മസ്കത്ത്: ദുബൈ മെർക്കൈൻറൽ എക്സ്ചേഞ്ചിൽ ഒമാൻ എണ്ണവില വീണ്ടും കുറഞ്ഞു. മേയിൽ വിതരണം ചെയ്യേണ്ട അസംസ്കൃത എണ്ണയുടെ വില ബാരലിന് 110.56 ഡോളറായിരുന്നു വെള്ളിയാഴ്ചത്തെ വില. ഇത് വ്യാഴാഴ്ചത്തെ വിലയെക്കാൾ 4.81 ഡോളർ കുറവാണ്. വ്യാഴാഴ്ച 115.37 ഡോളറായിരുന്നു വില. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എണ്ണ വില കുത്തനെ ഇടിയുകയാണ്. രണ്ടു ദിവസംകൊണ്ട് 17.15 ഡോളറിൻറെ കുറവാണുണ്ടായത്. ബുധനാഴ്ച ഒമാൻ എണ്ണവില ബാരലിന് 127.71 ഡോളർ വരെ എത്തിയിരുന്നു. വരും ദിവസങ്ങളിലും എണ്ണവില കുറയാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
അടുത്ത ദിവസങ്ങളിൽ ഏഴു ശതമാനം വില കുറയുമെന്നാണ് കണക്കുകൂട്ടൽ. ആഗോള മാർക്കറ്റിലും എണ്ണവില കാര്യമായി കുറയുന്നുണ്ട്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണക്ക് ആഗോള മാർക്കറ്റിൽ വിലക്കേർപ്പെടുത്തിയതോടെയാണ് വില കുതിച്ചുയരാൻ തുടങ്ങിയത്. ആഗോള മാർക്കറ്റിലും എണ്ണവില ബാരലിന് 139 ഡോളർ വരെ എത്തിയിരുന്നു. 2008 ശേഷമുള്ള എണ്ണയുടെ ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാൽ,
വ്യാഴം, വെള്ളി ദിവസങ്ങളിലായി എണ്ണവില കുറയുകയായിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ എണ്ണ ഉൽപാദിപ്പിക്കുന്നതിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് റഷ്യ. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ എണ്ണക്ക് വിലക്കേർപ്പെടുത്തിയതോടെ ആഗോള മാർക്കറ്റിൽ എണ്ണക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇത് പരിഹരിക്കുന്നതിൻറെ ഭാഗമായി എണ്ണ ഉൽപാദന രാജ്യങ്ങൾ ഉൽപാദനം വർധിപ്പിക്കുകയായിരുന്നു.