കൊച്ചി: നാടക-സാഹിത്യ-സിനിമ രംഗത്തെ കലാകാരന്‍മാരെ അണിനിരത്തി ഒരുക്കുന്ന കൊടുങ്ങല്ലൂര്‍ തിയേറ്റര്‍ സൊസൈറ്റി 27 ന് പ്രവര്‍ത്തനം ആരംഭിക്കും. ഒരു സ്ഥിരം നാടകവേദിയെന്ന പദ്ധതി ആവിഷ്ക്കരിക്കുന്ന ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനോത്ഘാടനം 2022 മാര്‍ച്ച് 27 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് എറിയാട് എം എ എല്‍സി ഗ്രൗണ്ടില്‍ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ടി വി ചന്ദ്രന്‍ ഉത്ഘാടനം ചെയ്യും.
കൊടുങ്ങല്ലൂര്‍ തിയേറ്റര്‍ സൊസൈറ്റി പ്രസിഡന്‍റ് പ്രസന്നകുമാര്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമാന്‍ മുഖ്യ പ്രഭാഷണം നടത്തും. തിരക്കഥാകൃത്തും ഗാനരചയിതാവുമായ പി എസ് റഫീക്ക് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സൊസൈറ്റിയുടെ പ്രഥമ നാടകമായ ‘ഹിമക്കരടി’ യുവസംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി നാടിന് സമര്‍പ്പിക്കും.
ഇ ടി.ടൈസണ്‍ മാഷ് എം എല്‍ എ എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ പി രാജന്‍, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഗത ശശിധരന്‍, യുവസംവിധായകന്‍ പി കെ ബിജു, സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി നൗഷാദ് സലാഹുദ്ദീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കൊടുങ്ങല്ലൂര്‍ തിയേറ്റര്‍ സൊസൈറ്റി ജനറല്‍ കണ്‍വീനര്‍ മെഹറലി ഇസ്മയില്‍ അറിയിച്ചു.