ദുബൈ: ലോക പൊലീസ് ഉച്ചകോടിക്ക് ദുബൈ എക്സ്പോയിലെ എക്സിബിഷൻ സെൻററിൽ തുടക്കം. ആദ്യദിനം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഉച്ചകോടിയിലെത്തി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ രക്ഷാകർതൃത്വത്തിലാണ് ഉച്ചകോടി നടക്കുന്നത്. മാർച്ച് 17ന് സമാപിക്കും.
200ഓളം പ്രഭാഷകർ, 250 എക്സിബിറ്റർമാർ എന്നിവർ പങ്കെടുക്കുന്നുണ്ട്. ഡിജിറ്റൽ ലോകത്തെ ക്രിമിനൽ കുറ്റങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്നതാണ് പ്രധാന ചർച്ച.
ക്രിപ്റ്റോ കറൻസി, റോബോട്ടിക്സ്, നിർമിത ബുദ്ധി, വെർച്വൽ റിയാലിറ്റി തുടങ്ങിയവയുടെ ഉപയോഗവും ദുരുപയോഗവും ചർച്ചചെയ്യും. യു.എൻ, ഇൻറർപോൾ, വിവിധ നഗരങ്ങളിലെ പൊലീസ്, സ്വകാര്യ മേഖലയിലെ സുരക്ഷസ്ഥാപനങ്ങൾ തുടങ്ങിയവയിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുന്നു. worldpolicesummit.com എന്ന സൈറ്റ് വഴി സന്ദർശിച്ച് രജിസ്റ്റർ ചെയ്ത് സൗജന്യമായി എക്സിബിഷൻ കാണാം. കോൺഫറൻസുകളിൽ പങ്കെടുക്കണമെങ്കിൽ പണം അടക്കണം.