ടൈം മാഗസിന്റെ 2022ലെ വുമൻ ഓഫ് ദ് ഇയറായി അഫ്ഗാൻ മാധ്യമ പ്രവർത്തക സാഹ്റ ജോയയെ തിരഞ്ഞെടുത്തു. അഫ്ഗാന്‍ വനിതകളുടെ ജീവിതത്തെ ആസ്പദമാക്കി സാഹ്റ ചെയ്ത റിപ്പോർട്ടാണ് സാഹ്റക്ക് ഈ നേട്ടം ലഭിച്ചത്. ലോക ശ്രദ്ധ നേടിയ റിപ്പോർട്ടായിരുന്നു അത്. റുക്ഷാന ഏജൻസിക്കു വേണ്ടിയാണ് സാഹ്റ ആ റിപ്പോർട്ട് തയ്യാറാക്കിയത്. താലിബാനു കീഴിലുള്ള സ്ത്രീകളുടെ ജീവിതം എത്ര ദുസ്സഹമാണെന്ന് റിപ്പോർട്ടുകളിലൂടെ അവർ ലോകത്തോട് വിളിച്ചു പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ വനിതാ മാധ്യമ പ്രവർത്തകരുടെ സംഘം നൽകുന്ന റിപ്പോർട്ടുകൾ യുകെയിൽ നിന്നാണ് ജോയ പ്രസിദ്ധീകരിച്ചത്. നിലവിൽ യുകെയിൽ അഭയാർഥിയായി താമസിക്കുകയാണ് സാഹ്റ.
2021 ഓഗസ്റ്റില്‍ അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ സ്ത്രീകളുടെ ജീവിതം തന്നെ ദുസ്സഹമായി. വിവാഹ മോചിതരായ സ്ത്രീകൾക്ക് നേരെയും വനിതാ പൊലീസ് ഓഫിസർമാർക്ക് നേരെയും താലിബാന്റെ ഭരണത്തിൽ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. കാബൂളിൻ നിന്നും ലണ്ടനിലെത്തിയ ശേഷവും താലിബാനെതിരെ എഴുത്തിലൂടെയുള്ള തന്റെ പ്രതിഷേധ പോരാട്ടം ജോയ തുടർന്നിരുന്നു. 2020ലാണ് ജോയ റുക്ഷാന വാർത്താ ഏജൻസിയിൽ പ്രവർത്തിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ വാർത്താ ഏജൻസിയാണ് റുക്ഷാന.
അഫ്ഗാനിസ്ഥാനിലെ വിവിധയിടങ്ങളിലെ സ്ത്രീ ജീവിതമാണ് റുക്ഷാന പ്രസിദ്ധീകരിക്കുന്നത്. സ്ത്രീകളുടെ ദുസ്സഹമായ ജീവിതകഥ പ്രസിദ്ധീകരിച്ചതേടെ ജോയയും വനിതാ മാധ്യമപ്രവർത്തകരുടെ സംഘത്തിനും എതിരെ വിവിധ കോണുകളിൽ നിന്ന് ഭീഷണികള്‍ ഉയർന്നു തുടങ്ങി. എന്നാൽ അതിൽ തളരാതെ ജോയയുടെ സംഘം രഹസ്യമായി ജോലി തുടർന്നു.
‘ഒരു വനിതയായി അഫ്ഗാനിസ്ഥാനിൽ ജീവിക്കാൻ കഴിയില്ല. മാധ്യമ പ്രവർത്തക കൂടിയാകുമ്പോൾ പ്രതിസന്ധികൾ ഇരട്ടിയാകും. ഞങ്ങളുെട റിപ്പോർട്ടിങ് വരെ അവർ ഇല്ലാതാക്കി. വനിതാ മാധ്യമ പ്രവർത്തകരെ ഹിജാബ് ധരിക്കാൻ താലിബാൻ നിർബന്ധിച്ചു. സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതിൽ വിലക്ക് ഏർപ്പെടുത്തി. ചിലയിടങ്ങളിൽ റേഡിയോയിൽ സ്ത്രീകളുടെ ശബ്ദം പ്രേക്ഷപണം ചെയ്യുന്നതു പോലും നിരോധിച്ചു. പക്ഷേ, ഞങ്ങൾ അവിടെയുള്ള സ്ത്രീകളുടെ ദുരവസ്ഥ ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും.’– ജോയ പറഞ്ഞു.
