അപ്രതീക്ഷിതമായ ഒരു വിരമിക്കൽ പ്രഖ്യാപനമായിരുന്നു മുന്‍ ഇന്ത്യന്‍ താരവും കേരള രഞ്ജി ടീം അംഗവുമായ എസ്. ശ്രീശാന്തിന്റേത്. പുതിയ തലമുറയ്ക്ക് വേണ്ടി ഫസ്റ്റ്ക്ലാസ് കരിയര്‍ അവസാനിപ്പിക്കുകയാണെന്നാണ് ശ്രീ ട്വീറ്റ് ചെയ്തത്. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് അഭിമാനത്തോടെ കാണുന്നുവെന്നും ഏറെ വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നതെന്നും താരം പറഞ്ഞു. ഇക്കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തിന് വേണ്ടി ശ്രീശാന്ത് കളിച്ചിരുന്നു. ഏറെനാളുകൾക്ക് ശേഷമാണ് ഫസ്‌റ്റ്‌ക്ളാസ് ക്രിക്കറ്റിൽ ശ്രീശാന്ത് കളിച്ചത്. മേഘാലയയ്‌ക്കെതിരായ മത്സരത്തിൽ 12 ഓവറിൽ 40 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി. പിന്നീട് പരിക്ക് മൂലം മത്സരങ്ങൾ നഷ്‌ടമായി. ഇതോടെയാണ് 39കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ ടീമിനൊപ്പം രണ്ട് ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളിയായ ശ്രീശാന്ത് മികച്ച ഫാസ്റ്റ് ബൗളറെന്ന് പേരെടുത്ത താരമായിരുന്നു. 2005-ല്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ട്വന്റി 20-കളും ഇന്ത്യയ്ക്കായി കളിച്ചു. എം.എസ് ധോണി നയിച്ച ട്വന്റി 20 ടീം 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ജേതാക്കളായപ്പോള്‍ ഫൈനലില്‍ പാകിസ്താന്‍ താരം മിസ്ബാഹ് ഉള്‍ ഹഖിന്റെ നിര്‍ണായകമായ ക്യാച്ചെടുത്തത് ശ്രീശാന്തായിരുന്നു. തുടര്‍ന്ന് 2011-ലെ ഏകദിന ലോകകപ്പ് നേടിയ ടീമിലും കളിച്ചു. 2011-ലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. പിന്നീട് 2013-ലെ ഐപിഎല്ലിനിടെ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ ശ്രീശാന്തിന്റെ കരിയര്‍ അനിശ്ചിതത്വത്തിലായി.
2013-ലെ ഐപിഎല്‍ വാതുവെയ്പ്പ് വിവാദം
2013-ലെ ഐപിഎല്ലാണ് ശ്രീശാന്തിന്റെ കരിയര്‍ മാത്രമല്ല ജീവിതം തന്നെ മാറ്റിമറിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ശ്രീശാന്തിനെ വാതുവെയ്പ്പിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്ത വരുന്നത് 2013 മേയ് 16-നാണ്. ശ്രീശാന്തിനൊപ്പം രാജസ്ഥാന്‍ റോയല്‍സിലെ സഹതാരങ്ങളായ അജിത്ത് ചന്ദിലയേയും അംഗീത് ചവാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാതുവെയ്പ്പ് നടത്താന്‍ ജിജു ജനാര്‍ദ്ദനന്‍ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു എന്നതായിരുന്നു ആരോപണം. മേയ് 17-ന് ശ്രീശാന്ത് കുറ്റം സമ്മതിച്ചുവെന്ന ഡല്‍ഹി പോലീസിന്റെ പ്രസ്താവന വന്നു. എന്നാല്‍ കുറ്റസമ്മതത്തില്‍ നിര്‍ബന്ധിച്ച് ഒപ്പുവെയ്പ്പിക്കുകയായിരുന്നുവെന്ന് ശ്രീശാന്ത് തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് ഈ താരങ്ങളുടെ കരാര്‍ റദ്ദാക്കി. 2013 സെപ്റ്റംബര്‍ 13-ന് ബിസിസിഐ വാതുവെയ്പ്പിനെ തുടര്‍ന്ന് അറസ്റ്റിലായ ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. തുടര്‍ന്നുള്ള നാളുകള്‍ നിയമ പോരാട്ടങ്ങളുടേതായിരുന്നു. വാതുവെയ്പ്പ് കേസില്‍ 2015 ജൂലായില്‍ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. തുടര്‍ന്ന് ആജീവനാന്ത വിലക്ക് റദ്ദാക്കാനുള്ള നിയമനടപടികളുമായി ശ്രീശാന്ത് മുന്നോട്ടുപോയി. ഇതിനിടെ 2017 ഒക്ടോബര്‍ 18-ന് കേരള ഹൈക്കോടതി ശ്രീശാന്തിന്റെ വിലക്ക് പുനഃസ്ഥാപിച്ചു. ഇതിനെതിരേ താരം വീണ്ടും കോടതി നടപടികളുമായി മുന്നോട്ടുപോയി. ഒടുവില്‍ 2019 മാര്‍ച്ചില്‍ സുപ്രീം കോടതി ബിസിസിഐയോട് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലാവധി പുനഃപരിശോധക്കണമെന്ന് നിര്‍ദേശിച്ചു.
