യുക്രൈൻ തലസ്ഥാനമായ കിയവ് പിടിക്കാൻ ആക്രമണം കടുപ്പിച്ച് റഷ്യ.കിയവിന്റെ സമീപമെത്തിയ തങ്ങളുടെ സേന തിങ്കളാഴ്ച 11 കിലോമീറ്റർ മുന്നേറിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിയവിനെ രാജ്യത്തിന്റെ മറ്റു മേഖലകളിൽനിന്ന് ഒറ്റപ്പെടുത്തി കീഴടക്കുന്നതിനായി വിവിധ ദിശകളിലൂടെ റഷ്യൻസേന മുന്നേറുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
അതേസമയം യുക്രൈനെതിരെയുള്ള ആക്രമണം കൂടുതൽ ശക്തമാക്കാൻ റഷ്യ, ചൈനയിൽ നിന്ന് സൈനിക ഉപകരണങ്ങൾ ആവശ്യപ്പെട്ടതായി യു.എസ് ആരോപിച്ചു. ഇന്നലെ റോമിൽ നടന്ന യു.എസ്- ചൈന ഉന്നത ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചയ്ക്ക് മുൻപായിരുന്നു അമേരിക്കയുടെ ആരോപണം.റഷ്യയെ സഹായിച്ചാൽ ചൈന ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ മുന്നറിയിപ്പ് നൽകി. യുക്രൈനിന്റെ കരിങ്കടൽ തീരമേഖലയിൽ നിയന്ത്രണമുറപ്പിച്ച റഷ്യ, കടൽവഴിയുള്ള വ്യാപാരത്തിൽനിന്നും യുക്രൈനെ ഒറ്റപ്പെടുത്തിയതായി യു.കെ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. അതിനിടെ രാജ്യത്തെ പ്രതിരോധിക്കുന്നവരെ പ്രശംസിച്ച് യുക്രൈൻ പ്രതിരോധമന്ത്രിയും രംഗത്തെത്തി. ഒപ്പം വ്യോമ, മിസൈൽ ശേഷി ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്നും ഒലെൻസ്കി റെസ്നികോവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.