ടൈംസിന്റെ വുമൺ ഓഫ് ദ ഇയർ ലക്കത്തിനായി ആഞ്ജലീന ജോളിയാണ് ജോയയെ അഭിമുഖം നടത്തിയത്. ‘ആദ്യമായി താലിബാൻ ഭരണകൂടം അഫ്ഗാനിസ്ഥാനിൽ എത്തിയപ്പോൾ ഞാൻ ഒരു ചെറിയകുട്ടിയായിരുന്നു. എന്നെ സ്‌കൂളിൽ പോകാൻ പോലും അവർ അനുവദിച്ചിരുന്നില്ല. എന്നാൽ എനിക്ക് പഠിക്കണമായിരുന്നു’ എന്ന് ജോളിയോട് സംസാരിക്കവെ പത്രപ്രവർത്തകൻ പറഞ്ഞു.
1992-ൽ ബാമിയാൻ പ്രവിശ്യയിലെ ഒരു ഹസാര കുടുംബത്തിൽ ഒരു ചെറിയ ഗ്രാമീണ ഗ്രാമത്തിലാണ് സാഹ്റ ജോയ ജനിച്ചത്. താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുക്കുമ്പോൾ അവർക്ക് 5 വയസ്സായിരുന്നു. അക്കാലത്ത് ഭരണകൂടം പെൺകുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചിരുന്നു. എന്നാൽ പഠിക്കാൻ ദൃഢനിശ്ചയം ചെയ്ത ജോയ ആൺകുട്ടികളുടെ വസ്ത്രം ധരിച്ച് എല്ലാ ദിവസവും സ്കൂളിലേക്ക് പോകും. മുഹമ്മദ് എന്ന പേരിലാണ് ജോയ ദിവസവും തന്റെ ഇളയ അമ്മാവനോടൊപ്പം രണ്ട് മണിക്കൂർ നടന്ന് സ്കൂളിലെത്തിയിരുന്നത്.
എന്നാൽ 2001-ലെ യുഎസ് അധിനിവേശത്തിനുശേഷം അവൾ തന്റെ ആൺ വേഷം ഉപേക്ഷിച്ച് കാബൂളിലെ നിയമവിദ്യാലയത്തിൽ നിയമവിദ്യാർത്ഥിയായി പഠനം പൂർത്തിയാക്കി. ഒരു പ്രോസിക്യൂട്ടറായി പിതാവിന്റെ പാത പിന്തുടരാൻ തീരുമാനിച്ചിരുന്നെങ്കിലും, അഫ്ഗാനിസ്ഥാനിൽ ഒരു വനിതാ റിപ്പോർട്ടർ ആകുന്നതിന്റെ അപകടങ്ങളും ബുദ്ധിമുട്ടുകളും അവഗണിച്ച് അവൾ ഒരു പത്രപ്രവർത്തകയാകാൻ തീരുമാനിച്ചു. 2022-ൽ ആഞ്ജലീന ജോളിയുമായി ടൈംസിന് നൽകിയ അഭിമുഖത്തിൽ, തന്റെ പിതാവ് ഉൾപ്പെടെ തന്റെ കുടുംബത്തിലെ പുരുഷന്മാർ സ്ത്രീകളുടെ അവകാശങ്ങളിൽ വിശ്വസിക്കുന്നവരാണെന്ന് പറഞ്ഞു. സ്വന്തം ജീവനുപോലും ഭീഷണിയാണ് എന്ന് അറിഞ്ഞിട്ടും സ്ത്രീകൾക്ക് വേണ്ടി ഇറങ്ങിത്തിരിച്ച ഇവരെപോലെയുള്ളവർക്ക് തന്നെയാണ് ഈ പുരസ്കാരം നൽകേണ്ടത്.
പെൺ ചിന്തകളിലേക്കും നേട്ടങ്ങളിലേക്കും ഒപ്പം നോവുകളിലേക്കും ലോകത്തിൻറെ ശ്രദ്ധ തുറന്നുവെച്ച ദിവാമാണിന്ന്. ‘Gender equality today for a sustainable tomorrow’- സുസ്ഥിരമായ ഭാവിക്കായി ലിംഗ നീതിയുടെ വർത്തമാനകാലമെന്ന പ്രമേയത്തോടെ ഈ വർഷത്തെ വനിതാ ദിനം നമുക്ക് ആഘോഷിക്കാം.