അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലോക പ്രതീകമായി മാറിയ ബ്ലോഗറും ആക്ടിവിസ്റ്റുമായ റൈഫ് ബദാവിക്ക് ജയിൽ ശിക്ഷക്ക് പിന്നാലെ പത്ത് വർഷത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. ഇക്കാര്യത്തെ കുറിച്ച് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും യാത്രാ വിലക്ക് സംബന്ധിച്ച് ഇപ്പോൾ സ്ഥിരീകരണം വന്നിരിക്കുകയാണ്.
ഇസ്ലാമിനെ അവഹേളിച്ചു എന്നാരോപിച്ച് 2012-ൽ സൗദി അറേബ്യയിൽ അറസ്റ്റിലായി ജയിലിലടച്ച ബദാവി വെള്ളിയാഴ്ചയാണ് ജയിൽ മോചിതനായത്. ഇതിന് പിന്നാലെയാണ് പത്ത് വർഷത്തെ യാത്രാ വിലക്കും വരുന്നത്.
“റൈഫിന് 10 വർഷത്തെ തടവ് ശിക്ഷയും അതേ സമയത്തേക്ക് യാത്രാ വിലക്കും ഉണ്ടായിരുന്നു. കോടതി വിധി നിലനിൽക്കുന്നതും അന്തിമവുമാണ്” – പേര് വെളിപ്പെടുത്താതെ AFP വാർത്താ ഏജൻസിയോട് ഒരു ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ ശനിയാഴ്ച പറഞ്ഞു. രാജ്യഭരണകൂടം മാപ്പ് നൽകിയില്ലെങ്കിൽ അദ്ദേഹത്തിന് 10 വർഷത്തേക്ക് രാജ്യം വിട്ടുപോകാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
2014 അവസാനത്തോടെയാണ് ബദാവിക്ക് 10 വർഷം തടവും 20 ആഴ്ചത്തേക്ക് ആഴ്ചയിൽ 50 ചാട്ടവാറടിയും വിധിച്ചത്. രാജ്യത്തിന്റെ ജിദ്ദ സ്ക്വയറിൽ അദ്ദേഹം നടത്തിയ ആദ്യത്തെ ചാട്ടവാറടിയെ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത് “ക്രൂരവും മനുഷ്യത്വരഹിതവുമാണ്” എന്നാണ്. ഏറെ പ്രതിഷേധം ഉയർന്നതോടെ പിന്നീട് ചാട്ടവാറടിയുണ്ടായില്ല.
സൗദി താൽപ്പര്യങ്ങൾ ഹനിക്കുന്നുവെന്ന സംശയത്തിൽ 2018 ജൂലൈയിൽ
ബദാവിയുടെ സഹോദരി സമർ ബദാവിയെയും ഒരു ഡസനിലധികം മറ്റ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് അവർ പുറത്തിറങ്ങിയത്.
അതേസമയം, കാനഡയിലെ ക്യൂബെക്ക് പ്രവിശ്യ ബദാവിയെ മാനുഷിക കാരണങ്ങളാൽ കുടിയേറ്റ സാധ്യതയുള്ളവരുടെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അദ്ദേഹം കാനഡ തിരഞ്ഞെടുക്കുകയാണെങ്കിൽ രാജ്യത്ത് അഭയം തേടുന്നതിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണച്ചുള്ള എഴുത്തുകൾക്ക് റൈഫ് ബദാവി നെറ്റ്-പൗരൻ വിഭാഗത്തിൽ 2014 ലെ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സമ്മാനം നേടി. 2015-ൽ യൂറോപ്യൻ പാർലമെന്റിന്റെ സ്വാതന്ത്ര്യത്തിനുള്ള സഖറോവ് സമ്മാനവും അദ്ദേഹത്തിന് ലഭിച്ചു.
2018 ഒക്ടോബറിൽ സൗദിയിലെ പ്രമുഖ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ സൗദി അറേബ്യയിലെ ഇസ്താംബുൾ കോൺസുലേറ്റിൽ കൊലപ്പെടുത്തിയതിന് ശേഷം, ശക്തമായ പരിശോധനയ്ക്ക് വിധേയമായ സൗദി അറേബ്യയുടെ മനുഷ്യാവകാശ രേഖയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം കടുത്ത നിലപാടാണ് സ്വീകരിച്ചത്.
അപൂർവമായ പൊതുവിമർശനത്തിൽ, “മനസ്സാക്ഷിയുടെ തടവുകാർ” കേസുകൾ അവലോകനം ചെയ്യാനും മുമ്പ് ജയിലിൽ നിന്ന് മോചിതരായ സ്ത്രീകളുടെ അവകാശ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ യാത്രാ നിരോധനങ്ങളും മറ്റ് നിയന്ത്രണങ്ങളും നീക്കാനും മാർച്ച് 8 ന് യുണൈറ്റഡ് സ്റ്റേറ്റ്സ് രാജ്യത്തോട് ആവശ്യപ്പെട്ടു.