മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ അൽഫുലൈജ് പുരാവസ്തു ഖനന സ്ഥലത്ത് ചതുരാകൃതിയിലുള്ള പഴയ കോട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. സുൽത്താൻ ഖാബൂസ് സർവകലാശാലയുടെയും ബ്രിട്ടീഷ് യൂനിവേഴ്സിറ്റി ഓഫ് ഡർഹാമിൻറെയും ആഭിമുഖ്യത്തിൽ സഹം വിലായത്തിലെ ഫുലൈജ് പുരാവസ്തുസ്ഥലത്ത് നടത്തുന്ന ഖനനത്തിൻറെ ഭാഗമായാണ് വൃത്താകൃതിയിലുള്ള ഗോപുരങ്ങളാൽ ചുറ്റപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
എ.ഡി അഞ്ചാം നൂറ്റാണ്ടിലെ ചൂളകളും ബി.സി മൂന്നാമത്തെയും ഒന്നാം സഹസ്രാബ്ദത്തിലെയും ശ്മശാനങ്ങളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നുണ്ട്. ഖനനം ഈ മാസം അവസാനംവരെ തുടരുമെന്ന് പൈതൃക, ടൂറിസം മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു