അബൂദബി: വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) സ്വകാര്യ സ്‌കൂൾ ബസുകൾ പാലിക്കേണ്ട നിബന്ധനപുറത്തുവിട്ടു. ബസിൽ ആദ്യ വിദ്യാർഥി വീട്ടിൽ നിന്നു കയറുന്നതു മുതൽ അവസാന വിദ്യാർഥി സ്‌കൂളിൽ ഇറങ്ങുന്നതു വരെ ഒരു ട്രിപ്പിൻറെ സമയം പരമാവധി 75 മിനിറ്റായി പരിമിതപ്പെടുത്തിയതാണ് പ്രധാന നിർദേശം.ചുരുങ്ങിയത് നാല് നിരീക്ഷണ കാമറയെങ്കിലും സജ്ജീകരിക്കണം. സർക്കാർ ഏജൻസികൾ നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം സുരക്ഷിതവും കാര്യക്ഷമമവുമായിരിക്കണം വിദ്യാർഥികളുടെ യാത്ര.
സുരക്ഷിതവും ഗുണമേന്മയും മിതമായ നിരക്കിലുമുള്ള സേവനമാണ് ലഭ്യമാക്കേണ്ടത്. പുറത്തുനിന്നുള്ള ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നതിലും മാനദണ്ഡം പാലിക്കണം.അത്തരം സേവനങ്ങൾക്ക് ഗതാഗത വകുപ്പിൽ നിന്ന് ലൈസൻസ് നേടണം.സ്‌കൂളിനു പുറത്തുള്ളവരെ ബസിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല. സുരക്ഷിത യാത്രയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം. സ്‌കൂൾ ബസ് ഫീസ്, ബസിൻറെ സഞ്ചാര പാത, ബസ് എത്തുന്ന സമയം എന്നിവ മാതാപിതാക്കളെ അറിയിക്കണം. ഓരോ ബസിനും ഒരു സൂപ്പർവൈസറെ സ്‌കൂൾ നിയമിക്കണം.
ഇവരുടെ ഫോൺ നമ്പർ മാതാപിതാക്കൾക്ക് നൽകണം. നിയമപ്രകാരം ബസുകൾ ഇൻഷുർ ചെയ്യണം. കുട്ടികൾ സ്‌കൂളിലേക്ക് ബസിൽ വരുന്നതു മുതൽ തിരികെ വീടെത്തുന്നതുവരെയുള്ള ഉത്തരവാദിത്തം സ്‌കൂൾ അധികൃതർക്കായിരിക്കുമെന്നും അഡെക് വ്യക്തമാക്കി.