ഇന്ന് മാർച്ച് 8 ലോകമെബാടും വനിതാ ദിനം ആചരിക്കുകയാണ്. ഇന്ന് സോഷ്യൽ മീഡിയ മുഴുവനും കരുത്തരായ സ്ത്രീ കഥാപാത്രങ്ങൾ ആയിരിക്കും അവരുടെ സ്റ്റാറ്റസും പോസ്റ്റും എല്ലാം.കൂടുതലായും നാം ഓർക്കുന്നത് പല ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയ സ്ത്രീകളെ ആയിരിക്കും.പക്ഷെ അത് ഇന്ന് സൂര്യൻ അസ്തമിക്കുമ്പോൾ തന്നെ അവരുടെ മനസ്സിൽ നിന്നും അവരെ മറക്കും പിന്നെ വീണ്ടും പഴയ പടിയാകുന്നു.പറഞ്ഞു വരുന്നത് മറ്റൊന്നിനെയും കുറിച്ചല്ല ലിംഗസമത്വത്തെ കുറിച്ചാണ്.
സമൂഹത്തിന്റെ കാഴ്ചപാട് തന്നെയാണ് അതിന്റെ പ്രധാന കാരണം.സന്ധ്യ മയങ്ങിയാൽ സ്ത്രീ വീട്ടിൽ കയറണം അല്ലെങ്കിൽ അവൾക്ക് കാത്തിരിക്കുന്നത് വലിയ ദുരന്തo.ഈ കാഴ്ചപ്പാടിന് എത്ര പുരോഗമന കാലം വന്നാലും ഇവിടെ ഉത്തരം കിട്ടാൻ പോകുന്നില്ല.ഒരു ആണിന്റെ കീഴിൽ പെൺ എപ്പോഴും സുരക്ഷിതമായിരിക്കും എന്ന് പറഞ്ഞ് പഠിപ്പിച്ച തന്ന പഴമക്കാർ തന്നെ ആയിരിക്കും അതിന് പ്രധാന കാരണം.എല്ലാ വർഷവും ഒരു വനിതാ ദിനം വരാൻ ഓരോരുത്തരും കാത്തിരിക്കും ”സ്ത്രീ അമ്മയാണ്…പെങ്ങളാണ് ദേവിയാണ്” എന്നൊക്കെ പറഞ്ഞ് അവർ ആ ദിവസം ആഘോഷിക്കും. പക്ഷെ അവരും ഒരു മനുഷ്യരാണ് എന്ന് പറയാനുള്ള മനസ് ഇവിടെ എത്ര പേർക്ക് ഉണ്ട്? സത്യത്തിൽ ലിംഗസമത്വം ഇവിടെ നടപ്പാക്കുന്നുണ്ടോ?അങ്ങനെ ഒരു വനിതാ ദിനം കൂടി കടന്നു പോകുമ്പോൾ നിരവധി ചോദ്യങ്ങൾക്കാണ് നാം ഉത്തരം കിട്ടാതെ അലയുന്നത്.
ലോകം മുഴുവനും ദേശീയ പാർലമെന്റുകളിലെ സ്ത്രീകളുടെ ശതമാനം 25.8% ആണ് (ഒക്ടോബർ 2021). വനിതാ ഗവൺമെന്റ് മന്ത്രിമാരുടെ ശതമാനം 21% ആണ്. ലോകത്താകമാനം ആകെ 14 രാജ്യങ്ങളാണ് 50% അല്ലെങ്കിൽ അതിൽ കൂടുതൽ സ്ത്രീകളെ കാബിനറ്റുകളിൽ ഉൾപ്പെടുത്തുന്നത്. (ജനുവരി 2020). ആഗോളതലത്തിൽ സ്ത്രീകളുടെ ശരാശരി തൊഴിൽ വേതനം പുരുഷന്മാരേക്കാൾ 16% കുറവാണ് എന്നത് വലിയൊരു വിവേചനം തന്നെയാണ്. പ്രതിമാസ വേതനത്തിലാണ് അസമത്വം കൂടുതലായി പ്രതിപാദിക്കുന്നത്.ഇത് വെറുമൊരു കണക്കല്ല. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ കൂടിയാണ്, ലോകം സാങ്കേതികരംഗത്തും ആരോഗ്യരംഗത്തും അങ്ങനെ തുടങ്ങി എല്ലാ മേഖലകളിലും മനുഷ്യർ ഏറെ ഉയർച്ച കൈവരിക്കുമ്പോഴും സ്ത്രീകളോടുള്ള സമീപനത്തിൽ ലോകം ഇപ്പോഴും തുല്യനീതിയല്ല കാണിക്കുന്നത്.
