കോട്ടയം: നെടുങ്കണ്ടത്ത് കഴിച്ച ഭക്ഷണത്തിന് അമിത വില ഈടാക്കിയത് ചോദ്യംചയ്ത വിനോദ സഞ്ചാരികളെ മുറിയിൽ പൂട്ടിയിട്ട് ഹോട്ടലുടമ. ഹോട്ടലിലെ ദോശയ്ക്കൊപ്പം നൽകിയ സാമ്പാറിന് വില 100 രൂപ ഈടാക്കിയത് ചോദ്യം ചെയ്തതിനാണ് ഹോട്ടലുടമ വിനോദ സഞ്ചാരികളെ മുറിക്കുള്ളിൽ പൂട്ടിട്ടത്. കൊമ്പം മുക്കിലുള്ള ഒരു ഹോട്ടലിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം രാമക്കൽമെട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ കോട്ടയത്തുനിന്നുള്ള സംഘം കൊമ്പംമുക്കിലെ ഹോട്ടലിൽ മുറിയെടുത്തിരുന്നു. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ പ്രഭാത ഭക്ഷണം കഴിച്ച് ബില്ല് പരിശോധച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ദോശയും സാമ്പാറും കഴിച്ച സംഘം ബില്ല് വന്നപ്പോൾ ഞെട്ടി. ദോശയ്ക്ക് മിനിമം വിലയും ഒപ്പം നൽകിയ സമ്പാറിന് ഒരാൾക്ക് നൂറ് രൂപയും ഈടാക്കിയായിരുന്നു ബില്ല് നൽകിയത്.
ഇതോടെ വിനോദസഞ്ചാരികളും ഉടമയും തമ്മിൽ ബില്ലിനെ ചൊല്ലി തർക്കവും വാക്കേറ്റമുണ്ടായി. സംഭവം നടക്കുന്നതിനിടെ വിനോദ സഞ്ചാരികളിൽ ഒരാൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പ്രകോപിതനായ ഹോട്ടലുടമ ഇവരെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ നെടുങ്കണ്ടം പൊലീസ് ആണ് വിനോദ സഞ്ചാരികളെ മുറിയിൽ നിന്നും പുറത്തെത്തിച്ചത്.