ചുട്ടുപൊള്ളുകയാണ് കേരളം ഇപ്പോൾ. സംസ്ഥാനത്ത് ആറു ജില്ലകളില്‍ ചൂടു കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. താപനില മൂന്നു ഡിഗ്രി വരെ ഉയരും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇന്നും നാളെയും ജാഗ്രത വേണമെന്നും, സാധാരണയിൽ നിന്ന് 2-3°C വരെ ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. സാധാരണ (ശരാശരി) അനുഭവപ്പെടേണ്ട ചൂട്- കൊല്ലം (36.5 °c), ആലപ്പുഴ (33.5 °c), കോട്ടയം (34.4 °c), തൃശൂർ (35.5 °c), കോഴിക്കോട് (33.3°c), കണ്ണൂർ (34.3°c)എന്നിങ്ങനെയാണ്. ഉഷ്‌ണതരംഗ, സൂര്യാതപ ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുമ്പോൾ പൊതുജനങ്ങൾ പാലിക്കേണ്ട പൊതുജാഗ്രത നിർദേശങ്ങൾ സംബന്ധിച്ചും കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്.
മുന്നറിയിപ്പുകൾ നൽകുമ്പോഴും പല ആളുകളും കൂടുതൽ ശ്രദ്ധ ഇക്കാര്യത്തിന് നൽകുന്നില്ല. ഇത് വലിയ അപകടങ്ങളുണ്ടാക്കും. ഈ സമയത്ത് നിരവധി അസുഖങ്ങളും വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പല കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കയാണെന്ന് ഒന്ന് അറിഞ്ഞിരിക്കാം..
- കാലാവസ്ഥ വകുപ്പിൻറെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
- പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ച കഴിഞ്ഞ മൂന്നു വരെയുള്ള സമയമെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.
- നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
- മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
- വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
- അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
- പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.
- വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലേബർ കമ്മീഷണർ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ഉത്തരവിടുന്നതാണ്. അതിനനുസരിച്ച് തൊഴിൽ ദാതാക്കളും തൊഴിലാളികളും സഹകരിക്കേണ്ടതാണ്.
- ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 -3) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യുക.
- മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11-3) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.
- ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസുകാർക്ക് കുടിവെള്ളം ലഭ്യമാക്കുക.
- യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
- കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക.
- മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
- പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.
- കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
- തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.
- ആകാശവാണിയിലൂടെയും മുഖ്യധാര മാധ്യമങ്ങളിലൂടെയും വരുന്ന ഔദ്യോഗിക സന്ദേശങ്ങൾ പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
- അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
സൂര്യാഘാതവും സൂര്യാതപവും
ഇത്തരം കാര്യങ്ങളെല്ലാം പൊതുവെ ശ്രദ്ധിക്കേണ്ടവയാണ്. വേനൽചൂട് ക്രമാതീതമായി ഉയരുന്നത് അനുസരിച്ചുണ്ടാകുന്ന രണ്ട് പ്രധാന വെല്ലുവിളികളാണ് സൂര്യാഘാതവും സൂര്യാതപവും. വ്യത്യസ്തങ്ങളായ ഈ രണ്ട് അവസ്ഥകളെയും കൃത്യമായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം. ഇവയെ കുറിച്ച് കൂടുതൽ അറിയാം.
- സൂര്യാഘാതം (SUNBURN)
ശരീരത്തിൽ കടുത്തചൂട് നേരിട്ട് ഏൽക്കുന്നവർക്കാണ് സൂര്യാഘാതം ഏൽക്കാൻ സാധ്യത കൂടുതൽ. അന്തരീക്ഷ താപം പരിധിക്കപ്പുറം ഉയർന്ന് മനുഷ്യശരീരത്തിലെ താപനില സംവിധാനങ്ങൾ തകരാറിലാവുന്നു. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് പോകാൻ തടസം നേരിടുന്നതോടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം. ചിലഘട്ടങ്ങൾ മരണസാധ്യതവരെയുണ്ട്.
- ലക്ഷണങ്ങൾ
ശരീരോഷ്മാവ് ഉയരുക, ചർമ്മം വരണ്ടുപോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, മാനസിക പിരിമുറുക്കമുണ്ടാവുക, തലവേദന, പേശിമുറുകൽ, കൃഷ്ണമണി വികസിക്കൽ, ക്ഷീണം, ചുഴലിരോഗലക്ഷണങ്ങൾ, ബോധക്ഷയം.
- സൂര്യാതപം (SUN STROKE )
സൂര്യാഘാതത്തെക്കാൾ കാഠിന്യം കുറവാണിതിന്. കടുത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. തൊലിപ്പുറത്ത് പൊള്ളൽ, ചുവന്ന പാടുകൾ എന്നിവ ഉൾപ്പെടെയുണ്ടാകും. ശരീരത്തിൽ നീറ്റൽ അനുഭവപ്പെടാം.
- ലക്ഷണങ്ങൾ
ശക്തിയായ വിയർപ്പ്, വിളർത്ത ശരീരം, പേശീവലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛർദ്ദിയും, ബോധക്ഷയം.
- ആദ്യം നൽകേണ്ട പ്രഥമശുശ്രൂഷ
സൂര്യാഘാതത്തിന്റെയോ സൂര്യതപത്തിന്റെയോ ലക്ഷണങ്ങൾ രോഗിയെ തറയിലോ കട്ടിലിലോ കിടത്തണം. ചൂടു കുറയ്ക്കാൻ ഫാൻ ഉപയോഗിക്കുക, കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റുക, കാലുകൾ ഉയർത്തിവെക്കുക, വെള്ളത്തിൽ നനച്ച തുണി ദേഹത്തിടുക, ധാരാളം വെള്ളം നൽകുക. തുടർന്ന് ഡോക്ടറുടെ സേവനം തേടണം.