നല്ല ഉയർന്ന വിദ്യാഭ്യാസ നിലവാരമുള്ള സ്ത്രീകൾക്ക് പോലും തൊഴിലിൽ ലിംഗപരമായ വിവേചനകൾ നേരിടേണ്ടി വരുന്നുണ്ട്.ആ വിവേചനം അറിയണമെങ്കിൽ കൊടുക്കുന്ന തൊഴിൽ വേതനം നോക്കിയാൽ മതിയാകും . കായികമായും ബുദ്ധി ഉപയോഗിച്ചും അധികാരം ലഭിക്കുന്ന പല ജോലികളും പുരുഷന് മാത്രമായി മാറ്റിവയ്ക്കപ്പെടുന്ന ഒരു കാഴ്ച്ചപ്പാട് നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കപ്പെടുന്നുണ്ട്. “അവൾ ഇതിന് പറ്റിയതല്ല”..”അവളെ കൊണ്ട് ഇത് ഒന്നും പറ്റൂല സാറെ” എന്നൊക്കെ പറഞ്ഞ് പല രീതിയിലും അവരെ മാറ്റി നിർത്തപ്പെടുന്നു.
അതിന് ഈ സമൂഹം കാരണമായി പറയുന്നതോ, ഈ ജോലികളിൽ പ്രവേശിച്ചാൽ പിന്നെ കുടുംബ ജീവിതം ശരിയാവത്തില്ല നാട്ടുകാർ എന്ത് വിചാരിക്കും.ഇതൊക്കെയാണ് ഇവരുടെ ന്യായികരണങ്ങൾ. അതുപോലെ തന്നെ പെൺകുട്ടികളെ ജോലിക്ക് എടുക്കുമ്പോൾ പലപ്പോഴും കേൾക്കുന്ന ഒരു കേൾവി കൂടി ഉണ്ട്: “പെമ്പിള്ളേരാകുമ്പോൾ ഒരിടത്ത് അടങ്ങിയൊതുങ്ങി നിന്നോളും ” സ്ത്രീകൾ ജോലി ചെയ്യുന്ന ഇടങ്ങളിൽ സമരങ്ങളോ, മറ്റ് വേതന വർധനവിനായുള്ള മുറവിളിയോ കേൾക്കാറില്ലത്രേ!! എന്നും ഇവർ പറയുന്നു.
ഇങ്ങനെ സ്ത്രീകളോടുള്ള കടുത്ത വിവേചനങ്ങൾ അവസാനിപ്പിച്ച് വിദ്യാഭ്യാസത്തിനും തൊഴിൽ അവസരങ്ങൾക്കും തുല്യമായ പ്രവേശനം നൽകുക, തുല്യവേതനം നൽകുക, എന്ന് ഉറക്കെ ആവശ്യപ്പെടുന്നതാണ് ഈ പ്രമേയം വഴി ഉദ്ദേശിക്കുന്നത്. നമ്മുടെ രാഷ്ട്രത്തിനെ ഒരുപാട് മാറ്റിമറിച്ച വനിതകൾ ഉദാഹരണങ്ങളായി നമുക്ക് മുന്നിലായി ഉള്ളപ്പോഴും, അവൾ പലപ്പോഴും ഉയർന്ന വിദ്യാഭ്യാസവും ഉന്നതപദവിയും നേടുന്നതിൽ നിന്ന് മാറ്റിനിർത്തപ്പെടുകയും. ഒടുവിൽ അവർ കുടുംബവും നോക്കി പ്രസവവും, കുഞ്ഞുങ്ങളുമൊക്കെയായി സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്നു. ഇപ്പോൾ നമ്മുടെ രാഷ്ട്രത്തിന് തന്നെ ആവശ്യമുള്ള പല മിടുക്കികളായ പെൺകുട്ടികളും സ്ത്രീകളും അവരുടെ നല്ലകാലം അടുക്കളയുടെ നാല് ചുവരുകൾക്കിടയിൽ കഴിച്ചു കൂട്ടുകയാണ്.
അങ്ങനെ ലോകം ഇപ്പോൾ വലിയ പ്രതിസന്ധി കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധവും കോവിഡും ഉണ്ടാക്കിയ സാമ്പത്തികപ്രതിസന്ധി മുതൽ പ്രകൃതിദുരന്തങ്ങൾ വരെയുള്ള അപ്രതീക്ഷിത പ്രശ്നങ്ങളെ ധൈര്യസമേതം അഭിമുഖീകരിക്കാനും, അവ തരണം ചെയ്യാനും പുരുഷനൊപ്പം അതേ തോതിൽ സ്ത്രീകളുടെ കഴിവും മനസാന്നിധ്യവും ഉപയോഗിക്കപ്പെടേണ്ടത് സമൂഹത്തിന് വളരെ അത്യാവശ്യമാണ്.മനുഷ്യരെ രണ്ടായി തിരിച്ച് കാണാതെ എല്ലാവരെയും ഒരുപോലെ കാണുന്നത് സമൂഹത്തിന് വലിയ ഉയർച്ച തന്നെ സമ്മാനിക്കും.”ഒത്തു പിടിച്ചാൽ മലയും പോരും” എന്ന പഴഞ്ചൊല്ല് ഇപ്പോൾ ഓർക്കുന്നു.അത്കൊണ്ട് തുല്യത നമ്മൾ സ്വയം തെളിയിച്ച് നേടിയെടുക്കേണ്ടത് ഇപ്പോഴത്തെ കാലഘട്ടത്ത് വളരെ അനിവാര്യമാണ്.