അടുത്തമാസം നടക്കേണ്ട ഇളയമകന്റെ വിവാഹ ആഘോഷങ്ങളുടെ തിരക്കിലായിരുന്നു വർക്കലയിലെ രാഹുൽനിവാസ് കുടുംബം. പ്രതാപന്റെ ഇളയമകൻ അഹിലിന്റെ വിവാഹം നാട്ടുകാരിയായ പെൺകുട്ടിയുമായി തീരുമാനിച്ചിരുന്നു. എൻജിനിയറിംഗ് ബിരുദധാരിയാണ് അഹിൽ. എം.ബി.എ കഴിഞ്ഞ് അച്ഛനൊപ്പം പച്ചക്കറി ബിസിനസ് നടത്തുന്ന ചേട്ടൻ നിഹുലിനെപ്പോലെ അഹിലും സഹായിക്കാൻ കടയിലെത്തുമായിരുന്നു. വിവാഹത്തിനും റിസപ്ഷനുമുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച പ്രതാപൻ കുടുംബാംഗങ്ങൾക്കും വ്യാപാരി സുഹൃത്തുക്കൾക്കുമൊപ്പം അത് ആഘോഷിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. വിവാഹക്ഷണക്കത്ത് തയ്യാറാക്കാനും വസ്ത്രങ്ങളും സ്വർണവും മറ്റും വാങ്ങാനുമുള്ള ആലോചനകൾ നടത്തിയിരുന്ന കുടുംബം വീട് പെയിന്റ് ചെയ്ത് വൃത്തിയാക്കാനുള്ള നീക്കങ്ങളും തുടങ്ങിയിരുന്നു. വിദേശത്ത് നിന്ന് അടുത്തമാസം മൂത്തമകനും കുടുംബവും മറ്റ് ബന്ധുക്കളുമെല്ലാമെത്തി ചടങ്ങ് അടിപൊളിയാക്കാനുള്ള തിടുക്കത്തിലായിരുന്നു. എന്നാൽ ഈ ഒരുക്കങ്ങൾക്കിടെയാണ് രാഹുൽനിവാസിലെ ആ കൂട്ടദുരന്തം സംഭവിക്കുന്നത്.
കഴിഞ്ഞദിവസം വൈകുന്നേരവും അയൽവാസികളും സുഹൃത്തുക്കളുമൊക്കെയായി കാണുകയും വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്ത കുടുംബത്തിന്റെ അപ്രതീക്ഷിത വിയോഗം അടുത്ത ബന്ധുക്കൾക്കെന്നപോലെ നാട്ടുകാർക്കും വിശ്വസികാണാതാകുന്നില്ല. പ്രതാപനും കുടുംബത്തിനുമുണ്ടായ ദുരന്തമറിഞ്ഞ് വർക്കല, ചെറുന്നിയൂർ പ്രദേശങ്ങളിൽ നിന്ന് നിരവധിയാളുകളാണ് കഴിഞ്ഞദിവസം രാവിലെ മുതൽ രാഹുൽ നിവാസിലേക്ക് എത്തുന്നത്. വീട്ടുമുറ്റത്തും സിറ്റൗട്ടിലും നിറഞ്ഞചിരിയും സൗഹൃദവുമായി നാട്ടുകാരോട് ഇടപെട്ടിരുന്ന പ്രതാപനും കുടുംബവും ഓർമ്മയായത് ആർക്കും ഉൾക്കൊള്ളാനാകുന്നില്ല. വീടിന് തീപിടിത്തമുണ്ടായി പൊള്ളലേറ്റെന്ന വാർത്ത നാടാകെ കാട്ടുതീ പോലെ പരന്നെങ്കിലും അത് കുടുംബത്തിന്റെ കൂട്ടക്കുരുതിയിൽ കലാശിക്കുമെന്ന് ആരും പ്രദീക്ഷിച്ചിരുന്നില്ല.
