രാജ്യത്തെ സാമുദായിക സൗഹാർദത്തിന് മാതൃകയായി ബീഹാറിലെ ഒരു മുസ്ലീം കുടുംബം. 2.5 കോടി രൂപ വിലമതിക്കുന്ന ഭൂമി ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ വിരാട് രാമായണ മന്ദിറിന്റെ നിർമ്മാണത്തിനായി സൗജന്യമായി വിട്ടു നൽകിയാണ് മുസ്ലിം കുടുംബം മാതൃകയായത്. ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലെ കൈത്വാലിയ പ്രദേശത്താണ് ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിർമിക്കുന്നത്.
ഗുവാഹത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന കിഴക്കൻ ചമ്പാരനിൽ നിന്നുള്ള വ്യവസായി ഇഷ്തിയാഖ് അഹമ്മദ് ഖാനാണ് ഭൂമി വിട്ടുനൽകിയത്. ക്ഷേത്ര നിർമാണ പദ്ധതി ഏറ്റെടുത്തിരിക്കുന്ന പട്‌ന ആസ്ഥാനമായുള്ള മഹാവീർ മന്ദിർ ട്രസ്റ്റ് മേധാവി ആചാര്യ കിഷോർ കുനാൽ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ക്ഷേത്രം പണിയുന്നതിനായി തന്റെ കുടുംബത്തിന്റെ ഭൂമി സംഭാവന ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും അദ്ദേഹം അടുത്തിടെ കേസരിയ സബ് ഡിവിഷന്റെ (ഈസ്റ്റ് ചമ്പാരൻ) രജിസ്ട്രാർ ഓഫീസിൽ പൂർത്തിയാക്കിയാതായി മുൻ ഇന്ത്യൻ പോലീസ് സർവീസ് ഓഫീസർ കൂടിയായ കുനാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രണ്ട് സമുദായങ്ങൾ തമ്മിലുള്ള സാമൂഹിക സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ ഉദാഹരണമാണ് ഖാനും കുടുംബവും നൽകിയ ഈ സംഭാവനയെന്ന് ആചാര്യ പറഞ്ഞു. മുസ്‌ലിംകളുടെ സഹായമില്ലായിരുന്നെങ്കിൽ ഈ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കാൻ പ്രയാസമായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാവീർ മന്ദിർ ട്രസ്റ്റ് ഇതുവരെ 125 ഏക്കർ ഭൂമി ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി നേടിയിട്ടുണ്ട്. പ്രദേശത്ത് 25 ഏക്കർ ഭൂമി കൂടി ട്രസ്റ്റ് ഉടൻ ലഭ്യമാക്കും. 215 അടി ഉയരമുള്ള കമ്പോഡിയയിലെ 12-ാം നൂറ്റാണ്ടിലെ ലോകപ്രശസ്തമായ അങ്കോർ വാട്ട് സമുച്ചയത്തേക്കാൾ ഉയരം കൂടിയതാണ് വിരാട് രാമായണ മന്ദിർ. കിഴക്കൻ ചമ്പാരനിലെ സമുച്ചയത്തിൽ ഉയർന്ന ശിഖരങ്ങളുള്ള 18 ക്ഷേത്രങ്ങൾ ഉൾപ്പെടും. അതിലെ ശിവക്ഷേത്രത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ഉണ്ടാകും.