ഇതേത്തുടര്‍ന്ന് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴ് വര്‍ഷമാക്കി കുറച്ചു. ഇതോടെ 2020 സെപ്റ്റംബര്‍ 13-ഓടെ താരത്തിന്റെ വിലക്കിന്റെ കാലാവധി അവസാനിച്ചു. പിന്നാലെ കേരള ടീമിലൂടെ ശ്രീ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഏതാനും നാളുകള്‍ക്ക് മുമ്പ് സ്പോര്‍ട്സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് ഒത്തുകളി വിവാദത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. 10 ലക്ഷം രൂപയ്ക്ക് വേണ്ടിയാണ് താരം ഒത്തുകളിച്ചതെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
‘ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം കണ്ടെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. അങ്ങനെയുള്ള ഞാന്‍ എന്തിന് ഒത്തുകളിക്കണം, അതും പത്ത് ലക്ഷം രൂപയ്ക്കുവേണ്ടി? പാര്‍ട്ടി നടത്തുമ്പോള്‍ വരെ രണ്ടു ലക്ഷം രൂപ ബില്ല് വരുന്ന വ്യക്തിയാണ് ഞാന്‍. എല്ലാ കാശ് ഇടപാടുകളും കാര്‍ഡ് വഴിയാണ് ഞാന്‍ നടത്തുന്നത്. എന്റെ ജീവിതത്തില്‍ എല്ലാവരേയും സഹായിക്കുകയും എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുകയുമാണ് ചെയ്തിട്ടുള്ളത്. ഒരുപാട് പേരെ ഞാന്‍ സഹായിച്ചിട്ടുണ്ട്. അവരുടേയും കുടുംബാഗങ്ങളുടേയും സുഹൃത്തുക്കളുടേയും പ്രാര്‍ഥനയാണ് ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിച്ചത്. ഒരു ഓവര്‍, 14 റണ്‍സ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു വിഷയം. ഞാന്‍ നാല് പന്തില്‍ അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലും ഇല്ല. എന്റെ കാല്‍വിരലിലെ 12 ശസ്ത്രക്രിയക്ക് ശേഷവും 130-ന് മുകളില്‍ വേഗതയിലാണ് ഞാന്‍ എറിഞ്ഞത്” – അന്നത്തെ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞ വാക്കുകളാണിത്.
വിലക്ക് നേരിട്ട കാലത്തു സിനിമയിലും രാഷ്ട്രീയത്തിലും ശ്രീശാന്ത് ഒരു കൈ നോക്കി. വിലക്കിനുശേഷം രണ്ടുതവണ ഐപിഎൽ താര ലേലത്തിൽ റജിസ്റ്റർ ചെയ്തെങ്കിലും ഒരുടീമും ശ്രീശാന്തിനെ സ്വന്തമാക്കിയില്ല. ഒരു ടീമുകളും സ്വന്തമാക്കാതിരുന്ന അതേ ദിവസം തന്നെ തനിക്ക് നൽകിയ പിന്തുണയ്ക്ക് ട്വിറ്ററിലൂടെ ആരാധകർക്ക് നന്ദി അറിയിച്ച് ശ്രീശാന്ത് എത്തിയിരുന്നു. കേരള രഞ്ജി ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും, തനിക്കു നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നുമായിരുന്നു ട്വീറ്റ്. 50 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ശ്രീശാന്തിനെ പക്ഷേ ഐപിഎൽ താരലേലത്തിന്റെ 2–ാം ദിവസവും ആരും എടുത്തില്ല. മുൻ ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ്, കൊച്ചി ടസ്കേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി 2008–13 കാലയളവിൽ 44 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്. വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും താരത്തിന് ഇനി ഇന്ത്യയ്ക്ക് പുറത്തുള്ള ലീഗുകളില്‍ കളിക്കാനാകും.