ദുബൈ: മഹാമേള അവസാനിക്കാൻ 11 ദിനം മാത്രം ബാക്കിനിൽക്കെ എക്സ്പോയുടെ അടുത്ത ആതിഥേയരായ ജപ്പാൻ മന്ത്രിയുമായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കൂടിക്കാഴ്ച നടത്തി. ദുബൈ എക്സ്പോയിലെത്തിയ മന്ത്രി വകാമിയ കെഞ്ജിയുമായാണ് ഹംദാൻ ചർച്ച നടത്തിയത്. 2025 ഏപ്രിൽ 13 മുതൽ ഒക്ടോബർ 13 വരെ ജപ്പാൻ ഒസാകയിലെ യുമേഷിമ ഐലൻഡിലാണ് അടുത്ത എക്സ്പോ അരങ്ങേറുന്നത്.
ജപ്പാൻ പവിലിയനിലായിരുന്നു കൂടിക്കാഴ്ച. ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന 2025 എക്സ്പോയുടെ മാതൃകയും ഹംദാൻ സന്ദർശിച്ചു. ദുബൈ നടത്തിയ മുന്നൊരുക്കത്തെ കുറിച്ച് ജപ്പാൻ മന്ത്രി ചോദിച്ചറിഞ്ഞു. ജപ്പാൻ ഇതുവരെ നടത്തിയ ഒരുക്കങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 150 രാജ്യങ്ങളെയാണ് ജപ്പാൻ എക്സ്പോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 25 രാജ്യാന്തര സംഘടനകളും പങ്കെടുക്കും. മൂന്നാം തവണയാണ് ഒസാക എക്സ്പോക്ക് വേദിയൊരുക്കുന്നത്. 1970, 1990 കാലങ്ങളിൽ ഒസാകയിലായിരുന്നു എക്സ്പോ. 2018 നവംബറിലാണ് റഷ്യയുടെ യെകാറ്റെറിൻബർഗിനെയും അസർബൈജാൻറെ ബകുവിനെയും പിന്തള്ളി ജപ്പാൻ എക്സ്പോയുടെ അവകാശം നേടിയെടുത്തത്.