ഒരു പതിറ്റാണ്ടിലധികം കാലം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ രാഷ്ട്രീയ നേതാവായും സമുദായ നേതാവായും ആത്മീയാചാര്യനായും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു. തീരുമാനങ്ങളെടുക്കുന്നതിലും അത് നടപ്പിലാക്കുന്നതിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. 12 വർഷമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.
മുഹമ്മദലി ശിഹാബ് തങ്ങൾ വിട വാങ്ങിയപ്പോൾ കൊടപ്പനക്കല്‍ തറവാടിന്റെ ഉമ്മറം ശൂന്യമായിരുന്നു. തങ്ങൾക്ക് ശേഷം ആ ശൂന്യത ഇല്ലാതായത് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യമായിരുന്നു. അന്ന് മുതൽ ഇന്നുവരെ ആ ഉമ്മറം പാവപ്പെട്ടവരുടെ കൊട്ടാരമായിരുന്നു. ഏഴരപതിറ്റാണ്ടുകാലം ഒരു ജനതയുടെ ആധികളും പരാതികളും ഉതിര്‍ന്നുവീണ ആ മേശപ്പുറം ഇനി ശൂന്യമാണ്. പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ ഉമ്മറത്ത് ഇനി ഹൈദരലി ശിഹാബ് തങ്ങൾ എന്ന ആ വലിയ മനുഷ്യൻ ഉണ്ടാകില്ല. ഇന്ന് ഉച്ചയോടെയാണ് ആ ഞെട്ടിക്കുന്ന വാർത്ത നാടറിഞ്ഞത്.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് തങ്ങളുടെ അന്ത്യം. ഒരു വർഷക്കാലമായി പാണക്കാട് തങ്ങൾ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്. ലീഗിന്റെ ഉന്നതാധികാര സമിതിയിൽ പോലും അദ്ദേഹം വന്നിരുന്നില്ല. ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.
മാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെയും ആയിശബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15ന് ഹൈദരലി ശിഹാബ് തങ്ങൾ ജനിച്ചു. പാണക്കാട്ടെ പ്രാഥമിക പഠനത്തിനു ശേഷം, കോഴിക്കോട് മദ്‌റസത്തുല്‍ മുഹമ്മദിയയില്‍ ഹൈസ്‌കൂള്‍ പഠനം. തുടര്‍ന്ന് മതപഠനരംഗത്തേക്ക്. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിലെ പഠനകാലമാണ് ഹൈദരലി തങ്ങളിലെ പൊതുപ്രവര്‍ത്തകനെ പുറത്തുകൊണ്ടുവന്നത്. 1973 ല്‍ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ ആദ്യ അമരക്കാരനായി. തുടര്‍ന്നങ്ങോട്ട് സമൂഹത്തിന്റെയും സമുദായത്തിന്റെയും എണ്ണമറ്റ നേതൃചുമതലകള്‍. കൃത്യനിര്‍വഹണത്തിലെ മികവുകൊണ്ട് മാതൃക തീര്‍ത്ത്, ആ കുറിയ മനുഷ്യന്‍ മുന്നേ തന്നെ നടന്നു.
സഹോദരന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ചതിനെത്തുടര്‍ന്ന് 2009ലാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. ഒന്നര പതീറ്റാണ്ടിലേറെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ച ശേഷമാണ് ഹൈദരലി ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. പൊതുവെ സൗമ്യനായ തങ്ങള്‍, പക്ഷെ തീരുമാനങ്ങളെടുക്കുന്നതിലും അത് നടപ്പിലാക്കുന്നതിലും കാര്‍ക്കശ്യത്തോടെ പെരുമാറിയ നേതാവായിരുന്നു. സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ച 12 വര്‍ഷം ആ കരുത്തും നേതൃപാടവും പാര്‍ട്ടി അണികളും പൊതുസമൂഹവും ഒരുപോലെ അനുഭവിച്ചറിഞ്ഞു.
ഒരു പതിറ്റാണ്ടിലേറെ മുസ്ലിം ലീഗിനെ നയിച്ച നേതാവാണ് വിടവാങ്ങിയത്. ലീഗ് രാഷ്ട്രീയ നേതാവ് എന്നതിലുപരി ഇസ്ലാം മതകാര്യങ്ങളെ നയിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലിം ലീഗിനെ സംബന്ധിച്ച് വലിയ നഷ്ടമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട്. മനുഷ്യരുടെ കഷ്ടതകളിലും വേദനകളിലും എന്നും കൂടെനിന്ന അദ്ദേഹം ദയയും അനുതാപവും വേണ്ടുവോളമുണ്ടായിരുന്ന, ജനാധിപത്യ മതേതര കേരളത്തിന്റെ ശക്തിയായി എക്കാലവും നിലകൊണ്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച നായകനാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്. ആ വിയോഗം കേരളത്തിനുണ്ടാക്കിയിട്ടുള്ള നഷ്ടം വളരെ വലുതാണ്.