മസ്കത്ത്: ഖസബ് തുറമുഖത്തിൻറെ നടത്തിപ്പും വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗത വാർത്ത വിനിമയ വിവര സാങ്കേതിക മന്ത്രാലയം ഹച്ചിസൺ പോർട്ട്‌സ് സൊഹാറുമായി കരാർ ഒപ്പിട്ടു. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സയീദ് ബിൻ ഹമൂദ് അൽ മാവാലി, ഒമാൻ ഇൻറർനാഷനൽ കണ്ടെയ്‌നർ ടെർമിനൽ കമ്പനി (ഹച്ചിസൺ പോർട്ട്‌സ് സൊഹാർ) സി.ഇ.ഒ അൻസൺ കിം എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
കരാറിലൂടെ തുറമുഖത്തെ സാമ്പത്തികമായി വികസിപ്പിച്ച് പ്രാദേശിക ജന വിഭാഗങ്ങളെ സഹായിക്കുമെന്നും ഖസബ് തുറമുഖം വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച ചെയ്യാൻ അടുത്ത മേയിൽ ശിൽപശാല സംഘടിപ്പിക്കുമെന്നും അൽ മാവാലി പറഞ്ഞു.
ധാരണപത്രം ഒപ്പിടൽ ചടങ്ങിൽ ഗതാഗത, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻറെ അണ്ടർസെക്രട്ടറി എൻജിനീയർ ഖമീസ് ബിൻ മുഹമ്മദ് അൽ ഷമാഖി പങ്കെടുത്തു.