അജ്മാൻ: അജ്മാനിൽ വാഹനമോടിക്കുന്നവർ ഇനിമുതൽ കൂടുതൽ ശ്രദ്ധിക്കണം. അശ്രദ്ധയോടെ വാഹനമോടിച്ചാൽ മാത്രമല്ല നിർത്തിയിട്ടാലും പണി പാളും. പഴയ അജ്മാനല്ല പുതിയ അജ്മാൻ. ഗതാഗത നിയമങ്ങളിൽ കാതലായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. പാർക്കിങ് മേഖലകളിൽ പരിശോധനക്കായി മുൻപ് ഉദ്യോഗസ്ഥരായിരുന്നെങ്കിൽ പല മേഖലകളിലും സ്മാർട്ട് സംവിധാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഇവിടങ്ങളിൽ പരിശോധിക്കുന്നത് സ്മാർട്ട് കാമറകളാണ്. രണ്ട് തരത്തിലുള്ള കാമറകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. പാർക്കിങ് പ്രദേശത്ത് സ്ഥിരമായി സ്ഥാപിച്ച കാമറകൾ കൂടാതെ വാഹനത്തിന് മുകളിൽ കാമറകൾ സ്ഥാപിച്ച സംവിധാനങ്ങളും ഈ പ്രദേശങ്ങളിൽ നിരീക്ഷണം നടത്തും. പാർക്കിങ് പ്രദേശത്ത് പരിശോധകൻ ഇല്ല എന്ന ധാരണയിൽ വാഹനം പാർക്ക് ചെയ്ത് പോകുന്നവർ ഇത്തരം കാമറകളിൽ കുടുങ്ങും.
പേ പാർക്കിംഗിനായി നിശ്ചയിച്ച മേഖലകളിൽ വാഹനം പ്രവേശിക്കുമ്പോൾ ഈ സ്മാർട്ട് കാമറകൾ നിരീക്ഷിക്കും. മേഖലയിൽ പ്രവേശിച്ച് പണം അടക്കാതെ പത്ത് മിനുട്ടിൽ കൂടുതൽ തങ്ങുന്നവർക്ക് കാമറകൾ വഴി പിഴ വീഴും. ആളെയോ സാധനങ്ങളോ കയറ്റി ഇറക്കുന്നതിനായാലും പത്ത് മിനുട്ടിൽ കൂടുതൽ തങ്ങുന്നവർക്ക് 150 ദിർഹം പിഴ ലഭിക്കും. വാഹനത്തിൽ ഡ്രൈവർ ഉണ്ടായിരുന്നാലും നിശ്ചിത സമയം കഴിഞ്ഞാൽ പിഴ വീഴും. അജ്മാനിലെ ശൈഖ് ഹുമൈദ് ബിൻ അൽ റാഷിദ് സ്ട്രീറ്റ്, ശൈഖ് റാഷിദ് ബിൻ ഹുമൈദ് സ്ട്രീറ്റ്, ഗോൾഡ് സൂക്ക് പാർക്കിങ്, മുഹമ്മദ് സേലം ബു ഖമീസ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് നിലവിൽ ഈ നിയമം നടപ്പിലാക്കിയത്.