കോവളം: ഭർത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ യുവതിയും സഹോദരിയും വാഹനമിടിച്ച് മരിച്ചു. നെടുമങ്ങാട് കരിപ്പൂർ സ്വദേശി ശ്രീജിയുടെ ഭാര്യ പനത്തുറ ജിജി കോളനിയിൽ ഐശ്വര്യ (32), സഹോദരി ശാരിമോൾ (31) എന്നിവരാണു ശനിയാഴ്ച രാത്രി കാറിടിച്ച് മരിച്ചത്.
തിരുവല്ലം വാഴമുട്ടം ബൈപാസിൽ പാച്ചല്ലൂർ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്താണ് അപകടം. ഐശ്വര്യയുടെ ഭർത്താവ് നെടുമങ്ങാട് കരിപ്പൂർ സ്വദേശി ശ്രീജി വീട്ടിൽ തൂങ്ങി മരിച്ചുവെന്നറിഞ്ഞ്, ഇരുവരും അവിടേയ്ക്കു പോകാൻ ബസ് കയറാനായി ബൈപാസിൽ എത്തിയതായിരുന്നു. റോഡ് മുറിച്ച് കടക്കവെയാണ് കാറിടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്ക് പോകുകയായിരുന്ന കാറാണ് ഇടിച്ചത്.
ഐശ്വര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും ശാരിമോൾ ചികിത്സയിരിക്കെ രാത്രി വൈകിയുമാണു മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുടുംബ പ്രശ്നങ്ങൾ കാരണമാണ് ശ്രീജി അത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം.
















