ദുബൈ: എക്സ്പോ 2020യിൽ എത്തുന്നവർ ആദ്യം വാങ്ങുന്നത് മഞ്ഞ നിറമുള്ള എക്സ്പോ പാസ്പോർട്ടായിരിക്കും. ഓരോ പവലിയനുകളിൽ നിന്നിറങ്ങുമ്പോഴും ഇതിൽ അതാത് രാജ്യങ്ങളുടെ സീൽ പതിപ്പിക്കും. ഇങ്ങനെ 100 രാജ്യങ്ങളുടെ സീൽ പതിപ്പിച്ചവർക്ക് ലിമിറ്റഡ് എഡിഷൻ പാസ്പോർട്ട് സൗജന്യമായി നൽകുകയാണ് എക്സ്പോ. 20 ദിർഹം നൽകി വാങ്ങിയ മഞ്ഞ പാസ്പോർട്ടിന് പകരമാണ് സൗജന്യമായി വെള്ള സ്പെഷ്യൽ പാസ്പോർട്ട് നൽകുന്നത്.
എക്സപോയുടെ വിസിറ്റർ സെൻററുകളിലെത്തി പഴയ പാസ്പോർട്ടിലെ 100 സ്റ്റാമ്പുകൾ കാണിച്ചാൽ നിങ്ങൾക്ക് ലിമിറ്റഡ് എഡിഷൻ പാസ്പോർട്ട് ലഭിക്കും. എക്സപോയുടെ ഓർമക്കായാണ് പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്നത്. മുൻകാല എക്സപോകളിലും ഈ സംവിധാനമുണ്ടായിരുന്നു. എല്ലാ പവലിയനുകളിൽ നിന്നും പുറത്തിറങ്ങുന്ന വാതിലിനരികെ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യാൻ ആളുണ്ടാവും. എക്സ്പോ പവലിയനുകളിലെ സന്ദർശന സമയം രാത്രി 11 വരെയാക്കിയിട്ടുണ്ട്.