മലയാളികളുടെ പ്രിയപ്പെട്ട നടൻ കലാഭവൻ മണി ഓർമയായിട്ട് ഇന്ന് ആറ് വർഷം പിന്നിടുന്നു. ചിരിപ്പിച്ചും കരയിച്ചും മലയാളികളുടെ മനസിൽ ഇടം പിടിച്ച കലാഭവൻ മണി നാടൻ പാട്ടിലൂടെയും ജനമനസുകളിൽ ഇടം പിടിച്ചു. എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യാൻ കഴിവുള്ള പ്രതിഭാശാലിയായ കലാകാരനായിരുന്നു നമ്മുടെ മണിച്ചേട്ടൻ. ഹാസ്യകഥാപാത്രങ്ങളിലൂടെ താരം സിനിമയിലെത്തി. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനയമാരംഭിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകർ മണിയെ തേടിയെത്തി.
ഉദ്യാനപാലകൻ, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളിൽ വളരെ സീരിയസ് വേഷമായിരുന്നു മണി ചെയ്തിരുന്നത്. വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തിൽ മണി നായകനായി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മണി പ്രേക്ഷകരെ കൈയിലെടുത്തു. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് മണി തിളങ്ങി നിന്നത്. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകൾ ഒന്നും തന്നെയില്ല. ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുക എന്ന് തന്റെ കഥാപാത്രങ്ങളിലൂടെ മണി തെളിയിച്ചു തന്നതാണ്. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ മണി കാണികളെ രസിപ്പിച്ചു.
ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്തതനിറഞ്ഞ വില്ലൻ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകർക്കു പ്രിയങ്കരനായി. രജനീകാന്ത്, കമൽഹാസൻ, ഐശ്വര്യാ റായ്, വിക്രം തുടങ്ങി ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും മണി അഭിനയിച്ചു. നാടൻ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനുണ്ടായിരുന്നില്ല. ഒരുപാട് സിനിമകളിലെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. ദേശീയ പുരസ്‌കാരം മുതലിങ്ങോട്ട് നിരവധി അവാർഡുകളും മണിയെ തേടിയെത്തി. ചാലക്കുടി നഗരത്തിലെ ഓട്ടോ ഡ്രൈവറിൽ നിന്നും അഭ്രപാളിയിലെ പകർന്നാട്ടങ്ങളിലേക്കെത്തിയ മണി നാടൻ പാട്ടിന്റെ ചൂടും ചൂരും നെഞ്ചിലേറ്റി. ഇന്നും മണിയുടെ ഒട്ടനവധി നാടൻപാട്ടുകൾ പ്രായഭേദമന്യേ മലയാളികളുടെ മനസ്സിൽ ഈണം പിടിക്കുകയാണ്. ലോകത്തെവിടെ ചെന്നാലും മലയാളികൾക്കിടയിൽ കലാഭവൻ മണിക്കുണ്ടായിരുന്ന ജനപ്രീതി ചെറുതല്ല.
മിമിക്രിയിലൂടെ, സിനിമകളിലൂടെ, സ്റ്റേജ് ഷോകളിലൂടെ, ചാനൽ പരിപാടികളിലൂടെ മണി നമ്മെ രസിപ്പിച്ചു. ബിഗ് സ്‌ക്രീനിൽ ചിരിപ്പിച്ചും കരയിപ്പിച്ചും സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ചു. നായകനും വില്ലനും സഹനടനും കോമേഡിയനായും ചെയ്യുന്ന കഥാപാത്രങ്ങൾക്കൊക്കെയും ജീവൻ നൽകി. പോയ കാലത്തിന്റെ വറുതിയിൽ നിന്നും ഊർജം ഉൾക്കൊണ്ട കലാകാരനെന്നതുകൊണ്ട് തന്നെ സാധാരണക്കാർക്കിടയിൽ ഇറങ്ങി അവരിലൊരാളായാണ് മണി ജീവിച്ചത്. തെന്നിന്ത്യൻ സിനിമയിൽ മണിക്ക് തുല്യം മണി മാത്രമായി. ഓട്ടപ്പാച്ചിലിനിടയിലും, താരമുഖം കൈവന്നപ്പോഴും ചാലക്കുടി വിട്ടുപോകാൻ മണിക്കായില്ല.
മണ്ണും പുഴയും നെഞ്ചോടെന്നും ചേർത്തുവച്ചു. ഉയർച്ചയിലും താഴ്ചയിലും മണ്ണിലമർന്നുനിന്നു. പക്ഷെ, വരവുപോലെ തന്നെ തിരികെനടന്നതും പെട്ടന്നായിരുന്നു. 2016 മാർച്ച് ആറിന് അപ്രതീക്ഷിതമായി ആ മണിനാദം നിലച്ചു. തനിക്കേറെ പ്രിയപ്പെട്ട പാടിയിൽ വെച്ചായിരുന്നു കലാഭവൻ മണിയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. പിന്നീട് അദ്ദേഹം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. വർഷങ്ങൾ എത്ര കഴിഞ്ഞാലും കലാഭവൻ മണി മലയാളി ഹൃദയങ്ങളിൽ ഒരു മണിമുഴക്കമായി ജീവിക്കും.