കീവ്: യുക്രൈനില്‍ സൈനിക താവളത്തിന് നേരെയുള്ള റഷ്യന്‍ വ്യേമാക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടു . 134 പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗികമായി സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ യുക്രൈനിലെ പോളണ്ട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള യാവോറിവ് സൈനിക താവത്തിലാണ് ഞായറാഴ്ച അക്രമണമുണ്ടായത്.മരിച്ചവരില്‍ നിരവധി സാധാരണക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യവോരിവ് സൈനിക താവളത്തിന് നേരെ റഷ്യ 30 ക്രൂയിസ് മിസൈലുകള്‍ വര്‍ഷിച്ചതായും ആക്രമണത്തില്‍ കനത്ത നഷ്ടമാണുണ്ടായതെന്നും ലിവീവ് ഗവര്‍ണര്‍ മാക്സിം അറിയിച്ചു.
കിഴക്കന്‍ മേഖലയില്‍നിന്ന് യുക്രൈന്റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് റഷ്യ സൈനിക നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് ലിവീവില്‍ വ്യോമാക്രമണമുണ്ടായത്. ഒരുഭാഗത്ത് സമാധാന ശ്രമങ്ങള്‍ക്കുള്ള നീക്കങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നതിനിടെയാണ് റഷ്യ ആക്രമണം ശക്തമാക്കുന്നത്.