വർക്കലയിലെ തീപിടിത്തത്തിൽ ഒരുകുടുംബത്തിലെ അഞ്ച് പേരാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞദിവസം പുലർച്ചെയാണ് വർക്കല പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്റെ ചെറുന്നിയൂരിലെ വീട്ടിൽ തീപിടിച്ചത്. പ്രതാപന്‍ (64), ഭാര്യ ഷെർളി(53), മകൻ അഹില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ടു മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്തമകൻ നിഹിൽ(29) ഗുരുതരാവസ്ഥയിലാണ്. നിഹിലിൽ നിന്ന് മൊഴി എടുത്താൽ മാത്രമേ എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത വരികയുള്ളൂ.
പുകശ്വസിച്ചത് മൂലമാണ് മരണമെന്ന് ഫയർ ആന്റ് റെസ്ക്യു ഉദ്യോഗസ്ഥർ പറയുന്നു. പൊള്ളലേറ്റതല്ല മരണകാരണമെന്നും പ്രാഥമിക പരിശോധനയിൽ ദുരൂഹതകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അവർ വ്യക്തമാക്കി. മരിച്ചവരുടെ ആരുടെയും വസ്ത്രങ്ങൾ കത്തിയിട്ടില്ല. എല്ലാ മുറിയിലും എസി ആയതിനാൽ പുക പുറത്ത് പോയില്ല. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. തീ പടർന്ന് മുക്കാൽ മണിക്കൂറിനുശേഷമാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിക്കാനായത്. വീട്ടിനുള്ളിൽ നിന്നാണ് തീ പടർന്നതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ വീട്ടിനുള്ളിൽ എളുപ്പത്തിൽ തീ പിടിക്കുന്ന പെട്രോൾ, മണ്ണെണ്ണ തുടങ്ങിയവയുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽത്തന്നെ ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
എസി ഉൾപ്പടെ വീട്ടിലെ ഒട്ടുമിക്ക ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. വീടിന്റെ താഴത്തേയും മുകളിലെയും നിലയിലെ ഹാൾ പൂർണമായി കത്തി നശിച്ചു. തീ പർന്നതിനു പിന്നിലെ കാരണം കണ്ടെത്താൻ ഫൊറൻസിക് വിദഗ്ദ്ധർ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് കിട്ടിയാലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്. ഇതിനൊപ്പം സംഭവത്തെക്കുറിച്ചും അഞ്ചുപേരുടെയും മരണ കാരണത്തെക്കുറിച്ചും വിശദമായ അന്വേഷണവും നടത്തും. റേഞ്ച് ഐ ജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
പുലർച്ചെ ഒന്നരയോടെയാണ് പ്രതാപന്റെ വീടിന്റെ കാർ പോർച്ചിൽ തീ പടരുന്നത് അയൽവാസികൾ കണ്ടത്. നിലവിളിച്ച് വീട്ടുകാരെ ഉണർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ തൊട്ടടുത്ത വീട്ടിലെ കുട്ടി നിഹിലിനെ ഫോണിൽ വിളിച്ചു. ഫോൺ എടുത്ത് സംസാരിച്ച നിഹിൽ പക്ഷേ പുറത്തേക്കിറങ്ങിയിരുന്നില്ല. ഇതിനിടെ നാട്ടുകാരെത്തി ഫയർഫോഴ്സിനെ അറിയിച്ച് രക്ഷാ പ്രവർത്തനം തുടങ്ങുന്നതിനിടെ നിഖിൽ പുറത്തേക്ക് വരികയായിരുന്നു. റിമോട്ട് കണ്‍ട്രോള്‍ ഗേറ്റും വളര്‍ത്തുനായയും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായെന്ന് നാട്ടുകാർ പറയുന്നുണ്ട്. തീ ഉയരുന്നത് കണ്ട ആളുകളെത്തിയെങ്കിലും വീടിന് റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ് ആയതിനാല്‍ ഇതു പെട്ടെന്ന് തുറക്കാന്‍ സാധിച്ചില്ല. വളർത്തുനായ മുറ്റത്തുണ്ടായിരുന്നതിനാൽ മതിൽ ചാടിക്കടന്ന് രക്ഷാപ്രവർത്തനം നടത്താനും കഴിഞ്ഞില്ലെന്നും അവർ പറയുന്നു.
