടികളോട് ഇടപെടാനും കഴിയുന്നതും അധ്യാപകർക്കാണ്. കുട്ടികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാൻ എല്ലാ സ്കൂളുകളിലും പ്രത്യേക സമിതി കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്. അതേസമയം, കുട്ടികളിലെ ആത്മഹത്യാ പ്രവണതകൾ തടയാൻ മാതാപിതാക്കൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാനാകും. കുട്ടികളുടെ സ്വഭാവത്തിലും സംസാര രീതികളിലും നേരിയ വ്യത്യാസങ്ങൾ സംഭവിയ്ക്കുമ്പോൾ പോലും അത് തിരിച്ചറിയാൻ സാധിയ്ക്കുന്നത് മാതാപിതാക്കൾക്കാണ്. കടുത്ത മാനസിക സംഘർഷമോ വിഷാദാവസ്ഥയോ അനുഭവിയ്ക്കുന്ന കുട്ടികൾ ഇത്തരം ആത്മഹത്യകളിലേയ്ക്ക് നീങ്ങുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നത് ഓർമ വേണം. അതിനാൽ കുട്ടിയെ നിരന്തരമായി നിരീക്ഷിയ്ക്കുന്നതിന് സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
ആത്മഹത്യാ ഭീഷണി അവഗണിയ്ക്കരുത്
കുട്ടികൾ പലപ്പോഴും രക്ഷിതാക്കളോട് ആത്മഹത്യാ ഭീഷണികൾ മുഴക്കാറുണ്ട്. ചെറുതോ വലുതോ ആയ വാശികളോ കാരണങ്ങളോ ആകാം അതിന് പിന്നിൽ. എന്നാൽ മിക്കപ്പോഴും ഇത്തരം വാചകങ്ങളെ വേണ്ടത്ര ഗൗരവത്തോടെ പരിഗണിയ്ക്കാത്തതും അപ്രതീക്ഷിതമായ നഷ്ടങ്ങൾക്ക് വഴിവെയ്ക്കാറുണ്ട്. കുട്ടികൾ പലപ്പോഴും ഇത്തരം വാചകങ്ങൾ ഉപയോഗിച്ചേക്കാം. ‘ഉറങ്ങുന്നതിനിടെ മരിച്ചുപോയാൽ മതിയായിരുന്നു, നാളെ ഉറങ്ങി എഴുന്നേൽക്കാതിരുന്നെങ്കിൽ…ഞാനില്ലാതായാൽ എല്ലാവർക്കും സന്തോഷമാകും…എന്നെക്കൊണ്ട് നിങ്ങൾ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരില്ല…ഞാൻ മരിച്ചുകഴിഞ്ഞാൽ ആരെങ്കിലും കരയുമോ എന്തോ… കുട്ടികളിലെ ഇത്തരം സംസാരങ്ങൾ നിസാരമായി ഒഴിവാക്കാതിരിയ്ക്കുക. അവരെ പരിഹസിയ്ക്കാതിരിയ്ക്കുക, ഒരുപക്ഷെ ചില സമയത്തെ പരിഹാസ രൂപത്തിലുള്ള ഒരു നോട്ടം പോലും കുട്ടികളുടെ മാനസികനില താളം തെറ്റിച്ചേക്കാം.
കുട്ടികളുടെ മനസ്സിലെ വിഷമകരമായ അവസ്ഥ മനസിലാക്കിയാൽ ഒരു പരുധിവരെ നമുക്ക് കുട്ടികളെ സംരക്ഷിക്കാനാകും. വളരെ നല്ല പോസിറ്റിവ് ആയ കാര്യങ്ങൾ പറഞ്ഞ് അവരെ മാറ്റിയെടുക്കാൻ ശ്രമിയ്ക്കണം. എന്ത് പ്രശ്നം വന്നാലും അവർ നിങ്ങളോട് പങ്കുവെയ്ക്കുന്ന തരത്തിലുള്ള അടുപ്പം സൃഷ്ടിയ്ക്കാൻ രക്ഷിതാക്കൾക്ക് കഴിയണം. എങ്കിൽ മാത്രമേ നിങ്ങൾ അവർക്കൊപ്പം തന്നെയുണ്ടെന്ന ഉറച്ച വിശ്വാസം കുട്ടികളിൽ ഉണ്ടാകു. അൽപ്പം സമയം എല്ലാവരും കുട്ടികൾക്ക് വേണ്ടി മാറ്റിവെക്കുക.