സമീപ വീടുകളിൽ നിന്ന് ബക്കറ്റിൽ വെള്ളം എത്തിച്ചും ഓസ് കണക്ട് ചെയ്തും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അത് മതിയാകുമായിരുന്നില്ല. മുറിക്കുള്ളിൽ തീപടർന്നതിനാൽ വെള്ളം അകത്ത് ചീറ്റിത്തെറിപ്പാക്കാൻ കഴിയാതെ പോയി. വെളിച്ചം ഇല്ലാതിരുന്നതും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. തൊട്ടടുത്തുള്ള ബന്ധുക്കളെത്തിയാണ് മതിൽ ചാടിക്കടന്ന് വളർത്തുനായയെ കൂട്ടിലാക്കിയത്. ഇതിനു ശേഷമാണ് ഗേറ്റിലെ പൂട്ട് പൊളിച്ച് നാട്ടുകാർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. തുടർന്നാണ് പൊലീസും ഫയർഫോഴ്സുമെത്തിയത്. എന്നാൽ വാതിലുകളെല്ലാം പൂട്ടിയിരുന്നതിനാൽ അകത്തേക്കു കയറാൻ പണിപ്പെട്ടു. ജനാലവഴി മുറിക്കുള്ളിലേക്ക് വെള്ളം ചീറ്റി തീയും പുകയും നിയന്ത്രണവിധേയമാക്കിയശേഷമാണ് പൊലീസിനും ഫയർഫോഴ്സിനും അകത്തേക്ക് കടക്കാനായത്.
തീപടർന്ന് പുക നിറഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അകത്തുകടന്നത്. വീടിനകത്ത് പുക നിറഞ്ഞതിനാെപ്പം രൂക്ഷ ഗന്ധവും ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് അർദ്ധബോധാവസ്ഥയിയിലുണ്ടായിരുന്ന നിഹുലിനെയാണ് ഫയർഫോഴ്സ് സംഘം ആദ്യം പുറത്തെത്തിച്ചത്. തുടർന്ന് 8 മാസം പ്രായമുള്ള റെയാനെയും മറ്റുള്ളരെയും പുറത്തെത്തിച്ചെങ്കിലും അഞ്ചുപേരുടെയും മരണം സംഭവിച്ചിരുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു.
അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം കിടന്നത് മുകൾനിലയിലെ മുറിയിലെ ബാത്ത് റൂമിൽ ആയിരുന്നു. അഖിലിന്റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയിൽ. പ്രതാപന്റേയും ഷേർലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയിൽ ആണെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അകത്ത് കയറിയത്. പോർച്ചിൽ നിർത്തിയിട്ട നാല് ബൈക്കുകൾ പൂർണമായും ഒരു ബുള്ളറ്റ് ഭാഗികമായും കത്തിയിട്ടുണ്ട്. ഒരു സ്കൂട്ടറും രണ്ട് കാറുകളും വീടിന്റെ മറ്റൊരു വശത്ത് കത്താതെ ഉണ്ടായിരുന്നു.
നിഹുൽ ഒഴികെയുള്ളവരെ ബെഡ് റൂമുകളിൽ നിന്നാണ് ചലനമറ്റ നിലയിൽ പുറത്തെടുത്തത്. എല്ലാവരെയും വർക്കല എസ്.എൻ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും നിഹുൽ ഒഴികെയുള്ളവർ മരിച്ചിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ നിഹുലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീടിനകത്തെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. ബാഹ്യ ഇടപെടലുകൾക്കോ അപായപ്പെടുത്തലിനോ ഉള്ള തെളിവുകൾ കണ്ടെത്താനായില്ല. എങ്കിലും തീ പടര്‍ന്നത് വീടിനുള്ളില്‍ നിന്നാണോ പുറത്തിരുന്ന ബൈക്കില്‍ നിന്നാണോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. സംഭവത്തിൽ ഫോറന്‍സിക് സംഘത്തിന്റെയും ഇലക്‌ട്രിക് ഇന്‍സ്‌പെക്ടറേറ്റിന്റെയും റിപ്പോര്‍ട്ടുകള്‍ നിര്‍ണായകമാണ്.